2 രാജാക്കന്മാർ 6:1-17

2 രാജാക്കന്മാർ 6:1-17 MALOVBSI

പ്രവാചകശിഷ്യന്മാർ എലീശായോട്: ഞങ്ങൾ പാർക്കുന്ന ഈ സ്ഥലം ഞങ്ങൾക്കു തീരെ ഇടുക്കമായിരിക്കുന്നു എന്നു നീ കാണുന്നുവല്ലോ. ഞങ്ങൾ യോർദ്ദാനോളം ചെന്ന് അവിടെനിന്ന് ഓരോരുത്തൻ ഓരോ മരം കൊണ്ടുവന്നു ഞങ്ങൾക്കു പാർക്കേണ്ടതിന് ഒരു സ്ഥലം ഉണ്ടാക്കട്ടെ എന്നു ചോദിച്ചു. പോകുവിൻ എന്ന് അവൻ പറഞ്ഞു. അവരിൽ ഒരുത്തൻ: ദയ ചെയ്ത് അടിയങ്ങളോടുകൂടെ പോരേണമേ എന്ന് അപേക്ഷിച്ചതിനു പോരാം എന്ന് അവൻ പറഞ്ഞു. അങ്ങനെ അവൻ അവരോടുകൂടെ പോയി; അവർ യോർദ്ദാങ്കൽ എത്തി മരംമുറിച്ചു. എന്നാൽ ഒരുത്തൻ ഒരു മരം മുറിക്കുമ്പോൾ കോടാലി ഊരി വെള്ളത്തിൽ വീണു; അയ്യോ കഷ്ടം; യജമാനനേ, അതു വായ്പ വാങ്ങിയതായിരുന്നു എന്ന് അവൻ നിലവിളിച്ചു. അത് എവിടെ വീണു എന്നു ദൈവപുരുഷൻ ചോദിച്ചു; അവൻ ആ സ്ഥലം അവനെ കാണിച്ചു; അവൻ ഒരു കോൽ വെട്ടി അവിടെ എറിഞ്ഞു; ആ ഇരുമ്പു പൊങ്ങിവന്നു. അത് എടുത്തുകൊൾക എന്ന് അവൻ പറഞ്ഞു. അവൻ കൈ നീട്ടി അതെടുത്തു. അനന്തരം അരാംരാജാവിന് യിസ്രായേലിനോടു യുദ്ധം ഉണ്ടായി; ഇന്നിന്ന സ്ഥലത്തു പാളയം ഇറങ്ങേണം എന്നിങ്ങനെ അവൻ തന്റെ ഭൃത്യന്മാരുമായി ആലോചന കഴിച്ചു. എന്നാൽ ദൈവപുരുഷൻ യിസ്രായേൽരാജാവിനോട്: ഇന്ന സ്ഥലത്തുകൂടി കടക്കാതിരിപ്പാൻ സൂക്ഷിക്ക; അരാമ്യർ അവിടേക്ക് വരുന്നുണ്ട് എന്നു പറയിച്ചു. ദൈവപുരുഷൻ പറഞ്ഞും പ്രബോധിപ്പിച്ചും ഇരുന്നസ്ഥലത്തേക്കു യിസ്രായേൽരാജാവ് ആളയച്ചു; അങ്ങനെ അവൻ ഒരു പ്രാവശ്യമല്ല, രണ്ടു പ്രാവശ്യവുമല്ല തന്നെത്താൻ രക്ഷിച്ചത്. ഇതു ഹേതുവായി അരാംരാജാവിന്റെ മനസ്സ് ഏറ്റവും കലങ്ങി; അവൻ ഭൃത്യന്മാരെ വിളിച്ച് അവരോട്: നമ്മുടെ കൂട്ടത്തിൽ യിസ്രായേൽരാജാവിന്റെ പക്ഷക്കാരൻ ആരെന്നു നിങ്ങൾ പറഞ്ഞുതരികയില്ലയോ എന്നു ചോദിച്ചു. അവന്റെ ഭൃത്യന്മാരിൽ ഒരുത്തൻ: യജമാനനായ രാജാവേ, കാര്യം അങ്ങനെയല്ല; നീ ശയനഗൃഹത്തിൽ സംസാരിക്കുന്ന വാക്കുകൾ യിസ്രായേലിലെ പ്രവാചകനായ എലീശാ യിസ്രായേൽരാജാവിനെ അറിയിക്കുന്നു എന്നു പറഞ്ഞു. നിങ്ങൾ ചെന്ന് അവൻ എവിടെ ഇരിക്കുന്നു എന്നു നോക്കുവിൻ; ഞാൻ ആളയച്ച് അവനെ പിടിപ്പിക്കും എന്ന് അവൻ കല്പിച്ചു. അവൻ ദോഥാനിൽ ഉണ്ടെന്ന് അവന് അറിവുകിട്ടി. അവൻ അവിടേക്കു ശക്തിയുള്ള സൈന്യത്തെ കുതിരകളും രഥങ്ങളുമായി അയച്ചു; അവർ രാത്രിയിൽ ചെന്നു പട്ടണം വളഞ്ഞു. ദൈവപുരുഷന്റെ ബാല്യക്കാരൻ രാവിലെ എഴുന്നേറ്റു പുറത്തിറങ്ങിയപ്പോൾ ഒരു സൈന്യം കുതിരകളും രഥങ്ങളുമായി പട്ടണം വളഞ്ഞിരിക്കുന്നതു കണ്ടു; ബാല്യക്കാരൻ അവനോട്: അയ്യോ യജമാനനേ, നാം എന്തു ചെയ്യും എന്നു പറഞ്ഞു. അതിന് അവൻ: പേടിക്കേണ്ടാ; നമ്മോടുകൂടെയുള്ളവർ അവരോടുകൂടെയുള്ളവരെക്കാൾ അധികം എന്നു പറഞ്ഞു. പിന്നെ എലീശാ പ്രാർഥിച്ചു: യഹോവേ, ഇവൻ കാണത്തക്കവണ്ണം ഇവന്റെ കണ്ണു തുറക്കേണമേ എന്നു പറഞ്ഞു. യഹോവ ബാല്യക്കാരന്റെ കണ്ണു തുറന്നു; എലീശായുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളുംകൊണ്ടു മല നിറഞ്ഞിരിക്കുന്നത് അവൻ കണ്ടു.