2 രാജാക്കന്മാർ 4:38-44

2 രാജാക്കന്മാർ 4:38-44 MALOVBSI

അനന്തരം എലീശാ ഗില്ഗാലിൽ പോയി; അന്നു ദേശത്തു ക്ഷാമം ഉണ്ടായിരുന്നു; പ്രവാചകശിഷ്യന്മാർ അവന്റെ മുമ്പിൽ ഇരിക്കുമ്പോൾ അവൻ തന്റെ ബാല്യക്കാരനോട്: നീ വലിയ കലം അടുപ്പത്തുവച്ച് പ്രവാചകശിഷ്യന്മാർക്കു പായസം ഉണ്ടാക്കുക എന്നു പറഞ്ഞു. ഒരുത്തൻ ചീര പറിപ്പാൻ വയലിൽ ചെന്ന് ഒരു കാട്ടുവള്ളികണ്ട് മടിനിറയെ പേച്ചുര പറിച്ചു കൊണ്ടുവന്നു; അവർ അറിയായ്കയാൽ അരിഞ്ഞു പായസക്കലത്തിൽ ഇട്ടു. അവർ അത് ആളുകൾക്കു വിളമ്പി; അവർ പായസം കുടിക്കുമ്പോൾ നിലവിളിച്ചു; ദൈവപുരുഷനായുള്ളോവേ കലത്തിൽ മരണം എന്നു പറഞ്ഞു. അവർക്കു കുടിപ്പാൻ കഴിഞ്ഞില്ല. മാവു കൊണ്ടുവരുവിൻ എന്ന് അവൻ പറഞ്ഞു അതു കലത്തിൽ ഇട്ടു: ആളുകൾക്കു വിളമ്പിക്കൊടുക്ക എന്നു പറഞ്ഞു. പിന്നെ ദൂഷ്യമായുള്ളതൊന്നും കലത്തിൽ ഉണ്ടായിരുന്നില്ല. അനന്തരം ബാൽ-ശാലീശയിൽനിന്ന് ഒരാൾ ദൈവപുരുഷന് ആദ്യഫലമായിട്ട് ഇരുപതു യവത്തപ്പവും മലരും പൊക്കണത്തിൽ കൊണ്ടുവന്നു. ജനത്തിന് അതു തിന്മാൻ കൊടുക്ക എന്ന് അവൻ കല്പിച്ചു. അതിന് അവന്റെ ബാല്യക്കാരൻ: ഞാൻ ഇതു നൂറു പേർക്ക് എങ്ങനെ വിളമ്പും എന്നു പറഞ്ഞു. അവൻ പിന്നെയും: ജനത്തിന് അതു തിന്മാൻ കൊടുക്ക; അവർ തിന്നുകയും ശേഷിപ്പിക്കയും ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. അങ്ങനെ അവൻ അവർക്കു വിളമ്പിക്കൊടുത്തു; യഹോവയുടെ വചനപ്രകാരം അവർ തിന്നുകയും ശേഷിപ്പിക്കയും ചെയ്തു.