2 കൊരിന്ത്യർ 1:15-22

2 കൊരിന്ത്യർ 1:15-22 MALOVBSI

ഇങ്ങനെ ഉറച്ചിട്ടു നിങ്ങൾക്കു രണ്ടാമത് ഒരു അനുഗ്രഹം ഉണ്ടാകേണം എന്നുവച്ചു മുമ്പേ നിങ്ങളുടെ അടുക്കൽ വരുവാനും ആ വഴിയായി മക്കെദോന്യക്കു പോയി പിന്നെയും മക്കെദോന്യയിൽനിന്നു നിങ്ങളുടെ അടുക്കൽ വരുവാനും നിങ്ങളാൽ യെഹൂദ്യയിലേക്കു യാത്ര അയയ്ക്കപ്പെടുവാനും ഞാൻ വിചാരിച്ചിരുന്നു. ഇങ്ങനെ വിചാരിച്ചതിൽ ഞാൻ ചാപല്യം കാണിച്ചുവോ? അല്ലെങ്കിൽ എന്റെ വാക്ക് ഉവ്വ്, ഉവ്വ്; ഇല്ല, ഇല്ല എന്ന് ആകുവാൻ തക്കവണ്ണം എന്റെ നിരൂപണം ജഡികനിരൂപണമോ? നിങ്ങളോടുള്ള ഞങ്ങളുടെ വചനം ഒരിക്കൽ ഉവ്വ് എന്നും മറ്റൊരിക്കൽ ഇല്ല എന്നും ആയിരുന്നില്ല എന്നതിനു വിശ്വസ്തനായ ദൈവം സാക്ഷി. ഞാനും സില്വാനൊസും തിമൊഥെയൊസും നിങ്ങളുടെ ഇടയിൽ പ്രസംഗിച്ച ദൈവപുത്രനായ യേശുക്രിസ്തു ഒരിക്കൽ ഉവ്വ് എന്നും മറ്റൊരിക്കൽ ഇല്ല എന്നും ആയിരുന്നില്ല; അവനിൽ ഉവ്വ് എന്നത്രേയുള്ളൂ. ദൈവത്തിന്റെ വാഗ്ദത്തങ്ങൾ എത്ര ഉണ്ടെങ്കിലും അവനിൽ ഉവ്വ് എന്നത്രേ; അതുകൊണ്ടു ഞങ്ങളാൽ ദൈവത്തിനു മഹത്ത്വം ഉണ്ടാകുമാറ് അവനിൽ ആമേൻ എന്നുംതന്നെ. ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവിൽ ഉറപ്പിക്കുന്നതും നമ്മെ അഭിഷേകം ചെയ്തതും ദൈവമല്ലോ. അവൻ നമ്മെ മുദ്രയിട്ടും ആത്മാവ് എന്ന അച്ചാരം നമ്മുടെ ഹൃദയങ്ങളിൽ തന്നുമിരിക്കുന്നു.