2 ശമൂവേൽ 21:15-22

2 ശമൂവേൽ 21:15-22 MALOVBSI

ഫെലിസ്ത്യർക്കു യിസ്രായേലിനോടു വീണ്ടും യുദ്ധം ഉണ്ടായി; ദാവീദ് തന്റെ ഭൃത്യന്മാരുമായി ചെന്നു ഫെലിസ്ത്യരോടു പടയേറ്റു; ദാവീദ് തളർന്നുപോയി. അപ്പോൾ മുന്നൂറു ശേക്കെൽ തൂക്കമുള്ള താമ്രശൂലം ധരിച്ചവനും പുതിയ വാൾ അരയ്ക്കു കെട്ടിയവനുമായി രാഫാമക്കളിൽ യിശ്ബി-ബെനോബ് എന്നൊരുവൻ ദാവീദിനെ കൊല്ലുവാൻ ഭാവിച്ചു. എന്നാൽ സെരൂയയുടെ മകനായ അബീശായി അവനു തുണയായ് വന്നു ഫെലിസ്ത്യനെ വെട്ടിക്കൊന്നു; അപ്പോൾ ദാവീദിന്റെ ഭൃത്യന്മാർ അവനോട്: നീ യിസ്രായേലിന്റെ ദീപം കെടുക്കാതിരിക്കേണ്ടതിന് മേലാൽ ഞങ്ങളോടുകൂടെ യുദ്ധത്തിനു പുറപ്പെടരുത് എന്നു സത്യം ചെയ്തു പറഞ്ഞു. അതിന്റെശേഷം ഗോബിൽവച്ചു വീണ്ടും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; അപ്പോൾ ഹൂശാത്യനായ സിബ്ബെഖായി മല്ലന്മാരുടെ മക്കളിൽ ഒരുത്തനായ സഫിനെ വെട്ടിക്കൊന്നു. ഗോബിൽവച്ചു പിന്നെയും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; അവിടെവച്ചു ബേത്‍ലഹേമ്യനായ യാരെ-ഓരെഗീമിന്റെ മകൻ എൽഹാനാൻ ഗിത്യനായ ഗൊല്യാത്തിനെ വെട്ടിക്കൊന്നു; അവന്റെ കുന്തത്തണ്ടു നെയ്ത്തുകാരുടെ പടപ്പുതടിപോലെ ആയിരുന്നു. പിന്നെയും ഗത്തിൽവച്ചു യുദ്ധം ഉണ്ടായി; അവിടെ ഒരു ദീർഘകായൻ ഉണ്ടായിരുന്നു; അവന്റെ ഓരോ കൈക്ക് ആറാറുവിരലും ഓരോ കാലിന് ആറാറു വിരലും ആകെ ഇരുപത്തിനാലു വിരൽ ഉണ്ടായിരുന്നു; ഇവനും രാഫയ്ക്കു ജനിച്ചവനായിരുന്നു. അവൻ യിസ്രായേലിനെ ധിക്കരിച്ചപ്പോൾ ദാവീദിന്റെ സഹോദരനായ ശിമെയയുടെ മകൻ യോനാഥാൻ അവനെ കൊന്നുകളഞ്ഞു. ഈ നാലു പേരും ഗത്തിൽ രാഫയ്ക്കു ജനിച്ചവരായിരുന്നു. അവർ ദാവീദിന്റെയും അവന്റെ ഭൃത്യന്മാരുടെയും കൈയാൽ പട്ടുപോയി.