പ്രവാചകശിഷ്യന്മാരുടെ ഭാര്യമാരിൽ ഒരുത്തി എലീശായോടു നിലവിളിച്ചു: നിന്റെ ദാസനായ എന്റെ ഭർത്താവു മരിച്ചുപോയി; നിന്റെ ദാസൻ യഹോവാഭക്തനായിരുന്നു എന്നു നിനക്കറിയാമല്ലോ; ഇപ്പോൾ കടക്കാരൻ എന്റെ രണ്ടു മക്കളെ പിടിച്ച് അടിമകളാക്കുവാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു. എലീശാ അവളോട്: ഞാൻ നിനക്കുവേണ്ടി എന്തു ചെയ്യേണം? പറക; വീട്ടിൽ നിനക്ക് എന്തുള്ളൂ എന്നു ചോദിച്ചു. ഒരു ഭരണി എണ്ണയല്ലാതെ അടിയന്റെ വീട്ടിൽ മറ്റൊന്നും ഇല്ല എന്ന് അവൾ പറഞ്ഞു. അതിന് അവൻ: നീ ചെന്നു നിന്റെ അയൽക്കാരോടൊക്കെയും വെറുമ്പാത്രങ്ങൾ വായ്പ വാങ്ങുക; പാത്രങ്ങൾ കുറവായിരിക്കരുത്. പിന്നെ നീയും നിന്റെ മക്കളും അകത്തു കയറി വാതിൽ അടച്ച് പാത്രങ്ങളിലൊക്കെയും പകർന്ന്, നിറഞ്ഞതു നിറഞ്ഞത് ഒരു ഭാഗത്തു മാറ്റിവയ്ക്കുക എന്നു പറഞ്ഞു. അവൾ അവനെ വിട്ടു ചെന്നു തന്റെ മക്കളോടുകൂടെ അകത്തു കടന്നു വാതിൽ അടച്ചു; അവർ അവളുടെ അടുക്കൽ പാത്രങ്ങളെ വച്ചുകൊടുക്കയും അവൾ പകരുകയും ചെയ്തു. പാത്രങ്ങൾ നിറഞ്ഞശേഷം അവൾ തന്റെ മകനോട്: ഇനിയും പാത്രം കൊണ്ടുവരിക എന്നു പറഞ്ഞു. അവൻ അവളോട്: പാത്രം ഒന്നും ഇല്ല എന്നു പറഞ്ഞു. അപ്പോൾ എണ്ണ നിന്നുപോയി. അവൾ ചെന്നു ദൈവപുരുഷനോട് വസ്തുത അറിയിച്ചു. നീപോയി എണ്ണ വിറ്റു കടം വീട്ടി ശേഷിപ്പുകൊണ്ടു നീയും മക്കളും ഉപജീവനം കഴിച്ചുകൊൾക എന്നു പറഞ്ഞു. ഒരു ദിവസം എലീശാ ശൂനേമിലേക്കു പോയി; അവിടെ ധനികയായൊരു സ്ത്രീ ഉണ്ടായിരുന്നു; അവൾ അവനെ ഭക്ഷണത്തിനു വരേണം എന്നു നിർബന്ധിച്ചു. പിന്നത്തേതിൽ അവൻ ആ വഴി പോകുമ്പോഴൊക്കെയും ഭക്ഷണത്തിന് അവിടെ കയറും. അവൾ തന്റെ ഭർത്താവിനോട്: നമ്മുടെ വഴിയായി കൂടെക്കൂടെ കടന്നുപോകുന്ന ഈയാൾ വിശുദ്ധനായൊരു ദൈവപുരുഷൻ എന്നു ഞാൻ കാണുന്നു. നാം ചുവരോടുകൂടിയ ചെറിയൊരു മാളികമുറി പണിതുണ്ടാക്കുക; അതിൽ അവന് ഒരു കട്ടിലും ഒരു മേശയും ഒരു നാല്ക്കാലിയും ഒരു നിലവിളക്കും വയ്ക്കുക; അവൻ നമ്മുടെ അടുക്കൽ വരുമ്പോൾ അവന് അവിടെ കയറി പാർക്കാമല്ലോ എന്നു പറഞ്ഞു. പിന്നെ ഒരു ദിവസം അവൻ അവിടെ വരുവാൻ ഇടയായി; അവൻ ആ മാളികമുറിയിൽ കയറി അവിടെ കിടന്നുറങ്ങി. അവൻ തന്റെ ബാല്യക്കാരനായ ഗേഹസിയോട്: ശൂനേംകാരത്തിയെ വിളിക്ക എന്നു പറഞ്ഞു. അവൻ അവളെ വിളിച്ചു. അവൾ അവന്റെ മുമ്പിൽ വന്നുനിന്നു. അവൻ അവനോട്: നീ ഇത്ര താൽപര്യത്തോടെയൊക്കെയും ഞങ്ങൾക്കുവേണ്ടി കരുതിയല്ലോ? നിനക്കുവേണ്ടി എന്തു ചെയ്യേണം? രാജാവിനോടോ സേനാധിപതിയോടോ നിനക്കുവേണ്ടി വല്ലതും പറയേണ്ടതുണ്ടോ എന്നു നീ അവളോടു ചോദിക്കുക എന്നു പറഞ്ഞു. അതിന് അവൾ: ഞാൻ സ്വജനത്തിന്റെ മധ്യേ വസിക്കുന്നു എന്നു പറഞ്ഞു. എന്നാൽ അവൾക്കുവേണ്ടി എന്തു ചെയ്യാമെന്ന് അവൻ ചോദിച്ചതിനു ഗേഹസി: അവൾക്കു മകനില്ലല്ലോ; അവളുടെ ഭർത്താവു വൃദ്ധനും ആകുന്നു എന്നു പറഞ്ഞു. അവളെ വിളിക്ക എന്ന് അവൻ പറഞ്ഞു. അവൻ അവളെ വിളിച്ചപ്പോൾ അവൾ വാതിൽക്കൽ വന്നുനിന്നു. അപ്പോൾ അവൻ: വരുന്ന ആണ്ടിൽ ഈ സമയമാകുമ്പോഴേക്ക് നീ ഒരു മകനെ അണച്ചുകൊള്ളും എന്നു പറഞ്ഞു. അതിന് അവൾ: അല്ല, ദൈവപുരുഷനായ എന്റെ യജമാനനേ, അടിയനോടു ഭോഷ്കു പറയരുതേ എന്നു പറഞ്ഞു. ആ സ്ത്രീ ഗർഭം ധരിച്ചു പിറ്റേ ആണ്ടിൽ എലീശാ അവളോടു പറഞ്ഞ സമയത്തുതന്നെ ഒരു മകനെ പ്രസവിച്ചു.
2 രാജാക്കന്മാർ 4 വായിക്കുക
കേൾക്കുക 2 രാജാക്കന്മാർ 4
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 രാജാക്കന്മാർ 4:1-17
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ