ശൗൽ കർത്താവിന്റെ ശിഷ്യന്മാരുടെനേരേ ഭീഷണിയും കൊലയും നിശ്വസിച്ചുകൊണ്ടു മഹാപുരോഹിതന്റെ അടുക്കൽ ചെന്നു, ദമസ്കൊസിൽ ഈ മാർഗക്കാരായ വല്ല പുരുഷന്മാരെയോ സ്ത്രീകളെയോ കണ്ടാൽ അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുവാൻ തക്കവണ്ണം അവിടത്തെ പള്ളികൾക്ക് അവനോട് അധികാരപത്രം വാങ്ങി. അവൻ പ്രയാണം ചെയ്തു ദമസ്കൊസിനു സമീപിച്ചപ്പോൾ പെട്ടെന്ന് ആകാശത്തുനിന്ന് ഒരു വെളിച്ചം അവന്റെ ചുറ്റും മിന്നി; അവൻ നിലത്തു വീണു; ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത് എന്നു തന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു. നീ ആരാകുന്നു, കർത്താവേ, എന്ന് അവൻ ചോദിച്ചതിന്: നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാൻ. നീ എഴുന്നേറ്റു പട്ടണത്തിൽ ചെല്ലുക; നീ ചെയ്യേണ്ടുന്നത് അവിടെ വച്ചു നിന്നോടു പറയും എന്ന് അവൻ പറഞ്ഞു. അവനോടുകൂടെ പ്രയാണം ചെയ്ത പുരുഷന്മാർ ശബ്ദം കേട്ടു എങ്കിലും ആരെയും കാണാതെ മരവിച്ചുനിന്നു. ശൗൽ നിലത്തുനിന്ന് എഴുന്നേറ്റു കണ്ണുതുറന്നാറെ ഒന്നും കണ്ടില്ല; അവർ അവനെ കൈക്കു പിടിച്ചു ദമസ്കൊസിൽ കൂട്ടിക്കൊണ്ടുപോയി; അവൻ മൂന്നു ദിവസം കണ്ണു കാണാതെയും തിന്നുകയോ കുടിക്കയോ ചെയ്യാതെയും ഇരുന്നു. എന്നാൽ അനന്യാസ് എന്നൊരു ശിഷ്യൻ ദമസ്കൊസിൽ ഉണ്ടായിരുന്നു; അവനെ കർത്താവ് ഒരു ദർശനത്തിൽ: അനന്യാസേ എന്നു വിളിച്ചു. കർത്താവേ, അടിയൻ ഇതാ എന്ന് അവൻ വിളി കേട്ടു. കർത്താവ് അവനോട്: നീ എഴുന്നേറ്റു നേർവീഥി എന്ന തെരുവിൽ ചെന്ന്, യൂദായുടെ വീട്ടിൽ തർസൊസുകാരനായ ശൗൽ എന്നു പേരുള്ളവനെ അന്വേഷിക്ക; അവൻ പ്രാർഥിക്കുന്നു; അനന്യാസ് എന്നൊരു പുരുഷൻ അകത്തു വന്നു താൻ കാഴ്ച പ്രാപിക്കേണ്ടതിന് തന്റെമേൽ കൈ വയ്ക്കുന്നത് അവൻ കണ്ടിരിക്കുന്നു എന്നു കല്പിച്ചു. അതിന് അനന്യാസ്: കർത്താവേ, ആ മനുഷ്യൻ യെരൂശലേമിൽ നിന്റെ വിശുദ്ധന്മാർക്ക് എത്ര ദോഷം ചെയ്തു എന്നു പലരും പറഞ്ഞു ഞാൻ കേട്ടിരിക്കുന്നു. ഇവിടെയും നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരെയൊക്കെയും പിടിച്ചു കെട്ടുവാൻ അവനു മഹാപുരോഹിതന്മാരുടെ അധികാരപത്രം ഉണ്ട് എന്ന് ഉത്തരം പറഞ്ഞു. കർത്താവ് അവനോട്: നീ പോക; അവൻ എന്റെ നാമം ജാതികൾക്കും രാജാക്കന്മാർക്കും യിസ്രായേൽമക്കൾക്കും മുമ്പിൽ വഹിപ്പാൻ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നൊരു പാത്രം ആകുന്നു. എന്റെ നാമത്തിനുവേണ്ടി അവൻ എന്തെല്ലാം കഷ്ടം അനുഭവിക്കേണ്ടതാകുന്നു എന്നു ഞാൻ അവനെ കാണിക്കും എന്നു പറഞ്ഞു. അങ്ങനെ അനന്യാസ് ആ വീട്ടിൽ ചെന്ന് അവന്റെമേൽ കൈ വച്ചു: ശൗലേ, സഹോദരാ, നീ കാഴ്ച പ്രാപിച്ചു പരിശുദ്ധാത്മപൂർണൻ ആകേണ്ടതിനു നീ വന്ന വഴിയിൽ നിനക്കു പ്രത്യക്ഷനായ യേശു എന്ന കർത്താവ് എന്നെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു. ഉടനെ അവന്റെ കണ്ണിൽനിന്നു ചെതുമ്പൽപോലെ വീണു; കാഴ്ച ലഭിച്ച് അവൻ എഴുന്നേറ്റു സ്നാനം ഏല്ക്കയും ആഹാരം കൈക്കൊണ്ടു ബലം പ്രാപിക്കയും ചെയ്തു. അവൻ ദമസ്കൊസിലുള്ള ശിഷ്യന്മാരോടുകൂടെ കുറെനാൾ പാർത്തു, യേശു തന്നെ ദൈവപുത്രൻ എന്നു പള്ളികളിൽ പ്രസംഗിച്ചു. കേട്ടവർ എല്ലാവരും വിസ്മയിച്ചു: യെരൂശലേമിൽ ഈ നാമം വിളിച്ചപേക്ഷിക്കുന്നവർക്കു നാശം ചെയ്തവൻ ഇവനല്ലയോ? ഇവിടെയും അവരെ പിടിച്ചുകെട്ടി മഹാപുരോഹിതന്മാരുടെ അടുക്കൽ കൊണ്ടുപോകുവാനല്ലോ വന്നത് എന്നു പറഞ്ഞു. ശൗലോ മേല്ക്കുമേൽ ശക്തിപ്രാപിച്ചു, യേശുതന്നെ ക്രിസ്തു എന്ന് തെളിയിച്ചു ദമസ്കൊസിൽ പാർക്കുന്ന യെഹൂദന്മാരെ മിണ്ടാതാക്കി.
അപ്പൊ. പ്രവൃത്തികൾ 9 വായിക്കുക
കേൾക്കുക അപ്പൊ. പ്രവൃത്തികൾ 9
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: അപ്പൊ. പ്രവൃത്തികൾ 9:1-22
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ