അപ്പൊ. പ്രവൃത്തികൾ 22:22-30

അപ്പൊ. പ്രവൃത്തികൾ 22:22-30 MALOVBSI

ഈ വാക്കോളം അവർ അവനു ചെവി കൊടുത്തു; പിന്നെ: ഇങ്ങനത്തവനെ ഭൂമിയിൽനിന്നു നീക്കിക്കളക; അവൻ ജീവിച്ചിരിക്കുന്നതു യോഗ്യമല്ല എന്നു നിലവിളിച്ചു പറഞ്ഞു. അവർ കൂക്കലിട്ടും വസ്ത്രം കീറിക്കളഞ്ഞും പൂഴിവാരി മേലോട്ട് എറിഞ്ഞുംകൊണ്ടിരിക്കുമ്പോൾ അവർ ഇങ്ങനെ അവന്റെ നേരേ ആർക്കുവാൻ സംഗതി എന്ത് എന്ന് അറിയേണ്ടതിന് ചമ്മട്ടികൊണ്ട് അവനോടു ചോദ്യം ചെയ്യേണം എന്നു സഹസ്രാധിപൻ പറഞ്ഞ് അവനെ കോട്ടയിലേക്കു കൊണ്ടുപോകുവാൻ കല്പിച്ചു. തന്നെ വാറുകൊണ്ടു കെട്ടുമ്പോൾ പൗലൊസ് അരികെ നില്ക്കുന്ന ശതാധിപനോട്: റോമാപൗരനും വിസ്താരം കഴിയാത്തവനുമായ മനുഷ്യനെ ചമ്മട്ടികൊണ്ട് അടിക്കുന്നതു വിഹിതമോ എന്നു ചോദിച്ചു. ഇതു കേട്ടിട്ടു ശതാധിപൻ ചെന്നു സഹസ്രാധിപനോട്: നീ എന്തു ചെയ്‍വാൻ പോകുന്നു? ഈ മനുഷ്യൻ റോമാപൗരൻ ആകുന്നു എന്ന് ബോധിപ്പിച്ചു. സഹസ്രാധിപൻ വന്ന്: നീ റോമാപൗരൻ തന്നെയോ? എന്നോട് പറക എന്ന് ചോദിച്ചതിന്: അതേ എന്ന് അവൻ പറഞ്ഞു. ഞാൻ ഏറിയ മുതൽ കൊടുത്ത് ഈ പൗരത്വം സമ്പാദിച്ചു എന്ന് സഹസ്രാധിപൻ പറഞ്ഞതിന്: ഞാനോ അങ്ങനെ ജനിച്ചിരിക്കുന്നു എന്ന് പൗലൊസ് പറഞ്ഞു. ഭേദ്യം ചെയ്‍വാൻ ഭാവിച്ചവർ ഉടനെ അവനെ വിട്ടു മാറി; സഹസ്രാധിപനും അവൻ റോമാപൗരൻ എന്ന് അറിഞ്ഞപ്പോൾ അവനെ ബന്ധിച്ചതുകൊണ്ടു ഭയപ്പെട്ടു. പിറ്റേന്ന് യെഹൂദന്മാർ പൗലൊസിന്മേൽ ചുമത്തുന്ന കുറ്റത്തിന്റെ സൂക്ഷ്മം അറിവാൻ ഇച്ഛിച്ചിട്ട് അവൻ മഹാപുരോഹിതന്മാരും ന്യായാധിപസംഘമൊക്കെയും കൂടിവരുവാൻ കല്പിച്ച് അവനെ കെട്ട് അഴിച്ചു താഴെ കൊണ്ടുചെന്ന് അവരുടെ മുമ്പിൽ നിറുത്തി.