അപ്പൊ. പ്രവൃത്തികൾ 22:1-16

അപ്പൊ. പ്രവൃത്തികൾ 22:1-16 MALOVBSI

സഹോദരന്മാരും പിതാക്കന്മാരുമായുള്ളോരേ, എനിക്ക് ഇന്നു നിങ്ങളോടുള്ള പ്രതിവാദം കേട്ടുകൊൾവിൻ. എന്നാൽ എബ്രായഭാഷയിൽ സംസാരിക്കുന്നതു കേട്ടിട്ട് അവർ അധികം മൗനമായി നിന്നു. അവൻ പറഞ്ഞതെന്തെന്നാൽ: ഞാൻ കിലിക്യയിലെ തർസൊസിൽ ജനിച്ച യെഹൂദനും ഈ നഗരത്തിൽ വളർന്നു ഗമാലിയേലിന്റെ കാല്ക്കൽ ഇരുന്നു പിതാക്കന്മാരുടെ ന്യായപ്രമാണം സൂക്ഷ്മതയോടെ അഭ്യസിച്ചവനുമാകയാൽ നിങ്ങൾ എല്ലാവരും ഇന്ന് ഇരിക്കുന്നതുപോലെ ദൈവസേവയിൽ എരിവുള്ളവനായിരുന്നു. ഞാൻ പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചുകെട്ടി തടവിൽ ഏല്പിച്ചും ഈ മാർഗക്കാരെ കൊല്ലുവാനും മടിക്കാതെ ഉപദ്രവിച്ചും വന്നു. അതിനു മഹാപുരോഹിതനും മൂപ്പന്മാരുടെ സംഘമൊക്കെയും എനിക്കു സാക്ഷികൾ; അവരോടു സഹോദരന്മാർക്കായി എഴുത്തു വാങ്ങിക്കൊണ്ടു ദമസ്കൊസിൽ പാർക്കുന്നവരെയും പിടിച്ചുകെട്ടി ദണ്ഡനത്തിനായി യെരൂശലേമിലേക്കു കൊണ്ടുവരേണ്ടതിനു ഞാൻ അവിടേക്കു യാത്രയായി. അങ്ങനെ പ്രയാണം ചെയ്തു ദമസ്കൊസിനോട് അടുത്തപ്പോൾ ഏകദേശം ഉച്ചയ്ക്ക് പെട്ടെന്നു ആകാശത്തുനിന്നു വലിയൊരു വെളിച്ചം എന്റെ ചുറ്റും മിന്നി. ഞാൻ നിലത്തു വീണു: ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത് എന്ന് എന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു. കർത്താവേ, നീ ആർ എന്നു ഞാൻ ചോദിച്ചതിന്: നീ ഉപദ്രവിക്കുന്ന നസറായനായ യേശു ആകുന്നു ഞാൻ എന്ന് അവൻ എന്നോടു പറഞ്ഞു. എന്നോടുകൂടെയുള്ളവർ വെളിച്ചം കണ്ടു എങ്കിലും എന്നോട് സംസാരിക്കുന്നവന്റെ ശബ്ദം കേട്ടില്ല. കർത്താവേ ഞാൻ എന്തു ചെയ്യേണം എന്ന് ചോദിച്ചതിന് കർത്താവ് എന്നോട്: എഴുന്നേറ്റ് ദമസ്കൊസിലേക്ക് പോക; നീ ചെയ്യേണ്ടതിന് വിധിച്ചിരിക്കുന്നതെല്ലാം അവിടെ നിന്നോടു പറയും എന്നു കല്പിച്ചു. ആ വെളിച്ചത്തിന്റെ തേജസ്സ് ഹേതുവായിട്ട് കണ്ണു കാണായ്കയാൽ കൂടെയുള്ളവർ എന്നെ കൈക്കു പിടിച്ചു നടത്തി; അങ്ങനെ ഞാൻ ദമസ്കൊസിലെത്തി. അവിടെ പാർക്കുന്ന സകല യെഹൂദന്മാരാലും നല്ല സാക്ഷ്യം കൊണ്ടവനായി ന്യായപ്രമാണപ്രകാരം ഭക്തിയുള്ള പുരുഷനായ അനന്യാസ് എന്നൊരുത്തൻ എന്റെ അടുക്കൽ വന്നു നിന്നു; സഹോദരനായ ശൗലേ, കാഴ്ച പ്രാപിക്ക എന്നു പറഞ്ഞു; ആ നാഴികയിൽതന്നെ ഞാൻ കാഴ്ച പ്രാപിച്ച് അവനെ കണ്ടു. അപ്പോൾ അവൻ എന്നോട്: നമ്മുടെ പിതാക്കന്മാരുടെ ദൈവം നിന്നെ തന്റെ ഇഷ്ടം അറിവാനും നീതിമാനായവനെ കാൺമാനും അവന്റെ വായിൽനിന്ന് വചനം കേൾപ്പാനും നിയമിച്ചിരിക്കുന്നു. നീ കാൺകയും കേൾക്കയും ചെയ്തതിന് സകല മനുഷ്യർക്കും നീ അവന്റെ സാക്ഷിയായിത്തീരും. ഇനി താമസിക്കുന്നത് എന്ത്? എഴുന്നേറ്റ് അവന്റെ നാമം വിളിച്ച് പ്രാർഥിച്ച് സ്നാനമേറ്റ് നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു.