അപ്പൊ. പ്രവൃത്തികൾ 14:8-20

അപ്പൊ. പ്രവൃത്തികൾ 14:8-20 MALOVBSI

ലുസ്ത്രയിൽ അമ്മയുടെ ഗർഭംമുതൽ മുടന്തനായി ഒരിക്കലും നടന്നിട്ടില്ലാതെയും കാലിനു ശക്തിയില്ലാതെയും ഉള്ളൊരു പുരുഷൻ ഇരുന്നിരുന്നു. അവൻ പൗലൊസ് സംസാരിക്കുന്നത് കേട്ടു; അവൻ അവനെ ഉറ്റുനോക്കി, സൗഖ്യം പ്രാപിപ്പാൻ അവനു വിശ്വാസമുണ്ട് എന്നു കണ്ടിട്ട്: നീ എഴുന്നേറ്റു കാലൂന്നി നിവിർന്നുനില്ക്ക എന്ന് ഉറക്കെ പറഞ്ഞു; അവൻ കുതിച്ചെഴുന്നേറ്റു നടന്നു. പൗലൊസ് ചെയ്തതു പുരുഷാരം കണ്ടിട്ടു: ദേവന്മാർ മനുഷ്യരൂപത്തിൽ നമ്മുടെ അടുക്കൽ ഇറങ്ങി വന്നിരിക്കുന്നു എന്ന് ലുക്കവോന്യഭാഷയിൽ നിലവിളിച്ചു പറഞ്ഞു. ബർന്നബാസിന് ഇന്ദ്രൻ എന്നും പൗലൊസ് മുഖ്യപ്രസംഗിയാകയാൽ അവനു ബുധൻ എന്നും പേർ വിളിച്ചു. പട്ടണത്തിന്റെ മുമ്പിലുള്ള ഇന്ദ്രക്ഷേത്രത്തിലെ പുരോഹിതൻ കാളകളെയും പൂമാലകളെയും ഗോപുരത്തിങ്കൽ കൊണ്ടുവന്നു പുരുഷാരത്തോടുകൂടെ യാഗം കഴിപ്പാൻ ഭാവിച്ചു. ഇത് അപ്പൊസ്തലന്മാരായ ബർന്നബാസും പൗലൊസും കേട്ടിട്ടു വസ്ത്രം കീറിക്കൊണ്ടു പുരുഷാരത്തിന്റെ ഇടയിലേക്ക് ഓടിച്ചെന്നു നിലവിളിച്ചു പറഞ്ഞത്: പുരുഷന്മാരേ, നിങ്ങൾ ഈ ചെയ്യുന്നത് എന്ത്? ഞങ്ങൾ നിങ്ങളോടു സമസ്വഭാവമുള്ള മനുഷ്യർ അത്രേ; നിങ്ങൾ ഈ വ്യർഥകാര്യങ്ങളെ വിട്ടു, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ ജീവനുള്ള ദൈവത്തിങ്കലേക്കു തിരിയേണം എന്നുള്ള സുവിശേഷം ഞങ്ങൾ നിങ്ങളോട് അറിയിക്കുന്നു. കഴിഞ്ഞ കാലങ്ങളിൽ അവൻ സകല ജാതികളെയും സ്വന്തവഴികളിൽ നടപ്പാൻ സമ്മതിച്ചു. എങ്കിലും അവൻ നന്മ ചെയ്കയും ആകാശത്തുനിന്നു മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും നിങ്ങൾക്കു തരികയും ആഹാരവും സന്തോഷവും നല്കി നിങ്ങളെ തൃപ്തരാക്കുകയും ചെയ്തു പോന്നതിനാൽ തന്നെക്കുറിച്ചു സാക്ഷ്യം തരാതിരുന്നിട്ടില്ല. അവർ ഇങ്ങനെ പറഞ്ഞു തങ്ങൾക്കു യാഗം കഴിക്കാതവണ്ണം പുരുഷാരത്തെ പ്രയാസത്തോടെ തടുത്തു. എന്നാൽ അന്ത്യൊക്യയിൽനിന്നും ഇക്കോന്യയിൽനിന്നും യെഹൂദന്മാർ വന്നു കൂടി പുരുഷാരത്തെ വശത്താക്കി പൗലൊസിനെ കല്ലെറിഞ്ഞു; അവൻ മരിച്ചു എന്ന് വിചാരിച്ചിട്ട് അവനെ പട്ടണത്തിനു പുറത്തേക്ക് ഇഴച്ചുകളഞ്ഞു. എന്നാൽ ശിഷ്യന്മാർ അവനെ ചുറ്റിനില്ക്കയിൽ അവൻ എഴുന്നേറ്റു പട്ടണത്തിൽ ചെന്നു; പിറ്റന്നാൾ ബർന്നബാസിനോടുകൂടെ ദെർബ്ബയ്ക്കു പോയി.