അപ്പൊ. പ്രവൃത്തികൾ 18:18-28

അപ്പൊ. പ്രവൃത്തികൾ 18:18-28 MALOVBSI

പൗലൊസ് പിന്നെയും കുറെനാൾ പാർത്തശേഷം സഹോദരന്മാരോടു യാത്ര പറഞ്ഞിട്ട്, തനിക്ക് ഒരു നേർച്ച ഉണ്ടായിരുന്നതിനാൽ കെംക്രയയിൽവച്ചു തല ക്ഷൗരം ചെയ്യിച്ചിട്ടു പ്രിസ്കില്ലയോടും അക്വിലാസിനോടുംകൂടെ കപ്പൽ കയറി സുറിയയിലേക്കു പുറപ്പെട്ട് എഫെസൊസിൽ എത്തി അവരെ അവിടെ വിട്ടു, അവൻ പള്ളിയിൽ ചെന്നു യെഹൂദന്മാരോടു സംഭാഷിച്ചു. കുറെക്കൂടെ താമസിക്കേണം എന്ന് അവർ അപേക്ഷിച്ചിട്ട് അവൻ സമ്മതിക്കാതെ: ദൈവഹിതമുണ്ടെങ്കിൽ ഞാൻ നിങ്ങളുടെ അടുക്കൽ മടങ്ങിവരും എന്നു പറഞ്ഞു വിടവാങ്ങി എഫെസൊസിൽനിന്നു കപ്പൽ നീക്കി, കൈസര്യയിൽ വന്നിറങ്ങി, യെരൂശലേമിലേക്കു ചെന്ന്, സഭയെ വന്ദനം ചെയ്തിട്ട് അന്ത്യൊക്യയിലേക്കു പോയി. അവിടെ കുറെനാൾ താമസിച്ചശേഷം പുറപ്പെട്ട്, ക്രമത്താലെ ഗലാത്യദേശത്തിലും ഫ്രുഗ്യയിലും സഞ്ചരിച്ചു ശിഷ്യന്മാരെയൊക്കെയും ഉറപ്പിച്ചു. അലെക്സന്ത്രിയക്കാരനായി വാഗ്വൈഭവവും തിരുവെഴുത്തുകളിൽ സാമർഥ്യവുമുള്ള അപ്പൊല്ലോസ് എന്നു പേരുള്ളൊരു യെഹൂദൻ എഫെസൊസിൽ എത്തി. അവൻ കർത്താവിന്റെ മാർഗത്തിൽ ഉപദേശം ലഭിച്ചവൻ ആയിരുന്നു; യോഹന്നാന്റെ സ്നാനത്തെക്കുറിച്ചു മാത്രം അറിഞ്ഞിരുന്നു എങ്കിലും ആത്മാവിൽ എരിവുള്ളവനാകയാൽ അവൻ യേശുവിന്റെ വസ്തുത സൂക്ഷ്മമായി പ്രസ്താവിക്കയും ഉപദേശിക്കയും ചെയ്തു. അവൻ പള്ളിയിൽ പ്രാഗല്ഭ്യത്തോടെ പ്രസംഗിച്ചുതുടങ്ങി; അക്വിലാസും പ്രിസ്കില്ലയും അവന്റെ പ്രസംഗം കേട്ടാറെ അവനെ ചേർത്തുകൊണ്ട് ദൈവത്തിന്റെ മാർഗം അധികം സ്പഷ്ടമായി അവനു തെളിയിച്ചുകൊടുത്തു. അവൻ അഖായയിലേക്കു പോകുവാൻ ഇച്ഛിച്ചപ്പോൾ സഹോദരന്മാർ അവനെ ഉത്സാഹിപ്പിക്കയും അവനെ കൈക്കൊള്ളേണ്ടതിനു ശിഷ്യന്മാർക്ക് എഴുതുകയും ചെയ്തു; അവിടെ എത്തിയാറെ അവൻ ദൈവകൃപയാൽ വിശ്വസിച്ചവർക്കു വളരെ പ്രയോജനമായിത്തീർന്നു. യേശുതന്നെ ക്രിസ്തു എന്ന് അവൻ തിരുവെഴുത്തുകളാൽ തെളിയിച്ചു ബലത്തോടെ യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞു.