ദാനീയേൽ 2:31-45

ദാനീയേൽ 2:31-45 MALOVBSI

രാജാവ് കണ്ട ദർശനമോ: വലിയൊരു ബിംബം; വലിപ്പമേറിയതും വിശേഷശോഭയുള്ളതുമായ ആ ബിംബം തിരുമുമ്പിൽ നിന്നു; അതിന്റെ രൂപം ഭയങ്കരമായിരുന്നു. ബിംബത്തിന്റെ തല തങ്കംകൊണ്ടും നെഞ്ചും കൈയും വെള്ളികൊണ്ടും വയറും അരയും താമ്രംകൊണ്ടും തുട ഇരുമ്പുകൊണ്ടും കാൽ പാതി ഇരുമ്പുകൊണ്ടും പാതി കളിമണ്ണുകൊണ്ടും ആയിരുന്നു. തിരുമനസ്സുകൊണ്ടു നോക്കിക്കൊണ്ടിരിക്കുമ്പോൾ കൈ തൊടാതെ ഒരു കല്ല് പറിഞ്ഞുവന്നു ബിംബത്തെ ഇരുമ്പും കളിമണ്ണും കൊണ്ടുള്ള കാലിൽ അടിച്ചു തകർത്തുകളഞ്ഞു. ഇരുമ്പും കളിമണ്ണും താമ്രവും വെള്ളിയും പൊന്നും ഒരുപോലെ തകർന്ന് വേനൽക്കാലത്തു കളത്തിലെ പതിർപോലെ ആയിത്തീർന്നു, ഒരിടത്തും തങ്ങാതവണ്ണം കാറ്റ് അവയെ പറപ്പിച്ചു കൊണ്ടുപോയി; ബിംബത്തെ അടിച്ച കല്ല് ഒരു മഹാപർവതമായിത്തീർന്നു ഭൂമിയിലൊക്കെയും നിറഞ്ഞു. ഇതത്രേ സ്വപ്നം; അർഥവും അടിയങ്ങൾ തിരുമനസ്സ് അറിയിക്കാം. രാജാവേ, തിരുമനസ്സുകൊണ്ടു രാജാധിരാജാവാകുന്നു; സ്വർഗസ്ഥനായ ദൈവം തിരുമനസ്സിലേക്കു രാജത്വവും ഐശ്വര്യവും ശക്തിയും മഹത്ത്വവും നല്കിയിരിക്കുന്നു. മനുഷ്യർ പാർക്കുന്നേടത്തൊക്കെയും അവരെയും കാട്ടിലെ മൃഗങ്ങളെയും ആകാശത്തിലെ പക്ഷികളെയും അവൻ തൃക്കൈയിൽ തന്ന്, എല്ലാറ്റിനും തിരുമനസ്സിലെ അധിപതി ആക്കിയിരിക്കുന്നു; പൊന്നുകൊണ്ടുള്ള തല തിരുമനസ്സുകൊണ്ടു തന്നെ. തിരുമനസ്സിലെ ശേഷം തിരുമേനിയെക്കാൾ താണതായ മറ്റൊരു രാജത്വവും സർവഭൂമിയിലും വാഴുവാനിരിക്കുന്നതായി താമ്രംകൊണ്ടുള്ള മൂന്നാമതൊരു രാജത്വവും ഉദ്ഭവിക്കും. നാലാമത്തെ രാജത്വം ഇരുമ്പുപോലെ ബലമുള്ളതായിരിക്കും; ഇരുമ്പു സകലത്തെയും തകർത്തു കീഴടക്കുന്നുവല്ലോ. തകർക്കുന്ന ഇരുമ്പുപോലെ അത് അവയെയൊക്കെയും ഇടിച്ചു തകർത്തുകളയും. കാലും കാൽവിരലും പാതി കളി മണ്ണും പാതി ഇരുമ്പുംകൊണ്ടുള്ളതായി കണ്ടതിന്റെ താൽപര്യമോ: അത് ഒരു ഭിന്നരാജത്വം ആയിരിക്കും; എങ്കിലും ഇരുമ്പും കളിമണ്ണും ഇടകലർന്നതായി കണ്ടതുപോലെ അതിൽ ഇരുമ്പിനുള്ള ബലം കുറെ ഉണ്ടായിരിക്കും. കാൽവിരൽ പാതി ഇരുമ്പും പാതി കളിമണ്ണുംകൊണ്ട് ആയിരുന്നതുപോലെ രാജത്വം ഒട്ടു ബലമുള്ളതും ഒട്ടു ഉടഞ്ഞുപോകുന്നതും ആയിരിക്കും. ഇരുമ്പും കളിമണ്ണും ഇടകലർന്നതായി കണ്ടതിന്റെ താൽപര്യമോ: അവർ മനുഷ്യബീജത്താൽ തമ്മിൽ ഇടകലരുമെങ്കിലും ഇരുമ്പും കളിമണ്ണും തമ്മിൽ ചേരാതിരിക്കുന്നതുപോലെ അവർ തമ്മിൽ ചേരുകയില്ല. ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറേ ഒരു ജാതിക്ക് ഏല്പിക്കപ്പെടുകയില്ല; അത് ഈ രാജത്വങ്ങളെയൊക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും. കൈ തൊടാതെ ഒരു കല്ല് പർവതത്തിൽനിന്നു പറിഞ്ഞുവന്ന് ഇരുമ്പും താമ്രവും കളിമണ്ണും വെള്ളിയും പൊന്നും തകർത്തുകളഞ്ഞതായി കണ്ടതിന്റെ താൽപര്യമോ: മഹാദൈവം മേലാൽ സംഭവിപ്പാനുള്ളതു രാജാവിനെ അറിയിച്ചിരിക്കുന്നു; സ്വപ്നം നിശ്ചയവും അർഥം സത്യവും ആകുന്നു.