യഹോവ ചുറ്റുമുള്ള സകല ശത്രുക്കളെയും അടക്കി രാജാവിനു സ്വസ്ഥത നല്കിയശേഷം രാജാവ് തന്റെ അരമനയിൽ വസിക്കുംകാലത്ത് ഒരിക്കൽ രാജാവ് നാഥാൻപ്രവാചകനോട്: ഇതാ, ഞാൻ ദേവദാരുകൊണ്ടുള്ള അരമനയിൽ വസിക്കുന്നു; ദൈവത്തിന്റെ പെട്ടകമോ തിരശ്ശീലയ്ക്കകത്ത് ഇരിക്കുന്നു എന്നു പറഞ്ഞു. നാഥാൻ രാജാവിനോട്: നീ ചെന്നു നിന്റെ മനസ്സിലുള്ളതൊക്കെയും ചെയ്തുകൊൾക; യഹോവ നിന്നോടുകൂടെ ഉണ്ട് എന്നു പറഞ്ഞു. എന്നാൽ അന്നു രാത്രി യഹോവയുടെ അരുളപ്പാട് നാഥാന് ഉണ്ടായത് എന്തെന്നാൽ: എന്റെ ദാസനായ ദാവീദിനോടു നീ ചെന്നു പറക: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അധിവസിക്കേണ്ടതിനു നീ എനിക്ക് ഒരു ആലയം പണിയുമോ? ഞാൻ യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ച നാൾമുതൽ ഇന്നുവരെയും ഞാൻ ഒരു ആലയത്തിൽ അധിവസിക്കാതെ കൂടാരത്തിലും നിവാസത്തിലുമല്ലോ സഞ്ചരിച്ചുവരുന്നത്. എന്റെ ജനമായ യിസ്രായേലിനെ മേയിപ്പാൻ ഞാൻ കല്പിച്ചാക്കിയ യിസ്രായേൽഗോത്രങ്ങളിൽ ഒന്നിനോട് എനിക്കു ദേവദാരുകൊണ്ട് ഒരു ആലയം പണിയാതിരിക്കുന്നത് എന്ത് എന്ന് എല്ലാ യിസ്രായേൽമക്കളോടുംകൂടെ ഞാൻ സഞ്ചരിച്ചുവന്ന സ്ഥലങ്ങളിൽ എവിടെവച്ചെങ്കിലും ഒരു വാക്കു കല്പിച്ചിട്ടുണ്ടോ? ആകയാൽ നീ എന്റെ ദാസനായ ദാവീദിനോടു പറയേണ്ടതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനമായ യിസ്രായേലിന്മേൽ പ്രഭുവായിരിക്കേണ്ടതിനു ഞാൻ നിന്നെ പുല്പുറത്തുനിന്ന് ആടുകളെ നോക്കിനടക്കുമ്പോൾ തന്നെ എടുത്തു. നീ സഞ്ചരിച്ചുവന്ന എല്ലായിടത്തും ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്റെ സകല ശത്രുക്കളെയും നിന്റെ മുമ്പിൽനിന്നു ഛേദിച്ചുകളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ പേർ പോലെ ഞാൻ നിന്റെ പേർ വലുതാക്കും. ഞാൻ എന്റെ ജനമായ യിസ്രായേലിന് ഒരു സ്ഥലം കല്പിച്ചുകൊടുക്കയും അവർ സ്വന്തസ്ഥലത്തു പാർത്ത് അവിടെനിന്ന് ഇളകാതിരിക്കത്തക്കവണ്ണം അവരെ നടുകയും ചെയ്യും. പണ്ടത്തെപ്പോലെയും എന്റെ ജനമായ യിസ്രായേലിനു ഞാൻ ന്യായാധിപന്മാരെ കല്പിച്ചാക്കിയ കാലത്തെപ്പോലെയും ഇനി ദുഷ്ടന്മാർ അവരെ പീഡിപ്പിക്കയില്ല. ഞാൻ നിന്റെ സകല ശത്രുക്കളെയും അടക്കി നിനക്കു സ്വസ്ഥത നല്കും. അത്രയുമല്ല, യഹോവ നിനക്ക് ഒരു ഗൃഹമുണ്ടാക്കും എന്നു യഹോവ നിന്നോട് അറിയിക്കുന്നു. നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുവാനിരിക്കുന്ന സന്തതിയെ നിന്റെ ആയുഷ്കാലം തികഞ്ഞിട്ടു നിന്റെ പിതാക്കന്മാരോടുകൂടെ നീ നിദ്രകൊള്ളുമ്പോൾ ഞാൻ നിനക്കു പിന്തുടർച്ചയായി സ്ഥിരപ്പെടുത്തുകയും അവന്റെ രാജത്വം ഉറപ്പാക്കുകയും ചെയ്യും. അവൻ എന്റെ നാമത്തിന് ഒരു ആലയം പണിയും; ഞാൻ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും. ഞാൻ അവനു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും. എങ്കിലും നിന്റെ മുമ്പിൽനിന്നു ഞാൻ തള്ളിക്കളഞ്ഞ ശൗലിങ്കൽനിന്നു ഞാൻ എന്റെ ദയ നീക്കിയതുപോലെ അത് അവങ്കൽനിന്നു നീങ്ങിപ്പോകയില്ല. നിന്റെ ഗൃഹവും നിന്റെ രാജത്വവും എന്റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിന്റെ സിംഹാസനവും എന്നേക്കും ഉറച്ചിരിക്കും. ഈ സകല വാക്കുകൾക്കും ദർശനത്തിനും ഒത്തവണ്ണം നാഥാൻ ദാവീദിനോടു സംസാരിച്ചു.
2 ശമൂവേൽ 7 വായിക്കുക
കേൾക്കുക 2 ശമൂവേൽ 7
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 ശമൂവേൽ 7:1-17
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ