അപ്പൊ. പ്രവൃത്തികൾ 20:1-16

അപ്പൊ. പ്രവൃത്തികൾ 20:1-16 MALOVBSI

കലഹം ശമിച്ചശേഷം പൗലൊസ് ശിഷ്യന്മാരെ കൂട്ടിവരുത്തി പ്രബോധിപ്പിച്ചിട്ടു യാത്രപറഞ്ഞു മക്കെദോന്യക്കു പുറപ്പെട്ടുപോയി. ആ പ്രദേശങ്ങളിൽകൂടി സഞ്ചരിച്ച് അവരെ ഏറിയോന്നു പ്രബോധിപ്പിച്ചിട്ടു യവനദേശത്ത് എത്തി. അവിടെ മൂന്നു മാസം കഴിച്ചിട്ടു സുറിയയ്ക്കു കപ്പൽ കയറിപ്പോകുവാൻ ഭാവിക്കുമ്പോൾ യെഹൂദന്മാർ അവന്റെ നേരേ കൂട്ടുകെട്ട് ഉണ്ടാക്കുകയാൽ മക്കെദോന്യ വഴിയായി മടങ്ങിപ്പോകുവാൻ നിശ്ചയിച്ചു. ബെരോവയിലെ പുറൊസിന്റെ മകൻ സോപത്രൊസും തെസ്സലൊനീക്യരായ അരിസ്തർഹൊസും സെക്കുന്തൊസും ദെർബ്ബക്കാരനായ ഗായൊസും തിമൊഥെയൊസും ആസ്യക്കാരായ തുഹിക്കൊസും ത്രൊഫിമൊസും ആസ്യവരെ അവനോടുകൂടെ പോയി. അവർ മുമ്പേ പോയി ത്രോവാസിൽ ഞങ്ങൾക്കായി കാത്തിരുന്നു. ഞങ്ങളോ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ കഴിഞ്ഞിട്ടു ഫിലിപ്പിയിൽനിന്നു കപ്പൽ കയറി അഞ്ചു ദിവസംകൊണ്ടു ത്രോവാസിൽ അവരുടെ അടുക്കൽ എത്തി, ഏഴു ദിവസം അവിടെ പാർത്തു. ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടിവന്നപ്പോൾ പൗലൊസ് പിറ്റന്നാൾ പുറപ്പെടുവാൻ ഭാവിച്ചതുകൊണ്ട് അവരോട് സംഭാഷിച്ചു പാതിരവരെയും പ്രസംഗം നീട്ടി. ഞങ്ങൾ കൂടിയിരുന്ന മാളികയിൽ വളരെ വിളക്ക് ഉണ്ടായിരുന്നു. അവിടെ യൂത്തിക്കൊസ് എന്ന യൗവനക്കാരൻ കിളിവാതിൽക്കൽ ഇരുന്നു ഗാഢനിദ്ര പിടിച്ചു, പൗലൊസ് വളരെ നേരം സംഭാഷിക്കയാൽ നിദ്രാവശനായി മൂന്നാം തട്ടിൽനിന്നും താഴെ വീണു; അവനെ മരിച്ചവനായി എടുത്തുകൊണ്ടു വന്നു. പൗലൊസ് ഇറങ്ങിച്ചെന്ന് അവന്റെമേൽ വീണു തഴുകി ഭ്രമിക്കേണ്ടാ; അവന്റെ പ്രാണൻ അവനിൽ ഉണ്ട് എന്നു പറഞ്ഞു. പിന്നെ അവൻ കയറിച്ചെന്ന് അപ്പം നുറുക്കിത്തിന്നു പുലരുവോളം സംഭാഷിച്ചു പുറപ്പെട്ടു പോയി. അവർ ആ ബാലനെ ജീവനുള്ളവനായി കൊണ്ടുവന്ന് അത്യന്തം ആശ്വസിച്ചു. ഞങ്ങൾ മുമ്പായി കപ്പൽ കയറി പൗലൊസിനെ അസ്സൊസ്സിൽവച്ചു കയറ്റിക്കൊൾവാൻ വിചാരിച്ച് അവിടേക്ക് ഓടി; അവൻ കാൽനടയായി വരുവാൻ വിചാരിച്ച് ഇങ്ങനെ ചട്ടംകെട്ടിയിരുന്നു. അവൻ അസ്സൊസ്സിൽ ഞങ്ങളോടു ചേർന്നപ്പോൾ അവനെ കയറ്റി മിതുലേനയിൽ എത്തി; അവിടെനിന്നു നീക്കി, പിറ്റന്നാൾ ഖിയൊസ് ദ്വീപിന്റെ തൂക്കിൽ എത്തി, മറുനാൾ സാമൊസ്ദ്വീപിൽ അണഞ്ഞു. പിറ്റേന്നു മിലേത്തൊസിൽ എത്തി. കഴിയും എങ്കിൽ പെന്തെക്കൊസ്തുനാളേക്കു യെരൂശലേമിൽ എത്തേണ്ടതിനു പൌലൊസ് ബദ്ധപ്പെടുകയാൽ ആസ്യയിൽ കാലതാമസം വരരുത് എന്നുവച്ച് എഫെസൊസിൽ അടുക്കാതെ ഓടേണം എന്നു നിശ്ചയിച്ചിരുന്നു.