അപ്പൊ. പ്രവൃത്തികൾ 26:1-11

അപ്പൊ. പ്രവൃത്തികൾ 26:1-11 MALOVBSI

അഗ്രിപ്പാവ് പൗലൊസിനോട്: നിന്റെ കാര്യം പറവാൻ അനുവാദം ഉണ്ട് എന്നു പറഞ്ഞപ്പോൾ പൗലൊസ് കൈ നീട്ടി പ്രതിവാദിച്ചതെന്തെന്നാൽ: അഗ്രിപ്പാരാജാവേ, യെഹൂദന്മാർ എന്റെമേൽ ചുമത്തുന്ന എല്ലാ കുറ്റങ്ങളെയുംകുറിച്ച് ഇന്നു തിരുമുമ്പാകെ പ്രതിവാദിപ്പാൻ ഇടവന്നതുകൊണ്ട്, വിശേഷാൽ നീ യെഹൂദന്മാരുടെ ഇടയിലെ ആചാരങ്ങളും തർക്കങ്ങളും എല്ലാം അറിയുന്നവൻ ആകയാൽ ഞാൻ ഭാഗ്യവാൻ എന്ന് നിരൂപിക്കുന്നു; അതുകൊണ്ട് എന്റെ പ്രതിവാദം ക്ഷമയോടെ കേൾക്കേണമെന്ന് അപേക്ഷിക്കുന്നു. എന്റെ ജാതിക്കാരുടെ ഇടയിലും യെരൂശലേമിലും ആദിമുതൽ ബാല്യം തുടങ്ങിയുള്ള എന്റെ നടപ്പു യെഹൂദന്മാർ എല്ലാവരും അറിയുന്നു. ഞാൻ നമ്മുടെ മാർഗത്തിൽ സൂക്ഷ്മത ഏറിയ മതഭേദപ്രകാരം പരീശനായി ജീവിച്ചു എന്ന് അവർ ആദിമുതൽ അറിയുന്നു; അവർക്കു മനസ്സുണ്ടെങ്കിൽ സാക്ഷ്യം പറയാം. ദൈവത്താൽ നമ്മുടെ പിതാക്കന്മാർക്കു ലഭിച്ചതും നമ്മുടെ പന്ത്രണ്ടു ഗോത്രങ്ങളും രാപ്പകൽ ശ്രദ്ധയോടെ ആരാധിച്ചുകൊണ്ട് എത്തിപ്പിടിപ്പാൻ ആശിക്കുന്നതും ആയ വാഗ്ദത്തത്തിലുള്ള പ്രത്യാശ ഹേതുവായിട്ടത്രേ ഞാൻ ഇപ്പോൾ വിസ്താരത്തിൽ ആയിരിക്കുന്നത്. ആ പ്രത്യാശയെച്ചൊല്ലി ആകുന്നു രാജാവേ, യെഹൂദന്മാർ എന്റെമേൽ കുറ്റം ചുമത്തുന്നത്. ദൈവം മരിച്ചവരെ ഉയിർപ്പിക്കുന്നത് വിശ്വാസയോഗ്യമല്ല എന്ന് നിങ്ങൾക്കു തോന്നുന്നത് എന്ത്? നസറായനായ യേശുവിന്റെ നാമത്തിനു വിരോധമായി പലതും പ്രവർത്തിക്കേണം എന്ന് ഞാനും വിചാരിച്ചു സത്യം. അത് ഞാൻ യെരൂശലേമിൽ ചെയ്തിട്ടുമുണ്ട്; മഹാപുരോഹിതന്മാരോട് അധികാരപത്രം വാങ്ങി വിശുദ്ധന്മാരിൽ പലരെയും തടവിൽ ആക്കി അടച്ചു; അവരെ നിഗ്രഹിക്കുന്ന സമയം ഞാനും സമ്മതം കൊടുത്തു. ഞാൻ എല്ലാ പള്ളികളിലും അവരെ പലപ്പോഴും ദണ്ഡിപ്പിച്ചുംകൊണ്ടു ദൂഷണം പറവാൻ നിർബന്ധിക്കയും അവരുടെ നേരേ അത്യന്തം ഭ്രാന്തുപിടിച്ച് അന്യപട്ടണങ്ങളോളവും ചെന്ന് അവരെ ഉപദ്രവിക്കയും ചെയ്തു.