പത്രൊസ് എല്ലാടവും സഞ്ചരിക്കയിൽ ലുദ്ദയിൽ പാർക്കുന്ന വിശുദ്ധന്മാരുടെ അടുക്കലും ചെന്നു; അവിടെ പക്ഷവാതം പിടിച്ച് എട്ടു സംവത്സരമായി കിടപ്പിൽ ആയിരുന്ന ഐനെയാസ് എന്നു പേരുള്ളൊരു മനുഷ്യനെ കണ്ടു. പത്രൊസ് അവനോട്: ഐനെയാസേ, യേശുക്രിസ്തു നിന്നെ സൗഖ്യമാക്കുന്നു; എഴുന്നേറ്റു താനായി തന്നെ കിടക്ക വിരിച്ചുകൊൾക എന്നു പറഞ്ഞു; ഉടനെ അവൻ എഴുന്നേറ്റു. ലുദ്ദയിലും ശാരോനിലും പാർക്കുന്നവർ എല്ലാവരും അവനെ കണ്ടു കർത്താവിങ്കലേക്കു തിരിഞ്ഞു. യോപ്പയിൽ പേടമാൻ എന്നർഥമുള്ള തബീഥാ എന്നു പേരുള്ളൊരു ശിഷ്യ ഉണ്ടായിരുന്നു; അവൾ വളരെ സൽപ്രവൃത്തികളും ധർമങ്ങളും ചെയ്തുപോന്നവളായിരുന്നു. ആ കാലത്ത് അവൾ ദീനം പിടിച്ചു മരിച്ചു; അവർ അവളെ കുളിപ്പിച്ച് ഒരു മാളികമുറിയിൽ കിടത്തി. ലുദ്ദ യോപ്പയ്ക്കു സമീപമാകയാൽ പത്രൊസ് അവിടെ ഉണ്ടെന്നു ശിഷ്യന്മാർ കേട്ടു: നീ താമസിയാതെ ഞങ്ങളുടെ അടുക്കലോളം വരേണം എന്ന് അപേക്ഷിപ്പാൻ രണ്ട് ആളെ അവന്റെ അടുക്കൽ അയച്ചു. പത്രൊസ് എഴുന്നേറ്റ് അവരോടുകൂടെ ചെന്നു. എത്തിയപ്പോൾ അവർ അവനെ മാളികമുറിയിൽ കൊണ്ടുപോയി; അവിടെ വിധവമാർ എല്ലാവരും കരഞ്ഞുകൊണ്ടും തബീഥാ തങ്ങളോടുകൂടെ ഉള്ളപ്പോൾ ഉണ്ടാക്കിയ കുപ്പായങ്ങളും ഉടുപ്പുകളും കാണിച്ചുകൊണ്ടും അവന്റെ ചുറ്റും നിന്നു. പത്രൊസ് അവരെയൊക്കെയും പുറത്തിറക്കി മുട്ടുകുത്തി പ്രാർഥിച്ചു ശവത്തിന്റെ നേരേ തിരിഞ്ഞു: തബീഥായേ, എഴുന്നേല്ക്ക എന്ന് പറഞ്ഞു; അവൾ കണ്ണുതുറന്നു പത്രൊസിനെ കണ്ട് എഴുന്നേറ്റ് ഇരുന്നു. അവൻ കൈ കൊടുത്ത് അവളെ എഴുന്നേല്പിച്ചു, വിശുദ്ധന്മാരെയും വിധവമാരെയും വിളിച്ച് അവളെ ജീവനുള്ളവളായി അവരുടെ മുമ്പിൽ നിറുത്തി. ഇതു യോപ്പയിൽ എങ്ങും പ്രസിദ്ധമായി, പലരും കർത്താവിൽ വിശ്വസിച്ചു. പിന്നെ അവൻ തോല്ക്കൊല്ലനായ ശിമോൻ എന്ന ഒരുത്തനോടുകൂടെ വളരെനാൾ യോപ്പയിൽ പാർത്തു.
അപ്പൊ. പ്രവൃത്തികൾ 9 വായിക്കുക
കേൾക്കുക അപ്പൊ. പ്രവൃത്തികൾ 9
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: അപ്പൊ. പ്രവൃത്തികൾ 9:32-43
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ