സഹോദരന്മാരേ, അബ്രാഹാംവംശത്തിലെ മക്കളും അവരോട് ചേർന്ന ദൈവഭക്തന്മാരുമായുള്ളോരേ, നമുക്കാകുന്നു ഈ രക്ഷാവചനം അയച്ചിരിക്കുന്നത്. യെരൂശലേംനിവാസികളും അവരുടെ പ്രമാണികളും അവനെയോ ശബ്ബത്തുതോറും വായിച്ചുവരുന്ന പ്രവാചകന്മാരുടെ വചനങ്ങളെയോ തിരിച്ചറിയാതെ അവനെ ശിക്ഷയ്ക്കു വിധിക്കയാൽ അവയ്ക്കു നിവൃത്തി വരുത്തി. മരണത്തിന് ഒരു ഹേതുവും കാണാഞ്ഞിട്ടും അവനെ കൊല്ലേണം എന്ന് അവർ പീലാത്തൊസിനോട് അപേക്ഷിച്ചു. അവനെക്കുറിച്ച് എഴുതിയിരിക്കുന്നതൊക്കെയും തികച്ചശേഷം അവർ അവനെ മരത്തിൽനിന്ന് ഇറക്കി ഒരു കല്ലറയിൽ വച്ചു. ദൈവമോ അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചു; അവൻ തന്നോടുകൂടെ ഗലീലയിൽനിന്നു യെരൂശലേമിലേക്കു വന്നവർക്ക് ഏറിയ ദിവസം പ്രത്യക്ഷനായി; അവർ ഇപ്പോൾ ജനത്തിന്റെ മുമ്പാകെ അവന്റെ സാക്ഷികൾ ആകുന്നു. ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു എന്ന് ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു. നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്ന് രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ. ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവൻ അവനെ മരിച്ചവരിൽനിന്ന് എഴുന്നേല്പിച്ചതിനെക്കുറിച്ച് അവൻ: ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും എന്ന് പറഞ്ഞിരിക്കുന്നു. മറ്റൊരു സങ്കീർത്തനത്തിലും: നിന്റെ പരിശുദ്ധനെ ദ്രവത്വം കാൺമാൻ നീ വിട്ടുകൊടുക്കയില്ല എന്നു പറയുന്നു. ദാവീദ് തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനയ്ക്കു ശുശ്രൂഷ ചെയ്തശേഷം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോടു ചേർന്നു ദ്രവത്വം കണ്ടു. ദൈവം ഉയിർത്തെഴുന്നേല്പിച്ചവനോ ദ്രവത്വം കണ്ടില്ല. ആകയാൽ സഹോദരന്മാരേ, ഇവൻമൂലം നിങ്ങളോടു പാപമോചനം അറിയിക്കുന്നു എന്നും മോശെയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽനിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ. ആകയാൽ. “ഹേ നിന്ദക്കാരേ, നോക്കുവിൻ; ആശ്ചര്യപ്പെട്ടു നശിച്ചുപോകുവിൻ. നിങ്ങളുടെ കാലത്തു ഞാൻ ഒരു പ്രവൃത്തി ചെയ്യുന്നു; നിങ്ങളോടു വിവരിച്ചാൽ നിങ്ങൾ വിശ്വസിക്കാത്ത പ്രവൃത്തി തന്നെ” എന്ന് പ്രവാചകപുസ്തകങ്ങളിൽ അരുളിച്ചെയ്തിരിക്കുന്നത് നിങ്ങൾക്കു ഭവിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.
അപ്പൊ. പ്രവൃത്തികൾ 13 വായിക്കുക
കേൾക്കുക അപ്പൊ. പ്രവൃത്തികൾ 13
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: അപ്പൊ. പ്രവൃത്തികൾ 13:26-41
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ