ആ ശബ്ദം പിന്നെയും ആകാശത്തിൽനിന്ന്: ദൈവം ശുദ്ധീകരിച്ചത് നീ മലിനം എന്ന് വിചാരിക്കരുത് എന്ന് ഉത്തരം പറഞ്ഞു. ഇതു മൂന്നു പ്രാവശ്യം ഉണ്ടായി; പിന്നെ എല്ലാം തിരികെ ആകാശത്തിലേക്കു വലിച്ചെടുത്തു. അപ്പോൾതന്നെ കൈസര്യയിൽനിന്ന് എന്റെ അടുക്കൽ അയച്ചിരുന്ന മൂന്നു പുരുഷന്മാർ ഞങ്ങൾ പാർത്ത വീട്ടിന്റെ മുമ്പിൽ നിന്നിരുന്നു; ഒന്നും സംശയിക്കാതെ അവരോടുകൂടെ പോകുവാൻ ആത്മാവ് എന്നോട് കല്പിച്ചു. ഈ ആറു സഹോദരന്മാരും എന്നോടുകൂടെ പോന്നു; ഞങ്ങൾ ആ പുരുഷന്റെ വീട്ടിൽ ചെന്നു. അവൻ തന്റെ വീട്ടിൽ ഒരു ദൂതൻ നില്ക്കുന്നത് കണ്ടു എന്നും നീ യോപ്പയിലേക്ക് ആളയച്ചു പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വരുത്തുക; നീയും നിന്റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ അവൻ നിന്നോടു സംസാരിക്കും എന്ന് ദൂതൻ പറഞ്ഞു എന്നും ഞങ്ങളോട് അറിയിച്ചു. ഞാൻ സംസാരിച്ചു തുടങ്ങിയപ്പോഴേക്കും പരിശുദ്ധാത്മാവ് ആദിയിൽ നമ്മുടെമേൽ എന്നപോലെ അവരുടെമേലും വന്നു. അപ്പോൾ ഞാൻ: യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു; നിങ്ങൾക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്ന് കർത്താവ് പറഞ്ഞ വാക്ക് ഓർത്തു. ആകയാൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ? അവർ ഇതു കേട്ടപ്പോൾ മിണ്ടാതിരുന്നു: അങ്ങനെ ആയാൽ ദൈവം ജാതികൾക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നല്കിയല്ലോ എന്നു പറഞ്ഞു ദൈവത്തെ മഹത്ത്വപ്പെടുത്തി. സ്തെഫാനൊസ് നിമിത്തം ഉണ്ടായ ഉപദ്രവം ഹേതുവാൽ ചിതറിപ്പോയവർ യെഹൂദന്മാരോടല്ലാതെ മറ്റാരോടും വചനം സംസാരിക്കാതെ ഫൊയ്നീക്യ, കുപ്രൊസ്, അന്ത്യൊക്യ എന്നീ പ്രദേശങ്ങളോളം സഞ്ചരിച്ചു. അവരിൽ ചിലർ കുപ്രൊസ്കാരും കുറേനക്കാരും ആയിരുന്നു; അവർ അന്ത്യൊക്യയിൽ എത്തിയശേഷം യവനന്മാരോടും കർത്താവായ യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിച്ചു. കർത്താവിന്റെ കൈ അവരോടുകൂടെ ഉണ്ടായിരുന്നു; വലിയൊരു കൂട്ടം വിശ്വസിച്ചു കർത്താവിങ്കലേക്ക് തിരിഞ്ഞു. അവരെക്കുറിച്ചുള്ള ഈ വർത്തമാനം യെരൂശലേമിലെ സഭയുടെ ചെവിയിൽ എത്തിയപ്പോൾ അവർ ബർന്നബാസിനെ അന്ത്യൊക്യയോളം പറഞ്ഞയച്ചു. അവൻ ചെന്നു ദൈവകൃപ കണ്ടു സന്തോഷിച്ചു. എല്ലാവരും ഹൃദയനിർണയത്തോടെ കർത്താവിനോടു ചേർന്നു നില്പാൻ തക്കവണ്ണം പ്രബോധിപ്പിച്ചു. അവൻ നല്ല മനുഷ്യനും പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞവനും ആയിരുന്നു; വളരെ പുരുഷാരം കർത്താവിനോടു ചേർന്നു.
അപ്പൊ. പ്രവൃത്തികൾ 11 വായിക്കുക
കേൾക്കുക അപ്പൊ. പ്രവൃത്തികൾ 11
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: അപ്പൊ. പ്രവൃത്തികൾ 11:9-24
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ