ഒരു ദിവസം എലീശാ ശൂനേമിലേക്കു പോയി; അവിടെ ധനികയായൊരു സ്ത്രീ ഉണ്ടായിരുന്നു; അവൾ അവനെ ഭക്ഷണത്തിനു വരേണം എന്നു നിർബന്ധിച്ചു. പിന്നത്തേതിൽ അവൻ ആ വഴി പോകുമ്പോഴൊക്കെയും ഭക്ഷണത്തിന് അവിടെ കയറും. അവൾ തന്റെ ഭർത്താവിനോട്: നമ്മുടെ വഴിയായി കൂടെക്കൂടെ കടന്നുപോകുന്ന ഈയാൾ വിശുദ്ധനായൊരു ദൈവപുരുഷൻ എന്നു ഞാൻ കാണുന്നു. നാം ചുവരോടുകൂടിയ ചെറിയൊരു മാളികമുറി പണിതുണ്ടാക്കുക; അതിൽ അവന് ഒരു കട്ടിലും ഒരു മേശയും ഒരു നാല്ക്കാലിയും ഒരു നിലവിളക്കും വയ്ക്കുക; അവൻ നമ്മുടെ അടുക്കൽ വരുമ്പോൾ അവന് അവിടെ കയറി പാർക്കാമല്ലോ എന്നു പറഞ്ഞു. പിന്നെ ഒരു ദിവസം അവൻ അവിടെ വരുവാൻ ഇടയായി; അവൻ ആ മാളികമുറിയിൽ കയറി അവിടെ കിടന്നുറങ്ങി. അവൻ തന്റെ ബാല്യക്കാരനായ ഗേഹസിയോട്: ശൂനേംകാരത്തിയെ വിളിക്ക എന്നു പറഞ്ഞു. അവൻ അവളെ വിളിച്ചു. അവൾ അവന്റെ മുമ്പിൽ വന്നുനിന്നു. അവൻ അവനോട്: നീ ഇത്ര താൽപര്യത്തോടെയൊക്കെയും ഞങ്ങൾക്കുവേണ്ടി കരുതിയല്ലോ? നിനക്കുവേണ്ടി എന്തു ചെയ്യേണം? രാജാവിനോടോ സേനാധിപതിയോടോ നിനക്കുവേണ്ടി വല്ലതും പറയേണ്ടതുണ്ടോ എന്നു നീ അവളോടു ചോദിക്കുക എന്നു പറഞ്ഞു. അതിന് അവൾ: ഞാൻ സ്വജനത്തിന്റെ മധ്യേ വസിക്കുന്നു എന്നു പറഞ്ഞു. എന്നാൽ അവൾക്കുവേണ്ടി എന്തു ചെയ്യാമെന്ന് അവൻ ചോദിച്ചതിനു ഗേഹസി: അവൾക്കു മകനില്ലല്ലോ; അവളുടെ ഭർത്താവു വൃദ്ധനും ആകുന്നു എന്നു പറഞ്ഞു. അവളെ വിളിക്ക എന്ന് അവൻ പറഞ്ഞു. അവൻ അവളെ വിളിച്ചപ്പോൾ അവൾ വാതിൽക്കൽ വന്നുനിന്നു. അപ്പോൾ അവൻ: വരുന്ന ആണ്ടിൽ ഈ സമയമാകുമ്പോഴേക്ക് നീ ഒരു മകനെ അണച്ചുകൊള്ളും എന്നു പറഞ്ഞു. അതിന് അവൾ: അല്ല, ദൈവപുരുഷനായ എന്റെ യജമാനനേ, അടിയനോടു ഭോഷ്കു പറയരുതേ എന്നു പറഞ്ഞു. ആ സ്ത്രീ ഗർഭം ധരിച്ചു പിറ്റേ ആണ്ടിൽ എലീശാ അവളോടു പറഞ്ഞ സമയത്തുതന്നെ ഒരു മകനെ പ്രസവിച്ചു. ബാലൻ വളർന്നപ്പോൾ ഒരു ദിവസം അവൻ കൊയ്ത്തുകാരോടുകൂടെ ഇരുന്ന തന്റെ അപ്പന്റെ അടുക്കൽ ചെന്നു. അവൻ അപ്പനോട്: എന്റെ തല, എന്റെ തല എന്നു പറഞ്ഞു. അവൻ ഒരു ബാല്യക്കാരനോട്: ഇവനെ എടുത്ത് അമ്മയുടെ അടുക്കൽ കൊണ്ടുപോക എന്നു പറഞ്ഞു. അവൻ അവനെ എടുത്ത് അവന്റെ അമ്മയുടെ അടുക്കൽ കൊണ്ടുചെന്നു; അവൻ ഉച്ചവരെ അവളുടെ മടിയിൽ ഇരുന്നശേഷം മരിച്ചുപോയി. അപ്പോൾ അവൾ കയറിച്ചെന്ന് അവനെ ദൈവപുരുഷന്റെ കട്ടിലിന്മേൽ കിടത്തി വാതിൽ അടച്ചു പുറത്തിറങ്ങി. പിന്നെ അവൾ തന്റെ ഭർത്താവിനെ വിളിച്ചു: ഞാൻ വേഗത്തിൽ ദൈവപുരുഷന്റെ അടുക്കലോളം പോയിവരേണ്ടതിന് എനിക്ക് ഒരു ബാല്യക്കാരനെയും ഒരു കഴുതയെയും അയച്ചുതരേണമേ എന്നു പറഞ്ഞു. അതിന് അവൻ: ഇന്നു നീ അവന്റെ അടുക്കൽ പോകുന്നത് എന്തിന്? ഇന്ന് അമാവാസിയല്ല, ശബ്ബത്തും അല്ലല്ലോ എന്നു പറഞ്ഞു. വേണ്ടതില്ല എന്ന് അവൾ പറഞ്ഞു. അങ്ങനെ അവൾ കഴുതപ്പുറത്തു കോപ്പിട്ടു കയറി ബാല്യക്കാരനോട്: നല്ലവണ്ണം തെളിച്ചുവിടുക; ഞാൻ പറഞ്ഞല്ലാതെ വഴിയിൽ എവിടെയും നിർത്തരുത് എന്നു പറഞ്ഞു. അവൾ ചെന്നു കർമ്മേൽപർവതത്തിൽ ദൈവപുരുഷന്റെ അടുക്കൽ എത്തി; ദൈവപുരുഷൻ അവളെ ദൂരത്തു കണ്ടപ്പോൾ തന്റെ ബാല്യക്കാരനായ ഗേഹസിയോട്: അതാ, ശൂനേംകാരത്തി വരുന്നു. നീ ഓടിച്ചെന്ന് അവളെ എതിരേറ്റ്: സുഖം തന്നെയോ? ഭർത്താവു സുഖമായിരിക്കുന്നുവോ? ബാലനു സുഖമുണ്ടോ എന്ന് അവളോടു ചോദിക്കേണം എന്നു പറഞ്ഞു. സുഖം തന്നെ എന്ന് അവൾ പറഞ്ഞു. അവൾ പർവതത്തിൽ ദൈവപുരുഷന്റെ അടുക്കൽ എത്തിയപ്പോൾ അവന്റെ കാൽ പിടിച്ചു; ഗേഹസി അവളെ മാറ്റുവാൻ അടുത്തു ചെന്നാറെ ദൈവപുരുഷൻ: അവളെ വിടുക; അവൾക്കു വലിയ മനോവ്യസനം ഉണ്ട്; യഹോവ അത് എന്നെ അറിയിക്കാതെ മറച്ചിരിക്കുന്നു എന്നു പറഞ്ഞു. ഞാൻ യജമാനനോട് ഒരു മകനെ ചോദിച്ചിരുന്നുവോ? എന്നെ ചതിക്കരുതേ എന്നു ഞാൻ പറഞ്ഞില്ലയോ എന്ന് അവൾ പറഞ്ഞു. ഉടനെ അവൻ ഗേഹസിയോട്: നീ അര കെട്ടി എന്റെ വടിയും കൈയിൽ എടുത്തുപോക; നീ ആരെ എങ്കിലും കണ്ടാൽ വന്ദനം ചെയ്യരുത്; നിന്നെ വന്ദനം ചെയ്താൽ പ്രതിവന്ദനം പറകയും അരുത്; എന്റെ വടി ബാലന്റെ മുഖത്തു വയ്ക്കേണം എന്നു പറഞ്ഞു. എന്നാൽ ബാലന്റെ അമ്മ യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിടുകയില്ല എന്നു പറഞ്ഞു; അങ്ങനെ അവൻ എഴുന്നേറ്റ് അവളോടുകൂടെ പോയി. ഗേഹസി അവർക്കു മുമ്പായി ചെന്ന് വടി ബാലന്റെ മുഖത്തു വച്ചു; എങ്കിലും ഒരു അനക്കമോ ഉണർച്ചയോ ഉണ്ടായില്ല; അതുകൊണ്ട് അവൻ അവനെ എതിരേല്പാൻ മടങ്ങിവന്നു: ബാലൻ ഉണർന്നില്ല എന്ന് അറിയിച്ചു. എലീശാ വീട്ടിൽ വന്നപ്പോൾ തന്റെ കട്ടിലിന്മേൽ ബാലൻ മരിച്ചുകിടക്കുന്നതു കണ്ടു. താനും ബാലനും മാത്രം അകത്ത് ഉണ്ടായിരിക്കെ അവൻ വാതിൽ അടച്ചു യഹോവയോടു പ്രാർഥിച്ചു. പിന്നെ അവൻ കയറി ബാലന്റെമേൽ കിടന്നു; തന്റെ വായ് ബാലന്റെ വായ്മേലും തന്റെ കണ്ണ് അവന്റെ കണ്ണിന്മേലും തന്റെ ഉള്ളംകൈകൾ അവന്റെ ഉള്ളംകൈകളിന്മേലുംവച്ച് അവന്റെമേൽ കവിണ്ണുകിടന്നപ്പോൾ ബാലന്റെ ദേഹത്തിനു ചൂടുപിടിച്ചു. അവൻ ഇറങ്ങി മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഒന്നു നടന്നിട്ടു പിന്നെയും കയറി അവന്റെമേൽ കവിണ്ണുകിടന്നു; അപ്പോൾ ബാലൻ ഏഴു പ്രാവശ്യം തുമ്മി കണ്ണു തുറന്നു. അവൻ ഗേഹസിയെ വിളിച്ചു; ശൂനേംകാരത്തിയെ വിളിക്ക എന്നു കല്പിച്ചു; അവൻ അവളെ വിളിച്ചു. അവൾ അവന്റെ അടുക്കൽ വന്നപ്പോൾ അവൻ: നിന്റെ മകനെ എടുത്തുകൊണ്ടു പൊയ്ക്കൊൾക എന്നു പറഞ്ഞു. അവൾ അകത്തുചെന്ന് അവന്റെ കാൽക്കൽ സാഷ്ടാംഗം വീണു നമസ്കരിച്ചു തന്റെ മകനെ എടുത്തു കൊണ്ടുപോയി.
2 രാജാക്കന്മാർ 4 വായിക്കുക
കേൾക്കുക 2 രാജാക്കന്മാർ 4
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 രാജാക്കന്മാർ 4:8-37
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ