തെക്കൻകാറ്റു മന്ദമായി ഊതുകയാൽ താൽപര്യം സാധിച്ചു എന്നു തോന്നി, അവർ അവിടെനിന്നു നങ്കൂരം എടുത്തു ക്രേത്തദ്വീപിന്റെ മറപറ്റി ഓടി. കുറെ കഴിഞ്ഞിട്ട് അതിനു വിരോധമായി ഈശാനമൂലൻ എന്ന കൊടുങ്കാറ്റ് അടിച്ചു. കപ്പൽ കാറ്റിന്റെ നേരേ നില്പാൻ കഴിയാതവണ്ണം കുടുങ്ങുകയാൽ ഞങ്ങൾ കൈവിട്ട് അങ്ങനെ പാറിപ്പോയി. ക്ലൌദ എന്ന ചെറിയ ദ്വീപിന്റെ മറപറ്റി ഓടിയിട്ടു പ്രയാസത്തോടെ തോണി കൈവശമാക്കി. അത് വലിച്ചുകയറ്റിയിട്ട് അവർ കപ്പൽ ചുറ്റിക്കെട്ടിയും മറ്റും ഉറപ്പുവരുത്തി; പിന്നെ മണത്തിട്ടമേൽ അകപ്പെടും എന്ന് പേടിച്ചു പായ് ഇറക്കി അങ്ങനെ പാറിപ്പോയി. ഞങ്ങൾ കൊടുങ്കാറ്റിനാൽ അത്യന്തം അലയുകകൊണ്ടു പിറ്റേന്ന് അവർ ചരക്കു പുറത്തുകളഞ്ഞു. മൂന്നാംനാൾ അവർ സ്വന്തം കൈയാൽ കപ്പൽക്കോപ്പും കടലിൽ ഇട്ടുകളഞ്ഞു. വളരെ നാളായിട്ടു സൂര്യനെയോ നക്ഷത്രങ്ങളെയോ കാണാതെയും വല്ലാത്ത കൊടുങ്കാറ്റ് അടിച്ചുകൊണ്ടും ഇരിക്കയാൽ ഞങ്ങൾ രക്ഷപെടും എന്നുള്ള ആശയൊക്കെയും അറ്റുപോയി. അവർ വളരെ പട്ടിണി കിടന്നശേഷം പൗലൊസ് അവരുടെ നടുവിൽ നിന്നുകൊണ്ടു പറഞ്ഞത്: പുരുഷന്മാരേ, എന്റെ വാക്ക് അനുസരിച്ച് ക്രേത്തയിൽനിന്നു നീക്കാതെയും ഈ കഷ്ടനഷ്ടങ്ങൾ സമ്പാദിക്കാതെയും ഇരിക്കേണ്ടതായിരുന്നു. എങ്കിലും ഇപ്പോൾ ധൈര്യത്തോടിരിപ്പാൻ ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു; കപ്പലിന് അല്ലാതെ നിങ്ങളിൽ ആരുടെയും പ്രാണനു ഹാനി വരുകയില്ല. എന്റെ ഉടയവനും ഞാൻ സേവിച്ചുവരുന്നവനുമായ ദൈവത്തിന്റെ ദൂതൻ ഈ രാത്രിയിൽ എന്റെ അടുക്കൽനിന്നു: പൗലൊസേ, ഭയപ്പെടരുത്; നീ കൈസരുടെ മുമ്പിൽ നില്ക്കേണ്ടതാകുന്നു; നിന്നോടുകൂടെ യാത്ര ചെയ്യുന്നവരെയൊക്കെയും ദൈവം നിനക്കു ദാനം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതുകൊണ്ടു പുരുഷന്മാരേ, ധൈര്യത്തോടിരിപ്പിൻ; എന്നോട് അരുളിച്ചെയ്തതുപോലെതന്നെ സംഭവിക്കും എന്ന് ഞാൻ ദൈവത്തെ വിശ്വസിക്കുന്നു. എങ്കിലും നാം ഒരു ദ്വീപിന്മേൽ മുട്ടി വീഴേണ്ടതാകുന്നു.
അപ്പൊ. പ്രവൃത്തികൾ 27 വായിക്കുക
കേൾക്കുക അപ്പൊ. പ്രവൃത്തികൾ 27
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: അപ്പൊ. പ്രവൃത്തികൾ 27:13-26
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ