അപ്പൊ. പ്രവൃത്തികൾ 12:12-19

അപ്പൊ. പ്രവൃത്തികൾ 12:12-19 MALOVBSI

ഇങ്ങനെ ഗ്രഹിച്ചശേഷം അവൻ മർക്കൊസ് എന്നു മറുപേരുള്ള യോഹന്നാന്റെ അമ്മ മറിയയുടെ വീട്ടിൽ ചെന്നു. അവിടെ അനേകർ ഒരുമിച്ചുകൂടി പ്രാർഥിച്ചുകൊണ്ടിരുന്നു. അവൻ പടിപ്പുരവാതിൽക്കൽ മുട്ടിയാറെ രോദാ എന്നൊരു ബാല്യക്കാരത്തി വിളികേൾപ്പാൻ അടുത്തുവന്നു. പത്രൊസിന്റെ ശബ്ദം തിരിച്ചറിഞ്ഞു, സന്തോഷത്താൽ പടിവാതിൽ തുറക്കാതെ അകത്തേക്ക് ഓടി, പത്രൊസ് പടിപ്പുരയ്ക്കൽ നില്ക്കുന്നു എന്ന് അറിയിച്ചു. അവർ അവളോട്: നിനക്കു ഭ്രാന്തുണ്ട് എന്നു പറഞ്ഞു; അവളോ: അല്ല, ഉള്ളതുതന്നെ എന്ന് ഉറപ്പിച്ചു പറയുമ്പോൾ അവന്റെ ദൂതൻ ആകുന്നു എന്ന് അവർ പറഞ്ഞു. പത്രൊസ് മുട്ടിക്കൊണ്ടിരുന്നു; അവർ തുറന്നപ്പോൾ അവനെ കണ്ടു വിസ്മയിച്ചു. അവർ മിണ്ടാതിരിപ്പാൻ അവൻ ആംഗ്യം കാട്ടി, കർത്താവ് തന്നെ തടവിൽനിന്നു പുറപ്പെടുവിച്ച വിവരം പറഞ്ഞു കേൾപ്പിച്ചു; ഇത് യാക്കോബിനോടും ശേഷം സഹോദരന്മാരോടും അറിയിപ്പിൻ എന്നു പറഞ്ഞു; പിന്നെ അവൻ പുറപ്പെട്ട് വേറൊരു സ്ഥലത്തേക്കു പോയി. നേരം വെളുത്തപ്പോൾ പത്രൊസ് എവിടെപ്പോയി എന്ന് പടയാളികൾക്ക് അല്പമല്ലാത്ത പരിഭ്രമം ഉണ്ടായി. ഹെരോദാവ് അവനെ അന്വേഷിച്ചിട്ടു കാണായ്കയാൽ കാവല്ക്കാരെ വിസ്തരിച്ച് അവരെ കൊല്ലുവാൻ കല്പിച്ചു; പിന്നെ അവൻ യെഹൂദ്യ വിട്ടു കൈസര്യയിലേക്കു പോയി അവിടെ പാർത്തു.