അപ്പൊ. പ്രവൃത്തികൾ 11:1-18

അപ്പൊ. പ്രവൃത്തികൾ 11:1-18 MALOVBSI

ജാതികളും ദൈവവചനം കൈക്കൊണ്ടു എന്ന് അപ്പൊസ്തലന്മാരും യെഹൂദ്യയിലുള്ള സഹോദരന്മാരും കേട്ടു. പത്രൊസ് യെരൂശലേമിൽ എത്തിയപ്പോൾ പരിച്ഛേദനക്കാർ അവനോട് വാദിച്ചു: നീ അഗ്രചർമികളുടെ അടുക്കൽ ചെന്ന് അവരോടുകൂടെ ഭക്ഷിച്ചു എന്നു പറഞ്ഞു. പത്രൊസ് കാര്യം ആദിമുതൽ ക്രമമായി അവരോട് വിവരിച്ചുപറഞ്ഞത്: ഞാൻ യോപ്പാപട്ടണത്തിൽ പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾ വിവശതയിൽ ഒരു ദർശനം കണ്ടു: ആകാശത്തിൽനിന്നു നാലു കോണും കെട്ടി ഇറക്കിയ വലിയ തുപ്പട്ടിപോലെ ഒരു പാത്രം എന്റെ അടുക്കലോളം വന്നു. അതിൽ ഞാൻ സൂക്ഷിച്ചുനോക്കിയപ്പോൾ ഭൂമിയിലെ നാല്ക്കാലികളെയും കാട്ടുമൃഗങ്ങളെയും ഇഴജാതികളെയും ആകാശത്തിലെ പറവകളെയും കണ്ടു: പത്രൊസേ, എഴുന്നേറ്റ് അറുത്തു തിന്നുക എന്ന് എന്നോടു പറയുന്നൊരു ശബ്ദവും കേട്ടു. അതിന് ഞാൻ: ഒരിക്കലും പാടില്ല, കർത്താവേ, മലിനമോ അശുദ്ധമോ ആയതൊന്നും ഒരിക്കലും എന്റെ വായിൽ ചെന്നിട്ടില്ലല്ലോ എന്നു പറഞ്ഞു. ആ ശബ്ദം പിന്നെയും ആകാശത്തിൽനിന്ന്: ദൈവം ശുദ്ധീകരിച്ചത് നീ മലിനം എന്ന് വിചാരിക്കരുത് എന്ന് ഉത്തരം പറഞ്ഞു. ഇതു മൂന്നു പ്രാവശ്യം ഉണ്ടായി; പിന്നെ എല്ലാം തിരികെ ആകാശത്തിലേക്കു വലിച്ചെടുത്തു. അപ്പോൾതന്നെ കൈസര്യയിൽനിന്ന് എന്റെ അടുക്കൽ അയച്ചിരുന്ന മൂന്നു പുരുഷന്മാർ ഞങ്ങൾ പാർത്ത വീട്ടിന്റെ മുമ്പിൽ നിന്നിരുന്നു; ഒന്നും സംശയിക്കാതെ അവരോടുകൂടെ പോകുവാൻ ആത്മാവ് എന്നോട് കല്പിച്ചു. ഈ ആറു സഹോദരന്മാരും എന്നോടുകൂടെ പോന്നു; ഞങ്ങൾ ആ പുരുഷന്റെ വീട്ടിൽ ചെന്നു. അവൻ തന്റെ വീട്ടിൽ ഒരു ദൂതൻ നില്ക്കുന്നത് കണ്ടു എന്നും നീ യോപ്പയിലേക്ക് ആളയച്ചു പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വരുത്തുക; നീയും നിന്റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ അവൻ നിന്നോടു സംസാരിക്കും എന്ന് ദൂതൻ പറഞ്ഞു എന്നും ഞങ്ങളോട് അറിയിച്ചു. ഞാൻ സംസാരിച്ചു തുടങ്ങിയപ്പോഴേക്കും പരിശുദ്ധാത്മാവ് ആദിയിൽ നമ്മുടെമേൽ എന്നപോലെ അവരുടെമേലും വന്നു. അപ്പോൾ ഞാൻ: യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു; നിങ്ങൾക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്ന് കർത്താവ് പറഞ്ഞ വാക്ക് ഓർത്തു. ആകയാൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ? അവർ ഇതു കേട്ടപ്പോൾ മിണ്ടാതിരുന്നു: അങ്ങനെ ആയാൽ ദൈവം ജാതികൾക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നല്കിയല്ലോ എന്നു പറഞ്ഞു ദൈവത്തെ മഹത്ത്വപ്പെടുത്തി.