ദാനീയേൽ 4:10-18

ദാനീയേൽ 4:10-18 MALOVBSI

കിടക്കയിൽവച്ച് എനിക്കുണ്ടായ ദർശനമാവിത്: ഭൂമിയുടെ നടുവിൽ ഞാൻ ഒരു വൃക്ഷം കണ്ടു; അത് ഏറ്റവും ഉയരമുള്ളതായിരുന്നു. ആ വൃക്ഷം വളർന്നു ബലപ്പെട്ടു; അത് ആകാശത്തോളം ഉയരമുള്ളതും സർവഭൂമിയുടെയും അറ്റത്തോളം കാണാകുന്നതും ആയിരുന്നു. അതിന്റെ ഇല ഭംഗിയുള്ളതും ഫലം അനവധിയും ആയിരുന്നു; എല്ലാവർക്കും അതിൽ ആഹാരം ഉണ്ടായിരുന്നു; കാട്ടുമൃഗങ്ങൾ അതിന്റെ കീഴെ തണലിളച്ചുവന്നു; ആകാശത്തിലെ പക്ഷികൾ അതിന്റെ കൊമ്പുകളിൽ വസിച്ചു; സകല ജഡവും അതുകൊണ്ട് ഉപജീവനം കഴിച്ചുപോന്നു. കിടക്കയിൽവച്ച് എനിക്കുണ്ടായ ദർശനത്തിൽ ഒരു ദൂതൻ, ഒരു പരിശുദ്ധൻ തന്നെ, സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നതു ഞാൻ കണ്ടു. അവൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്: വൃക്ഷം വെട്ടിയിട്ട്, അതിന്റെ കൊമ്പു മുറിച്ച്, ഇല കുടഞ്ഞ്, കായ് ചിതറിച്ചു കളവിൻ; അതിന്റെ കീഴിൽനിന്നു മൃഗങ്ങളും കൊമ്പുകളിൽനിന്നു പക്ഷികളും പൊയ്ക്കൊള്ളട്ടെ. അതിന്റെ തായ്‍വേരോ വയലിലെ ഇളമ്പുല്ലിൽ ഇരുമ്പും താമ്രവുംകൊണ്ടുള്ള ബന്ധനത്തോടെ ഭൂമിയിൽ വച്ചേക്കുവിൻ; അവൻ ആകാശത്തിലെ മഞ്ഞുകൊണ്ടു നനയട്ടെ; അവനു മൃഗങ്ങളോടുകൂടെ നിലത്തെ പുല്ല് ഉപജീവനം ആയിരിക്കട്ടെ. അവന്റെ മാനുഷസ്വഭാവം മാറി മൃഗസ്വഭാവമായിത്തീരട്ടെ; അങ്ങനെ അവന് ഏഴു കാലം കഴിയട്ടെ. അത്യുന്നതനായവൻ മനുഷ്യരുടെ രാജത്വത്തിന്മേൽ വാഴുകയും അതിനെ തനിക്കു ബോധിച്ചവനു കൊടുക്കയും മനുഷ്യരിൽ അധമനായവനെ അതിന്മേൽ വാഴിക്കയും ചെയ്യുന്നു എന്നു ജീവനോടിരിക്കുന്നവർ അറിയേണ്ടതിന് ഈ വിധി ദൂതന്മാരുടെ നിർണയവും കാര്യം വിശുദ്ധന്മാരുടെ കല്പനയും ആകുന്നു. നെബൂഖദ്നേസർരാജാവായ ഞാൻ ഈ സ്വപ്നം കണ്ടു; എന്നാൽ ബേൽത്ത്ശസ്സരേ, എന്റെ രാജ്യത്തിലെ വിദ്വാന്മാർക്ക് ആർക്കും അതിന്റെ അർഥം അറിയിപ്പാൻ കഴിയായ്കകൊണ്ടു നീ അതിന്റെ അർഥം അറിയിച്ചുതരേണം; വിശുദ്ധദേവന്മാരുടെ ആത്മാവ് നിന്നിൽ ഉള്ളതുകൊണ്ടു നീ അതിനു പ്രാപ്തനാകുന്നു.