ദൈവപുരുഷന്റെ ബാല്യക്കാരൻ രാവിലെ എഴുന്നേറ്റു പുറത്തിറങ്ങിയപ്പോൾ ഒരു സൈന്യം കുതിരകളും രഥങ്ങളുമായി പട്ടണം വളഞ്ഞിരിക്കുന്നതു കണ്ടു; ബാല്യക്കാരൻ അവനോട്: അയ്യോ യജമാനനേ, നാം എന്തു ചെയ്യും എന്നു പറഞ്ഞു. അതിന് അവൻ: പേടിക്കേണ്ടാ; നമ്മോടുകൂടെയുള്ളവർ അവരോടുകൂടെയുള്ളവരെക്കാൾ അധികം എന്നു പറഞ്ഞു. പിന്നെ എലീശാ പ്രാർഥിച്ചു: യഹോവേ, ഇവൻ കാണത്തക്കവണ്ണം ഇവന്റെ കണ്ണു തുറക്കേണമേ എന്നു പറഞ്ഞു. യഹോവ ബാല്യക്കാരന്റെ കണ്ണു തുറന്നു; എലീശായുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളുംകൊണ്ടു മല നിറഞ്ഞിരിക്കുന്നത് അവൻ കണ്ടു. അവർ അവന്റെ അടുക്കൽ വന്നപ്പോൾ എലീശാ യഹോവയോടു പ്രാർഥിച്ചു: ഈ ജാതിയെ അന്ധത പിടിപ്പിക്കേണമേ എന്നു പറഞ്ഞു. എലീശായുടെ അപേക്ഷപ്രകാരം അവൻ അവരെ അന്ധത പിടിപ്പിച്ചു. എലീശാ അവരോട്: ഇതല്ല വഴി; പട്ടണവും ഇതല്ല; എന്റെ പിന്നാലെ വരുവിൻ; നിങ്ങൾ അന്വേഷിക്കുന്ന ആളുടെ അടുക്കൽ ഞാൻ നിങ്ങളെ കൊണ്ടുപോകാം എന്നു പറഞ്ഞു. അവൻ അവരെ ശമര്യയിലേക്കു കൂട്ടിക്കൊണ്ടുപോയി. ശമര്യയിൽ എത്തിയപ്പോൾ എലീശാ: യഹോവേ, കാണത്തക്കവണ്ണം ഇവരുടെ കണ്ണ് തുറക്കേണമേ എന്നു പറഞ്ഞു. യഹോവ അവരുടെ കണ്ണു തുറന്നു; അവർ നോക്കിയപ്പോൾ തങ്ങൾ ശമര്യയുടെ നടുവിൽ നില്ക്കുന്നതു കണ്ടു. യിസ്രായേൽരാജാവ് അവരെ കണ്ടിട്ട് എലീശായോട്: എന്റെ പിതാവേ, വെട്ടിക്കളയട്ടെ ഞാൻ ഇവരെ വെട്ടിക്കളയട്ടെ എന്നു ചോദിച്ചു. അതിന് അവൻ: വെട്ടിക്കളയരുത്; നിന്റെ വാൾകൊണ്ടും വില്ലുകൊണ്ടും പിടിച്ചവരെ നീ വെട്ടിക്കളയുമോ? ഇവർ തിന്നുകുടിച്ച് തങ്ങളുടെ യജമാനന്റെ അടുക്കൽ പോകേണ്ടതിന് അപ്പവും വെള്ളവും അവർക്കു കൊടുക്കുക എന്നു പറഞ്ഞു. അങ്ങനെ അവൻ അവർക്കു വലിയൊരു വിരുന്നൊരുക്കി; അവർ തിന്നുകുടിച്ചശേഷം അവൻ അവരെ വിട്ടയച്ചു; അവർ തങ്ങളുടെ യജമാനന്റെ അടുക്കൽപോയി. അരാമ്യപ്പടക്കൂട്ടങ്ങൾ യിസ്രായേൽദേശത്തേക്കു പിന്നെ വന്നില്ല.
2 രാജാക്കന്മാർ 6 വായിക്കുക
കേൾക്കുക 2 രാജാക്കന്മാർ 6
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 രാജാക്കന്മാർ 6:15-23
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ