2 രാജാക്കന്മാർ 10:18-31

2 രാജാക്കന്മാർ 10:18-31 MALOVBSI

പിന്നെ യേഹൂ സകല ജനത്തെയും കൂട്ടി അവരോട്: ആഹാബ് ബാലിനെ അല്പമേ സേവിച്ചുള്ളൂ; യേഹൂവോ അവനെ അധികം സേവിക്കും. ആകയാൽ ബാലിന്റെ സകല പ്രവാചകന്മാരെയും സകല പൂജകന്മാരെയും സകല പുരോഹിതന്മാരെയും എന്റെ അടുക്കൽ വരുത്തുവിൻ; ഒരുത്തനും വരാതിരിക്കരുത്; ഞാൻ ബാലിന് ഒരു മഹായാഗം കഴിപ്പാൻ പോകുന്നു; വരാത്തവർ ആരും ജീവനോടിരിക്കയില്ല എന്നു കല്പിച്ചു; എന്നാൽ ബാലിന്റെ പൂജകന്മാരെ നശിപ്പിക്കത്തക്കവണ്ണം യേഹൂ ഈ ഉപായം പ്രയോഗിച്ചു. ബാലിന് ഒരു വിശുദ്ധസഭായോഗം ഘോഷിപ്പിൻ എന്നു യേഹൂ കല്പിച്ചു. അവർ അങ്ങനെ ഘോഷിച്ചു. യേഹൂ യിസ്രായേൽദേശത്ത് എല്ലാടവും ആളയച്ചതുകൊണ്ടു ബാലിന്റെ സകല പൂജകന്മാരും വന്നു; ഒരുത്തനും വരാതിരുന്നില്ല; അവർ ബാലിന്റെ ക്ഷേത്രത്തിൽ കൂടി; ബാൽക്ഷേത്രം ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ തിങ്ങിനിറഞ്ഞു. അവൻ വസ്ത്രവിചാരകനോട്: ബാലിന്റെ സകല പൂജകന്മാർക്കും വസ്ത്രം കൊണ്ടുവന്നു കൊടുക്ക എന്നു കല്പിച്ചു. അവൻ വസ്ത്രം കൊണ്ടുവന്ന് കൊടുത്തു. പിന്നെ യേഹൂവും രേഖാബിന്റെ മകനായ യോനാദാബും ബാലിന്റെ ക്ഷേത്രത്തിൽ കടന്നു ബാലിന്റെ പൂജകന്മാരോട്: ബാലിന്റെ പൂജകന്മാർ മാത്രമല്ലാതെ യഹോവയുടെ പൂജകന്മാർ ആരും ഇവിടെ നിങ്ങളോടുകൂടെ ഇല്ലാതിരിക്കേണ്ടതിനു തിരഞ്ഞുനോക്കുവിൻ എന്നു കല്പിച്ചു. അവർ ഹനനയാഗങ്ങളും ഹോമയാഗങ്ങളും കഴിപ്പാൻ അകത്തു ചെന്നശേഷം യേഹൂ പുറത്ത് എൺപത് പേരെ നിർത്തി: ഞാൻ നിങ്ങളുടെ കൈയിൽ ഏല്പിക്കുന്ന ആളുകളിൽ ഒരുത്തൻ ചാടിപ്പോയാൽ അവന്റെ ജീവനു പകരം അവനെ വിട്ടയച്ചവന്റെ ജീവൻ ആയിരിക്കും എന്നു കല്പിച്ചു. ഹോമയാഗം കഴിച്ചുതീർന്നപ്പോൾ യേഹൂ അകമ്പടികളോടും പടനായകന്മാരോടും: അകത്തു കടന്ന് അവരെ കൊല്ലുവിൻ; ഒരുത്തനും പുറത്ത് പോകരുത് എന്നു കല്പിച്ചു. അങ്ങനെ അവർ വാളിന്റെ വായ്ത്തലയാൽ അവരെ കൊന്നു; അകമ്പടികളും പടനായകന്മാരും അവരെ പുറത്ത് എറിഞ്ഞുകളഞ്ഞു; ബാൽക്ഷേത്രത്തിന്റെ നഗരത്തിൽ ചെന്ന് ബാൽക്ഷേത്രത്തിലെ സ്തംഭവിഗ്രഹങ്ങളെ പുറത്തുകൊണ്ടുവന്നു ചുട്ടുകളഞ്ഞു. അവർ ബാൽസ്തംഭത്തെ തകർത്തു ബാൽക്ഷേത്രത്തെ ഇടിച്ച് അതിനെ മറപ്പുരയാക്കിത്തീർത്തു; അത് ഇന്നുവരെ അങ്ങനെതന്നെ ഇരിക്കുന്നു. ഇങ്ങനെ യേഹൂ ബാലിനെ യിസ്രായേലിൽനിന്നു നശിപ്പിച്ചുകളഞ്ഞു. എങ്കിലും ബേഥേലിലും ദാനിലും ഉണ്ടായിരുന്ന പൊൻകാളക്കുട്ടികളെക്കൊണ്ട് യിസ്രായേലിനെ പാപം ചെയ്യുമാറാക്കിയ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ യേഹൂ വിട്ടുമാറിയില്ല. യഹോവ യേഹൂവിനോട്: എനിക്ക് ഇഷ്ടമുള്ളതു നീ നല്ലവണ്ണം അനുഷ്ഠിച്ചതുകൊണ്ടും എന്റെ ഹിതപ്രകാരമൊക്കെയും ആഹാബ്ഗൃഹത്തോടു ചെയ്തതുകൊണ്ടും നിന്റെ പുത്രന്മാർ യിസ്രായേലിന്റെ രാജാസനത്തിൽ നാലാം തലമുറവരെ ഇരിക്കും എന്ന് അരുളിച്ചെയ്തു. എങ്കിലും യേഹൂ യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ന്യായപ്രമാണപ്രകാരം പൂർണമനസ്സോടെ നടക്കുന്നതിനു ജാഗ്രത കാണിച്ചില്ല; യിസ്രായേലിനെകൊണ്ടു പാപം ചെയ്യിച്ച യൊരോബെയാമിന്റെ പാപങ്ങളെ അവൻ വിട്ടുമാറിയതുമില്ല.