2 രാജാക്കന്മാർ 13:14-21

2 രാജാക്കന്മാർ 13:14-21 MALOVBSI

ആ കാലത്ത് എലീശാ മരണഹേതുകമായ രോഗം പിടിച്ചു കിടന്നു; അപ്പോൾ യിസ്രായേൽരാജാവായ യോവാശ് അവന്റെ അടുക്കൽ ചെന്ന് അവന്റെ മുഖത്തിന്മീതെ കുനിഞ്ഞു കരഞ്ഞു; എന്റെ പിതാവേ, എന്റെ പിതാവേ, യിസ്രായേലിന്റെ തേരും തേരാളികളുമായുള്ളോവേ എന്നു പറഞ്ഞു. എലീശാ അവനോട്: അമ്പും വില്ലും എടുക്ക എന്നു പറഞ്ഞു; അവൻ അമ്പും വില്ലും എടുത്തു. അപ്പോൾ അവൻ യിസ്രായേൽരാജാവിനോട് നിന്റെ കൈ വില്ലിന്മേൽ വയ്ക്ക എന്നു പറഞ്ഞു. അവൻ കൈ വച്ചപ്പോൾ എലീശാ തന്റെ കൈ രാജാവിന്റെ കൈമേൽ വച്ചു. കിഴക്കേ കിളിവാതിൽ തുറക്ക എന്ന് അവൻ പറഞ്ഞു. അവൻ അതു തുറന്നപ്പോൾ: എയ്ക എന്ന് എലീശാ പറഞ്ഞു. എയ്താറെ അവൻ: അത് യഹോവയുടെ ജയാസ്ത്രം, അരാമ്യർക്കു നേരേയുള്ള ജയാസ്ത്രം തന്നെ; നീ അഫേക്കിൽവച്ച് അരാമ്യരെ തോല്പിച്ച് അശേഷം സംഹരിക്കും എന്നു പറഞ്ഞു. അമ്പ് എടുക്ക എന്ന് അവൻ പറഞ്ഞു. അവൻ എടുത്തു; നിലത്തടിക്ക എന്ന് അവൻ യിസ്രായേൽരാജാവിനോടു പറഞ്ഞു. അവൻ മൂന്നു പ്രാവശ്യം അടിച്ചു നിർത്തി. അപ്പോൾ ദൈവപുരുഷൻ അവനോടു കോപിച്ചു; നീ അഞ്ചാറു പ്രാവശ്യം അടിക്കേണ്ടിയിരുന്നു; എന്നാൽ നീ അരാമ്യരെ തോല്പിച്ച് അശേഷം സംഹരിക്കുമായിരുന്നു; ഇപ്പോഴോ നീ അരാമ്യരെ മൂന്നു പ്രാവശ്യം മാത്രം തോല്പിക്കും എന്നു പറഞ്ഞു. എന്നാൽ എലീശാ മരിച്ചു; അവർ അവനെ അടക്കം ചെയ്തു; പിറ്റേ ആണ്ടിൽ മോവാബ്യരുടെ പടക്കൂട്ടങ്ങൾ ദേശത്തെ ആക്രമിച്ചു. ചിലർ ഒരു മനുഷ്യനെ അടക്കംചെയ്യുമ്പോൾ ഒരു പടക്കൂട്ടത്തെ കണ്ടിട്ട് ആയാളെ എലീശാവിന്റെ കല്ലറയിൽ ഇട്ടു; അവൻ അതിൽ വീണ് എലീശായുടെ അസ്ഥികളെ തൊട്ടപ്പോൾ ജീവിച്ചു കാലൂന്നി എഴുന്നേറ്റു.