അന്ത്യൊക്യയിലെ സഭയിൽ ബർന്നബാസ്, നീഗർ എന്നു പേരുള്ള ശിമോൻ, കുറേനക്കാരനായ ലൂക്യൊസ്, ഇടപ്രഭുവായ ഹെരോദാവോടുകൂടെ വളർന്ന മനായേൻ, ശൗൽ എന്നീ പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ഉണ്ടായിരുന്നു. അവർ കർത്താവിനെ ആരാധിച്ചും ഉപവസിച്ചുംകൊണ്ടിരിക്കുമ്പോൾ: ഞാൻ ബർന്നബാസിനെയും ശൗലിനെയും വിളിച്ചിരിക്കുന്ന വേലയ്ക്കായിട്ട് അവരെ എനിക്കു വേർതിരിപ്പിൻ എന്ന് പരിശുദ്ധാത്മാവ് പറഞ്ഞു. അങ്ങനെ അവർ ഉപവസിച്ചു പ്രാർഥിച്ച് അവരുടെമേൽ കൈ വച്ച് അവരെ പറഞ്ഞയച്ചു. പരിശുദ്ധാത്മാവ് അവരെ പറഞ്ഞയച്ചിട്ട് അവർ സെലൂക്യയിലേക്കു ചെന്നു; അവിടെനിന്നു കപ്പൽ കയറി കുപ്രൊസ് ദ്വീപിലേക്കു പോയി, സലമീസിൽ ചെന്നു യെഹൂദന്മാരുടെ പള്ളിയിൽ ദൈവവചനം അറിയിച്ചു. യോഹന്നാൻ അവർക്കു ഭൃത്യനായിട്ട് ഉണ്ടായിരുന്നു. അവർ ദ്വീപിൽകൂടി പാഫൊസ്വരെ ചെന്നപ്പോൾ ബർയേശു എന്നു പേരുള്ള യെഹൂദനായി കള്ളപ്രവാചകനായൊരു വിദ്വാനെ കണ്ടു. അവൻ ബുദ്ധിമാനായ സെർഗ്ഗ്യൊസ് പൗലൊസ് എന്ന ദേശാധിപതിയോടുകൂടെ ആയിരുന്നു; അവൻ ബർന്നബാസിനെയും ശൗലിനെയും വരുത്തി ദൈവവചനം കേൾപ്പാൻ ആഗ്രഹിച്ചു. എന്നാൽ എലീമാസ് എന്ന വിദ്വാൻ -ഇതാകുന്നു അവന്റെ പേരിന്റെ അർഥം- അവരോട് എതിർത്തുനിന്നു ദേശാധിപതിയുടെ വിശ്വാസം തടുത്തുകളവാൻ ശ്രമിച്ചു. അപ്പോൾ പൗലൊസ് എന്നു പേരുള്ള ശൗൽ പരിശുദ്ധാത്മപൂർണനായി അവനെ ഉറ്റുനോക്കി: ഹേ! സകല കപടവും സകല ധൂർത്തും നിറഞ്ഞവനേ, പിശാചിന്റെ മകനേ, സർവനീതിയുടെയും ശത്രുവേ, കർത്താവിന്റെ നേർവഴികളെ മറിച്ചുകളയുന്നത് നീ മതിയാക്കുകയില്ലയോ? ഇപ്പോൾ കർത്താവിന്റെ കൈ നിന്റെമേൽ വീഴും; നീ ഒരു സമയത്തേക്കു സൂര്യനെ കാണാതെ കുരുടനായിരിക്കും എന്നു പറഞ്ഞു. ഉടനെ ഒരു തിമിരവും ഇരുട്ടും അവന്റെമേൽ വീണു; കൈ പിടിച്ചു നടത്തുന്നവരെ തിരഞ്ഞുകൊണ്ട് അവൻ തപ്പിനടന്നു. ഈ ഉണ്ടായത് ദേശാധിപതി കണ്ടിട്ടു കർത്താവിന്റെ ഉപദേശത്തിൽ വിസ്മയിച്ചു വിശ്വസിച്ചു.
അപ്പൊ. പ്രവൃത്തികൾ 13 വായിക്കുക
കേൾക്കുക അപ്പൊ. പ്രവൃത്തികൾ 13
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: അപ്പൊ. പ്രവൃത്തികൾ 13:1-12
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ