2 ശമൂവേൽ 15:13-37

2 ശമൂവേൽ 15:13-37 MALOVBSI

അനന്തരം ഒരു ദൂതൻ ദാവീദിന്റെ അടുക്കൽ വന്നു: യിസ്രായേല്യരുടെ ഹൃദയം അബ്ശാലോമിനോടു യോജിച്ചുപോയി എന്നറിയിച്ചു. അപ്പോൾ ദാവീദ് യെരൂശലേമിൽ തന്നോടുകൂടെയുള്ള സകല ഭൃത്യന്മാരോടും: നാം എഴുന്നേറ്റ് ഓടിപ്പോക; അല്ലെങ്കിൽ നമ്മിൽ ആരും അബ്ശാലോമിന്റെ കൈയിൽനിന്നു തെറ്റിപ്പോകയില്ല; അവൻ പെട്ടെന്നു വന്നു നമ്മെ പിടിച്ചു നമുക്ക് അനർഥം വരുത്തുകയും പട്ടണത്തെ വാളിന്റെ വായ്ത്തലയാൽ നശിപ്പിക്കയും ചെയ്യാതിരിക്കേണ്ടതിനു ക്ഷണത്തിൽ പുറപ്പെടുവിൻ എന്നു പറഞ്ഞു. രാജഭൃത്യന്മാർ രാജാവിനോട്: യജമാനനായ രാജാവിന്റെ ഹിതമൊക്കെയും അടിയങ്ങൾക്കു സമ്മതം എന്നു പറഞ്ഞു. അങ്ങനെ രാജാവ് പുറപ്പെട്ടു; അവന്റെ ഗൃഹമൊക്കെയും അവനെ പിൻചെന്നു; എന്നാൽ രാജധാനി സൂക്ഷിപ്പാൻ രാജാവ് പത്തു വെപ്പാട്ടികളെ താമസിപ്പിച്ചിരുന്നു. ഇങ്ങനെ രാജാവ് പുറപ്പെട്ടു ജനമൊക്കെയും പിന്നാലെ ചെന്നു; അവർ ബേത്ത്-മെർഹാക്കിൽ നിന്നു; അവന്റെ സകല ഭൃത്യന്മാരും അവന്റെ അരികത്തുകൂടി കടന്നുപോയി; എല്ലാ ക്രേത്യരും എല്ലാ പ്ലേത്യരും അവനോടുകൂടെ ഗത്തിൽനിന്നു പോന്നിരുന്ന അറുനൂറു പേരായ എല്ലാ ഗിത്യരും രാജാവിന്റെ മുമ്പാകെ കടന്നുപോയി. രാജാവ് ഗിത്യനായ ഇത്ഥായിയോടു പറഞ്ഞതെന്തെന്നാൽ: നീയും ഞങ്ങളോടുകൂടെ വരുന്നതെന്തിന്? നീ മടങ്ങിച്ചെന്നു രാജാവിനോടുകൂടെ പാർക്ക; നീ പരദേശിയും സ്വദേശഭ്രഷ്ടനും അല്ലോ; നിന്റെ സ്ഥലത്തേക്കു തന്നെ പൊയ്ക്കൊൾക; നീ ഇന്നലെ വന്നതേയുള്ളൂ; ഇന്നു ഞാൻ നിന്നെ ഞങ്ങളോടുകൂടെ അലഞ്ഞുനടക്കുമാറാക്കുമോ? ഞാൻ തരം കാണുന്നേടത്തേക്കു പോകുന്നു; നീ നിന്റെ സഹോദരന്മാരെയുംകൂട്ടി മടങ്ങിപ്പോക; ദയയും വിശ്വസ്തതയും നിന്നോടുകൂടെ ഇരിക്കട്ടെ. അതിന് ഇത്ഥായി രാജാവിനോട്: യഹോവയാണ, യജമാനനായ രാജാവാണ, യജമാനനായ രാജാവ് എവിടെ ഇരിക്കുന്നുവോ അവിടെത്തന്നെ മരണമോ ജീവനോ എന്തു വന്നാലും അടിയനും ഇരിക്കും എന്നു പറഞ്ഞു. ദാവീദ് ഇത്ഥായിയോട്: നീ കൂടെപ്പോരിക എന്നു പറഞ്ഞു; അങ്ങനെ ഗിത്യനായ ഇത്ഥായിയും അവന്റെ ആളുകളും അവനോടുകൂടെയുള്ള കുഞ്ഞുകുട്ടികളും എല്ലാം കടന്നുപോയി. ദേശത്തൊക്കെയും വലിയ കരച്ചലായി; ജനമെല്ലാം കടന്നുപോയി; രാജാവും കിദ്രോൻതോടു കടന്നു; ജനമൊക്കെയും മരുഭൂമിയിലേക്കുള്ള വഴിക്കു പോയി. സാദോക്കും അവനോടുകൂടെ ദൈവത്തിന്റെ നിയമപെട്ടകം ചുമന്നുകൊണ്ട് എല്ലാ ലേവ്യരും വന്നു. അവർ ദൈവത്തിന്റെ പെട്ടകം താഴെ വച്ചു, ജനമൊക്കെയും പട്ടണത്തിൽനിന്നു കടന്നുതീരുംവരെ അബ്യാഥാർ മല കയറിച്ചെന്നു. രാജാവ് സാദോക്കിനോട്: നീ ദൈവത്തിന്റെ പെട്ടകം പട്ടണത്തിലേക്കു തിരികെ കൊണ്ടുപോക; യഹോവയ്ക്ക് എന്നോടു കൃപ തോന്നിയാൽ അവൻ എന്നെ മടക്കിവരുത്തും; ഇതും തിരുനിവാസവും കാൺമാൻ എനിക്ക് ഇടയാകും. അല്ല, എനിക്കു നിന്നിൽ പ്രസാദമില്ല എന്ന് അവൻ കല്പിക്കുന്നെങ്കിൽ, ഇതാ, ഞാൻ ഒരുക്കം; അവൻ തനിക്കു ഹിതമാകുംവണ്ണം എന്നോടു ചെയ്യട്ടെ എന്നു പറഞ്ഞു. രാജാവ് പിന്നെയും പുരോഹിതനായ സാദോക്കിനോട്: ദർശകാ, നീ സമാധാനത്തോടെ പട്ടണത്തിലേക്കു മടങ്ങിപ്പോക; നിങ്ങളുടെ രണ്ടു പുത്രന്മാർ, നിന്റെ മകൻ അഹീമാസും അബ്യാഥാരിന്റെ മകൻ യോനാഥാനും നിങ്ങളോടുകൂടെ ഉണ്ടല്ലോ. എനിക്കു നിങ്ങളുടെ അടുക്കൽനിന്നു സൂക്ഷ്മവർത്തമാനം കിട്ടുംവരെ ഞാൻ മരുഭൂമിയിലേക്കുള്ള കടവിങ്കൽ താമസിക്കും എന്നു പറഞ്ഞു. അങ്ങനെ സാദോക്കും അബ്യാഥാരും ദൈവത്തിന്റെ പെട്ടകം യെരൂശലേമിലേക്കു തിരികെ കൊണ്ടുപോയി, അവിടെ താമസിച്ചു. ദാവീദ് തല മൂടിയും ചെരുപ്പിടാതെയും നടന്നു കരഞ്ഞുംകൊണ്ട് ഒലിവുമലയുടെ കയറ്റം കയറി; കൂടെയുള്ള ജനമൊക്കെയും തല മൂടി കരഞ്ഞുംകൊണ്ട് കയറിച്ചെന്നു. അബ്ശാലോമിനോടു കൂടെയുള്ള കൂട്ടുകെട്ടുകാരിൽ അഹീഥോഫെലും ഉണ്ടെന്നു ദാവീദിന് അറിവുകിട്ടിയപ്പോൾ: യഹോവേ, അഹീഥോഫെലിന്റെ ആലോചനയെ അബദ്ധമാക്കേണമേ എന്നു പറഞ്ഞു. പിന്നെ ദാവീദ് മലമുകളിൽ ദൈവത്തെ ആരാധിച്ചുവന്ന സ്ഥലത്ത് എത്തിയപ്പോൾ അർഖ്യനായ ഹൂശായി അങ്കി കീറിയും തലയിൽ മണ്ണു വാരിയിട്ടുംകൊണ്ട് അവന് എതിരേ വരുന്നതു കണ്ടു. അവനോടു ദാവീദ് പറഞ്ഞത്: നീ എന്നോടുകൂടെ പോന്നാൽ എനിക്കു ഭാരമായിരിക്കും. എന്നാൽ നീ പട്ടണത്തിലേക്കു മടങ്ങിച്ചെന്ന് അബ്ശാലോമിനോട്: രാജാവേ, ഞാൻ നിന്റെ ദാസനായിരുന്നു കൊള്ളാം; ഞാൻ ഇതുവരെ നിന്റെ അപ്പന്റെ ദാസൻ ആയിരുന്നതുപോലെ ഇപ്പോൾ നിന്റെ ദാസനായിരിക്കാം എന്നു പറഞ്ഞാൽ നിനക്ക് അഹീഥോഫെലിന്റെ ആലോചനയെ വ്യർഥമാക്കുവാൻ കഴിയും. അവിടെ നിന്നോടുകൂടെ പുരോഹിതന്മാരായ സാദോക്കും അബ്യാഥാരും ഉണ്ട്. അതുകൊണ്ട് രാജധാനിയിൽനിന്നു കേൾക്കുന്ന വർത്തമാനമൊക്കെയും നീ പുരോഹിതന്മാരായ സാദോക്കിനെയും അബ്യാഥാരിനെയും അറിയിക്കേണം. അവിടെ അവരോടുകൂടെ അവരുടെ രണ്ടു പുത്രന്മാർ, സാദോക്കിന്റെ മകൻ അഹീമാസും അബ്യാഥാരിന്റെ മകൻ യോനാഥാനും ഉണ്ട്; നിങ്ങൾ കേൾക്കുന്ന വർത്തമാനമൊക്കെയും അവർ മുഖാന്തരം എന്നെ അറിയിപ്പിൻ. അങ്ങനെ ദാവീദിന്റെ സ്നേഹിതനായ ഹൂശായി പട്ടണത്തിൽ ചെന്നു. അബ്ശാലോമും യെരൂശലേമിൽ എത്തി.