അപ്പോൾ ദാവീദുരാജാവ് അകത്തുചെന്നു യഹോവയുടെ സന്നിധിയിൽ ഇരുന്നു പറഞ്ഞതെന്തെന്നാൽ: കർത്താവായ യഹോവേ, നീ എന്നെ ഇത്രത്തോളം കൊണ്ടുവരുവാൻ ഞാൻ ആർ? എന്റെ ഗൃഹവും എന്തുള്ളൂ? കർത്താവായ യഹോവേ, ഇതും പോരാ എന്നു നിനക്കു തോന്നീട്ടു വരുവാനുള്ള ദീർഘകാലത്തേക്ക് അടിയന്റെ ഗൃഹത്തെക്കുറിച്ചും നീ അരുളിച്ചെയ്തിരിക്കുന്നു. കർത്താവായ യഹോവേ, ഇതു മനുഷ്യർക്ക് ഉപദേശമല്ലോ? ദാവീദ് ഇനി നിന്നോട് എന്തു പറയേണ്ടൂ? കർത്താവായ യഹോവേ, നീ അടിയനെ അറിയുന്നു. നിന്റെ വചനം നിമിത്തവും നിന്റെ പ്രസാദപ്രകാരവും അല്ലോ നീ ഈ വൻകാര്യമൊക്കെയും ചെയ്ത് അടിയനെ അറിയിച്ചിരിക്കുന്നത്. അതുകൊണ്ടു കർത്താവായ യഹോവേ, നീ വലിയവൻ ആകുന്നു; നിന്നെപ്പോലെ ഒരുത്തനുമില്ല; ഞങ്ങൾ സ്വന്ത ചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ നീ അല്ലാതെ ഒരു ദൈവവും ഇല്ല. നിനക്കു ജനമായി വീണ്ടെടുപ്പാനും നിനക്ക് ഒരു നാമം സമ്പാദിപ്പാനും നീ ചെന്നിരിക്കുന്ന നിന്റെ ജനമായ യിസ്രായേലിനു തുല്യമായി ഭൂമിയിൽ ഏതൊരു ജാതിയുള്ളൂ? ദൈവമേ, നീ മിസ്രയീമിൽനിന്നും ജാതികളുടെയും അവരുടെ ദേവന്മാരുടെയും കൈവശത്തുനിന്നും നിനക്കായി വീണ്ടെടുത്തിരിക്കുന്ന നിന്റെ ജനം കാൺകെ അവർക്കുവേണ്ടി വൻകാര്യവും അവരുടെ ദേശത്തിനുവേണ്ടി ഭയങ്കരകാര്യങ്ങളും പ്രവർത്തിച്ചുവല്ലോ. നിന്റെ ജനമായ യിസ്രായേലിനെ നിനക്ക് എന്നേക്കും ജനമായിരിപ്പാൻ നീ നിനക്കായി സ്ഥിരപ്പെടുത്തി, യഹോവേ, നീ അവർക്കു ദൈവമായിത്തീർന്നുമിരിക്കുന്നു. ഇപ്പോഴും കർത്താവായ യഹോവേ, നീ അടിയനെയും അടിയന്റെ ഗൃഹത്തെയും കുറിച്ച് അരുളിച്ചെയ്ത വചനത്തെ എന്നേക്കും ഉറപ്പാക്കി അരുളപ്പാടുപോലെ ചെയ്യേണമേ. സൈന്യങ്ങളുടെ യഹോവ യിസ്രായേലിനു ദൈവം എന്നിങ്ങനെ നിന്റെ നാമം എന്നേക്കും മഹത്ത്വീകരിക്കപ്പെടുമാറാകട്ടെ; നിന്റെ ദാസനായ ദാവീദിന്റെ ഗൃഹം നിന്റെ മുമ്പാകെ സ്ഥിരമായിരിക്കട്ടെ. ഞാൻ നിനക്ക് ഒരു ഗൃഹം പണിയുമെന്നു നീ അടിയന് വെളിപ്പെടുത്തിയതുകൊണ്ട്, യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവേ, നിന്നോട് ഈ പ്രാർഥന കഴിപ്പാൻ അടിയൻ ധൈര്യം പ്രാപിച്ചു. കർത്താവായ യഹോവേ, നീ തന്നെ ദൈവം; നിന്റെ വചനങ്ങൾ സത്യം ആകുന്നു; അടിയന് ഈ നന്മയെ നീ വാഗ്ദാനം ചെയ്തുമിരിക്കുന്നു. ആകയാൽ അടിയന്റെ ഗൃഹം തിരുമുമ്പിൽ എന്നേക്കും ഇരിക്കേണ്ടതിനു പ്രസാദം തോന്നി അനുഗ്രഹിക്കേണമേ; കർത്താവായ യഹോവേ, നീ അങ്ങനെ അരുളിച്ചെയ്തിട്ടുണ്ടല്ലോ; നിന്റെ അനുഗ്രഹത്താൽ അടിയന്റെ ഗൃഹം എന്നേക്കും അനുഗ്രഹിക്കപ്പെട്ടിരിക്കും.
2 ശമൂവേൽ 7 വായിക്കുക
കേൾക്കുക 2 ശമൂവേൽ 7
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 ശമൂവേൽ 7:18-29
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ