സഞ്ചാരവ്യാപാരികളും കച്ചവടക്കാരും കൊണ്ടുവന്നതു കൂടാതെ ശലോമോന് ഓരോ ആണ്ടിൽ വന്നിരുന്ന പൊന്നിന്റെ തൂക്കം അറുനൂറ്റി അറുപത്താറ് താലന്ത് ആയിരുന്നു. അരാബ്യരാജാക്കന്മാരൊക്കെയും ദേശാധിപതിമാരും ശലോമോനു പൊന്നും വെള്ളിയും കൊണ്ടുവന്നു. ശലോമോൻരാജാവ് പൊൻപലകകൊണ്ട് ഇരുനൂറ് വൻപരിച ഉണ്ടാക്കി; ഓരോ പരിചയ്ക്ക് അറുനൂറ് ശേക്കെൽ പൊൻപലക ചെലവായി. അവൻ പൊൻപലകകൊണ്ട് മുന്നൂറ് ചെറുപരിചയും ഉണ്ടാക്കി; ഓരോ ചെറുപരിചയ്ക്കു മുന്നൂറ് ശേക്കെൽ പൊന്നു ചെലവായി. രാജാവ് അവയെ ലെബാനോൻ വനഗൃഹത്തിൽവച്ചു. രാജാവ് ദന്തംകൊണ്ട് ഒരു വലിയ സിംഹാസനം ഉണ്ടാക്കി തങ്കംകൊണ്ടു പൊതിഞ്ഞു. സിംഹാസനത്തോടു ചേർത്തുറപ്പിച്ചതായി ആറു പതനവും പൊന്നുകൊണ്ട് ഒരു പാദപീഠവും ഉണ്ടായിരുന്നു; ഇരിപ്പിടത്തിന്റെ ഇരുഭാഗത്തും ഓരോ കൈത്താങ്ങലും കൈത്താങ്ങലിനരികെ നില്ക്കുന്ന രണ്ടു സിംഹവും ഉണ്ടായിരുന്നു. ആറു പതനത്തിൽ ഇപ്പുറത്തും അപ്പുറത്തുമായി പന്ത്രണ്ടു സിംഹം നിന്നിരുന്നു. ഒരു രാജ്യത്തും ഇങ്ങനെ ഉണ്ടായിരുന്നില്ല. ശലോമോൻരാജാവിന്റെ സകല പാനപാത്രങ്ങളും പൊന്നുകൊണ്ടും ലെബാനോൻഗൃഹത്തിലെ ഉപകരണങ്ങളൊക്കെയും തങ്കംകൊണ്ടും ആയിരുന്നു; വെള്ളിക്കു ശലോമോന്റെ കാലത്തു വിലയില്ലായിരുന്നു. രാജാവിന്റെ കപ്പലുകളെ ഹൂരാമിന്റെ ദാസന്മാരോടുകൂടെ തർശ്ശീശിലേക്ക് അയച്ചിരുന്നു; മൂവാണ്ടിലൊരിക്കൽ തർശ്ശീശ് കപ്പലുകൾ പൊന്ന്, വെള്ളി, ആനക്കൊമ്പ്, കുരങ്ങ്, മയിൽ എന്നിവയെ കൊണ്ടുവന്നു. ഇങ്ങനെ ശലോമോൻരാജാവ് ഭൂമിയിലെ സകല രാജാക്കന്മാരിലുംവച്ചു ധനംകൊണ്ടും ജ്ഞാനംകൊണ്ടും മികച്ചവനായിരുന്നു. ദൈവം ശലോമോന്റെ ഹൃദയത്തിൽ കൊടുത്ത ജ്ഞാനം കേൾപ്പാൻ ഭൂമിയിലെ സകല രാജാക്കന്മാരും അവന്റെ മുഖദർശനം അന്വേഷിച്ചു വന്നു. അവരിൽ ഓരോരുത്തനും ആണ്ടുതോറും താന്താന്റെ കാഴ്ചയായിട്ടു വെള്ളിപ്പാത്രം, പൊൻപാത്രം, വസ്ത്രം, ആയുധം, സുഗന്ധവർഗം, കുതിര, കോവർകഴുത എന്നിവയെ കൊണ്ടുവന്നു. ശലോമോനു കുതിരകൾക്കും രഥങ്ങൾക്കും നാലായിരം ലായവും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു; അവരെ അവൻ രഥനഗരങ്ങളിലും യെരൂശലേമിൽ രാജാവിന്റെ അടുക്കലും പാർപ്പിച്ചിരുന്നു. അവൻ നദിമുതൽ ഫെലിസ്ത്യദേശംവരെയും മിസ്രയീമിന്റെ അതിർത്തിവരെയും ഉള്ള സകല രാജാക്കന്മാരുടെ മേലും വാണു. രാജാവ് യെരൂശലേമിൽ വെള്ളിയെ പെരുപ്പംകൊണ്ടു കല്ലുപോലെയും ദേവദാരുവിനെ താഴ്‌വീതിയിലെ കാട്ടത്തിമരംപോലെയും ആക്കി. മിസ്രയീമിൽനിന്നും സകല ദേശങ്ങളിൽനിന്നും ശലോമോനു കുതിരകളെ വാങ്ങി കൊണ്ടുവരും.
2 ദിനവൃത്താന്തം 9 വായിക്കുക
കേൾക്കുക 2 ദിനവൃത്താന്തം 9
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 ദിനവൃത്താന്തം 9:13-28
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ