അപ്പൊ. പ്രവൃത്തികൾ 23:16-35

അപ്പൊ. പ്രവൃത്തികൾ 23:16-35 MALOVBSI

ഈ പതിയിരിപ്പിനെക്കുറിച്ച് പൗലൊസിന്റെ പെങ്ങളുടെ മകൻ കേട്ടിട്ടു ചെന്നു കോട്ടയിൽ കടന്നു പൗലൊസിനോട് അറിയിച്ചു. പൗലൊസ് ശതാധിപന്മാരിൽ ഒരുത്തനെ വിളിച്ചു: ഈ യൗവനക്കാരനു സഹസ്രാധിപനോട് ഒരു കാര്യം അറിയിപ്പാനുള്ളതിനാൽ അവനെ അങ്ങോട്ടു കൊണ്ടുപോകേണം എന്നു പറഞ്ഞു. അവൻ അവനെ കൂട്ടി സഹസ്രാധിപന്റെ അടുക്കൽ കൊണ്ടുചെന്നു: തടവുകാരനായ പൗലൊസ് എന്നെ വിളിച്ച്, നിന്നോട് ഒരു കാര്യം പറവാനുള്ള ഈ യൗവനക്കാരനെ നിന്റെ അടുക്കൽ കൊണ്ടുവരുവാൻ എന്നോട് അപേക്ഷിച്ചു എന്നു പറഞ്ഞു. സഹസ്രാധിപൻ അവനെ കൈക്കു പിടിച്ചു മാറി നിന്നു: എന്നോട് ബോധിപ്പിപ്പാനുള്ളത് എന്ത് എന്ന് സ്വകാര്യമായി ചോദിച്ചു. അതിന് അവൻ: യെഹൂദന്മാർ പൗലൊസിനെക്കുറിച്ച് അധികം സൂക്ഷ്മത്തോടെ വിസ്താരം കഴിക്കേണം എന്നുള്ള ഭാവത്തിൽ വന്ന് നാളെ അവനെ ന്യായാധിപസംഘത്തിലേക്ക് കൊണ്ടുവരേണ്ടതിന് നിന്നോട് അപേക്ഷിപ്പാൻ ഒത്തുകൂടിയിരിക്കുന്നു. നീ അവരെ വിശ്വസിച്ചുപോകരുത്; അവരിൽ നാല്പതിൽ അധികം പേർ അവനെ ഒടുക്കിക്കളയുവോളം ഒന്നും തിന്നുകയോ കുടിക്കയോ ചെയ്കയില്ല എന്ന് ശപഥം ചെയ്ത് അവനായി പതിയിരിക്കുന്നു; നിന്റെ വാഗ്ദത്തം കിട്ടുമെന്ന് ആശിച്ച് അവർ ഇപ്പോൾ ഒരുങ്ങി നില്ക്കുന്നു എന്നു പറഞ്ഞു. നീ ഇത് എന്നോട് അറിയിച്ചു എന്ന് ആരോടും മിണ്ടരുത് എന്ന് സഹസ്രാധിപൻ കല്പിച്ച് യൗവനക്കാരനെ പറഞ്ഞയച്ചു. പിന്നെ അവൻ ശതാധിപന്മാരിൽ രണ്ടു പേരെ വരുത്തി: ഈ രാത്രിയിൽ മൂന്നാം മണി നേരത്ത് കൈസര്യക്കു പോകുവാൻ ഇരുനൂറു കാലാളെയും എഴുപതു കുതിരച്ചേവകരെയും ഇരുനൂറു കുന്തക്കാരെയും ഒരുക്കുവിൻ. പൗലൊസിനെ കയറ്റി ദേശാധിപതിയായ ഫേലിക്സിന്റെ അടുക്കൽ ക്ഷേമത്തോടെ എത്തിപ്പാൻ മൃഗവാഹനങ്ങളെയും സംഭരിപ്പിൻ എന്ന് കല്പിച്ചു. താഴെ പറയുന്ന വിധത്തിൽ ഒരു എഴുത്തും എഴുതി: ക്ലൌദ്യൊസ് ലൂസിയാസ് രാജശ്രീ ഫേലിക്സ് ദേശാധിപതിക്ക് വന്ദനം. ഈ പുരുഷനെ യെഹൂദന്മാർ പിടിച്ച് കൊല്ലുവാൻ ഭാവിച്ചപ്പോൾ റോമാപൗരൻ എന്ന് അറിഞ്ഞ് ഞാൻ പട്ടാളത്തോടുംകൂടെ നേരിട്ടുചെന്ന് അവനെ വിടുവിച്ചു. അവന്റെമേൽ കുറ്റംചുമത്തുന്ന സംഗതി ഗ്രഹിപ്പാൻ ഇച്ഛിച്ചിട്ട് അവരുടെ ന്യായാധിപസംഘത്തിലേക്ക് അവനെ കൊണ്ടുചെന്നു. എന്നാൽ അവരുടെ ന്യായപ്രമാണം സംബന്ധിച്ചുള്ള തർക്കങ്ങളെക്കുറിച്ച് കുറ്റം ചുമത്തുന്നതല്ലാതെ മരണത്തിനോ ചങ്ങലയ്ക്കോ യോഗ്യമായത് ഒന്നുമില്ല എന്നു കണ്ടു. അനന്തരം ഈ പുരുഷന്റെ നേരേ അവർ കൂട്ടുകെട്ട് ഉണ്ടാക്കുന്നു എന്നു തുമ്പു കിട്ടിയപ്പോൾ ഞാൻ തൽക്ഷണം അവനെ നിന്റെ അടുക്കലേക്ക് അയച്ചിരിക്കുന്നു; അവന്റെ നേരേയുള്ള അന്യായം സന്നിധാനത്തിൽ ബോധിപ്പിപ്പാൻ വാദികളോട് കല്പിച്ചുമിരിക്കുന്നു; ശുഭമായിരിക്കട്ടെ. പടയാളികൾ കല്പനപ്രകാരം പൗലൊസിനെ കൂട്ടി രാത്രിയിൽ അന്തിപത്രിസോളം കൊണ്ടുചെന്നു, പിറ്റന്നാൾ കുതിരച്ചേവകരെ അവനോടുകൂടെ അയച്ചു കോട്ടയിലേക്ക് മടങ്ങിപ്പോന്നു. മറ്റവർ കൈസര്യയിൽ എത്തി ദേശാധിപതിക്ക് എഴുത്തു കൊടുത്തു പൗലൊസിനെയും അവന്റെ മുമ്പിൽ നിർത്തി. അവൻ എഴുത്തു വായിച്ചിട്ട് ഏതു സംസ്ഥാനക്കാരൻ എന്നു ചോദിച്ചു. കിലിക്യക്കാരൻ എന്നു കേട്ടാറെ: വാദികളുംകൂടെ വന്നു ചേരുമ്പോൾ നിന്നെ വിസ്തരിക്കാം എന്നു പറഞ്ഞ് ഹെരോദാവിന്റെ ആസ്ഥാനത്തിൽ അവനെ കാത്തുകൊൾവാൻ കല്പിച്ചു.