2 രാജാക്കന്മാർ 6:8-14

2 രാജാക്കന്മാർ 6:8-14 MALOVBSI

അനന്തരം അരാംരാജാവിന് യിസ്രായേലിനോടു യുദ്ധം ഉണ്ടായി; ഇന്നിന്ന സ്ഥലത്തു പാളയം ഇറങ്ങേണം എന്നിങ്ങനെ അവൻ തന്റെ ഭൃത്യന്മാരുമായി ആലോചന കഴിച്ചു. എന്നാൽ ദൈവപുരുഷൻ യിസ്രായേൽരാജാവിനോട്: ഇന്ന സ്ഥലത്തുകൂടി കടക്കാതിരിപ്പാൻ സൂക്ഷിക്ക; അരാമ്യർ അവിടേക്ക് വരുന്നുണ്ട് എന്നു പറയിച്ചു. ദൈവപുരുഷൻ പറഞ്ഞും പ്രബോധിപ്പിച്ചും ഇരുന്നസ്ഥലത്തേക്കു യിസ്രായേൽരാജാവ് ആളയച്ചു; അങ്ങനെ അവൻ ഒരു പ്രാവശ്യമല്ല, രണ്ടു പ്രാവശ്യവുമല്ല തന്നെത്താൻ രക്ഷിച്ചത്. ഇതു ഹേതുവായി അരാംരാജാവിന്റെ മനസ്സ് ഏറ്റവും കലങ്ങി; അവൻ ഭൃത്യന്മാരെ വിളിച്ച് അവരോട്: നമ്മുടെ കൂട്ടത്തിൽ യിസ്രായേൽരാജാവിന്റെ പക്ഷക്കാരൻ ആരെന്നു നിങ്ങൾ പറഞ്ഞുതരികയില്ലയോ എന്നു ചോദിച്ചു. അവന്റെ ഭൃത്യന്മാരിൽ ഒരുത്തൻ: യജമാനനായ രാജാവേ, കാര്യം അങ്ങനെയല്ല; നീ ശയനഗൃഹത്തിൽ സംസാരിക്കുന്ന വാക്കുകൾ യിസ്രായേലിലെ പ്രവാചകനായ എലീശാ യിസ്രായേൽരാജാവിനെ അറിയിക്കുന്നു എന്നു പറഞ്ഞു. നിങ്ങൾ ചെന്ന് അവൻ എവിടെ ഇരിക്കുന്നു എന്നു നോക്കുവിൻ; ഞാൻ ആളയച്ച് അവനെ പിടിപ്പിക്കും എന്ന് അവൻ കല്പിച്ചു. അവൻ ദോഥാനിൽ ഉണ്ടെന്ന് അവന് അറിവുകിട്ടി. അവൻ അവിടേക്കു ശക്തിയുള്ള സൈന്യത്തെ കുതിരകളും രഥങ്ങളുമായി അയച്ചു; അവർ രാത്രിയിൽ ചെന്നു പട്ടണം വളഞ്ഞു.