2 ശമൂവേൽ 23:8-17

2 ശമൂവേൽ 23:8-17 MALOVBSI

ദാവീദിന് ഉണ്ടായിരുന്ന വീരന്മാരുടെ പേരുകളാവിത്: തഹ്കെമോന്യൻ യോശേബ്-ബശ്ശേബെത്ത്; അവൻ നായകന്മാരിൽ തലവൻ; എണ്ണൂറു പേരെ ഒരേ സമയത്ത് ആക്രമിച്ചു കൊന്ന എസ്ന്യൻ അദീനോ ഇവൻതന്നെ. അവന്റെശേഷം ഒരു അഹോഹ്യന്റെ മകനായ ദോദായിയുടെ മകൻ എലെയാസാർ; അവൻ ഫെലിസ്ത്യർ യുദ്ധത്തിനു കൂടിയിരുന്ന സ്ഥലത്തുനിന്ന് യിസ്രായേല്യർ പൊയ്ക്കളഞ്ഞപ്പോൾ ദാവീദിനോടുകൂടെ നിന്ന് ഫെലിസ്ത്യരെ വെല്ലുവിളിച്ച മൂന്നു വീരന്മാരിൽ ഒരുത്തൻ ആയിരുന്നു. അവൻ എഴുന്നേറ്റു കൈ തളർന്നു വാളോടു പറ്റിപ്പോകുംവരെ ഫെലിസ്ത്യരെ വെട്ടി; അന്ന് യഹോവ വലിയൊരു ജയം നല്കി; കൊള്ളയിടുവാൻ മാത്രമേ പടജ്ജനം അവന്റെ അടുക്കൽ മടങ്ങിവന്നുള്ളൂ. അവന്റെ ശേഷം ഹാരാര്യനായ ആഗേയുടെ മകനായ ശമ്മാ; ഒരിക്കൽ ചെറുപയർ ഉള്ളോരു വയലിൽ കവർച്ചയ്ക്കു ഫെലിസ്ത്യർ കൂടിവന്നപ്പോൾ ജനം ഫെലിസ്ത്യരുടെ മുമ്പിൽനിന്ന് ഓടിപ്പോയി. അവനോ വയലിന്റെ നടുവിൽനിന്ന് അതിനെ കാത്തു ഫെലിസ്ത്യരെ വെട്ടി; യഹോവ വലിയൊരു ജയം നല്കി. മുപ്പതു നായകന്മാരിൽ മൂന്നു പേർ കൊയ്ത്തുകാലത്ത് അദുല്ലാംഗുഹയിൽ ദാവീദിന്റെ അടുക്കൽ ചെന്നു; ഫെലിസ്ത്യരുടെ സൈന്യം രെഫായീംതാഴ്‌വരയിൽ പാളയമിറങ്ങിയിരുന്നു. അന്ന് ദാവീദ് ദുർഗത്തിൽ ആയിരുന്നു; ഫെലിസ്ത്യർക്കു ബേത്‍ലഹേമിൽ അക്കാലത്ത് ഒരു കാവൽപ്പട്ടാളം ഉണ്ടായിരുന്നു. ബേത്‍ലഹേം പട്ടണവാതിൽക്കലെ കിണറ്റിൽനിന്നും വെള്ളം എനിക്കു കുടിപ്പാൻ ആർ കൊണ്ടുവന്നു തരും എന്നു ദാവീദ് ആർത്തിപൂണ്ടു പറഞ്ഞു. അപ്പോൾ ആ മൂന്നു വീരന്മാരും ഫെലിസ്ത്യരുടെ പാളയത്തിൽക്കൂടി കടന്നുചെന്നു ബേത്‍ലഹേം പട്ടണവാതിൽക്കലെ കിണറ്റിൽനിന്നു വെള്ളം കോരി ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു; അവനോ അതു കുടിപ്പാൻ മനസ്സില്ലാതെ യഹോവയ്ക്കു നിവേദിച്ച് ഒഴിച്ചു: യഹോവേ, തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചുപോയ പുരുഷന്മാരുടെ രക്തം ഞാൻ കുടിക്കയോ? ഇതു ചെയ്‍വാൻ എനിക്കു സംഗതി വരരുതേ എന്നു പറഞ്ഞു; അതു കുടിപ്പാൻ അവനു മനസ്സില്ലായിരുന്നു. ഇതാകുന്നു ഈ മൂന്നു വീരന്മാർ ചെയ്തത്.