2 കൊരിന്ത്യർ 2:12-17

2 കൊരിന്ത്യർ 2:12-17 MALOVBSI

എന്നാൽ ഞാൻ ക്രിസ്തുവിന്റെ സുവിശേഷം അറിയിപ്പാൻ ത്രോവാസിൽ വന്നാറെ കർത്താവിന്റെ പ്രവൃത്തിക്കായി എനിക്ക് ഒരു വാതിൽ തുറന്നുകിട്ടിയപ്പോൾ എന്റെ സഹോദരനായ തീത്തൊസിനെ കാണാഞ്ഞിട്ടു മനസ്സിൽ സ്വസ്ഥതയില്ലായ്കയാൽ ഞാൻ അവരോട് യാത്ര പറഞ്ഞു മക്കെദോന്യക്കു പുറപ്പെട്ടു. ക്രിസ്തുവിൽ ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്ടു തന്റെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിനു സ്തോത്രം. രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും നശിക്കുന്നവരുടെ ഇടയിലും ഞങ്ങൾ ദൈവത്തിനു ക്രിസ്തുവിന്റെ സൗരഭ്യവാസന ആകുന്നു; ഇവർക്കു മരണത്തിൽനിന്നു മരണത്തിലേക്കുള്ള വാസന, അവർക്കോ ജീവനിൽനിന്നു ജീവങ്കലേക്കുള്ള വാസനതന്നെ. എന്നാൽ ഇതിന് ആർ പ്രാപ്തൻ? ഞങ്ങൾ ദൈവവചനത്തിൽ കൂട്ടുചേർക്കുന്ന അനേകരെപ്പോലെ അല്ല, നിർമ്മലതയോടും ദൈവത്തിന്റെ കല്പനയാലും ദൈവസന്നിധിയിൽ ക്രിസ്തുവിൽ സംസാരിക്കുന്നു.