അപ്പൊ. പ്രവൃത്തികൾ 17:1-9

അപ്പൊ. പ്രവൃത്തികൾ 17:1-9 MALOVBSI

അവർ അംഫിപൊലിസിലും അപ്പൊലോന്യയിലുംകൂടി കടന്നു തെസ്സലൊനീക്യയിൽ എത്തി; അവിടെ യെഹൂദന്മാരുടെ ഒരു പള്ളി ഉണ്ടായിരുന്നു. പൗലൊസ് പതിവുപോലെ അവരുടെ അടുക്കൽ ചെന്നു മൂന്നു ശബ്ബത്തിൽ തിരുവെഴുത്തുകളെ ആധാരമാക്കി അവരോടു വാദിച്ചു. ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്ക്കയും ചെയ്യേണ്ടത് എന്നും; ഞാൻ നിങ്ങളോട് അറിയിക്കുന്ന ഈ യേശുതന്നെ ക്രിസ്തു എന്നും തെളിയിച്ചു വിവരിച്ചുകൊണ്ടിരുന്നു. അവരിൽ ചിലരും ഭക്തിയുള്ള യവനന്മാരിൽ ഒരു വലിയകൂട്ടവും മാന്യസ്ത്രീകളിൽ അനേകരും വിശ്വസിച്ചു പൗലൊസിനോടും ശീലാസിനോടും ചേർന്നു. യെഹൂദന്മാരോ അസൂയ പൂണ്ട്, മിനക്കെട്ടു നടക്കുന്ന ചില ദുഷ്ടന്മാരെ ചേർത്തു പുരുഷാരത്തെ ഇളക്കി പട്ടണത്തിൽ കലഹമുണ്ടാക്കി യാസോന്റെ വീടു വളഞ്ഞ് അവരെ ജനസമൂഹത്തിൽ കൊണ്ടുവരുവാൻ ശ്രമിച്ചു. അവരെ കാണാഞ്ഞിട്ടു യാസോനെയും ചില സഹോദരന്മാരെയും നഗരാധിപന്മാരുടെ അടുക്കലേക്ക് ഇഴച്ചുകൊണ്ടു: ഭൂലോകത്തെ കലഹിപ്പിച്ചവർ ഇവിടെയും എത്തി; യാസോൻ അവരെ കൈക്കൊണ്ടും ഇരിക്കുന്നു; അവരൊക്കെയും യേശു എന്ന മറ്റൊരുവൻ രാജാവ് എന്നു പറഞ്ഞുകൊണ്ടു കൈസരുടെ നിയമങ്ങൾക്കു പ്രതികൂലമായി പ്രവർത്തിക്കുന്നു എന്ന് നിലവിളിച്ചു. ഇതു കേട്ടിട്ട് പുരുഷാരവും നഗരാധിപന്മാരും ഭ്രമിച്ചു. യാസോൻ മുതലായവരോടു ജാമ്യം വാങ്ങി അവരെ വിട്ടയച്ചു.