2 ദിനവൃത്താന്തം 9:1-12

2 ദിനവൃത്താന്തം 9:1-12 MALOVBSI

ശെബാരാജ്ഞി ശലോമോന്റെ കീർത്തി കേട്ടിട്ടു കടമൊഴികളാൽ ശലോമോനെ പരീക്ഷിക്കേണ്ടതിന് അതിമഹത്തായ പരിവാരത്തോടും സുഗന്ധവർഗവും അനവധി പൊന്നും രത്നവും ചുമന്ന ഒട്ടകങ്ങളോടുംകൂടെ യെരൂശലേമിൽ വന്നു; അവൾ ശലോമോന്റെ അടുക്കൽ വന്നശേഷം തന്റെ മനോരഥമൊക്കെയും അവനോടു പ്രസ്താവിച്ചു. അവളുടെ സകല ചോദ്യങ്ങൾക്കും ശലോമോൻ സമാധാനം പറഞ്ഞു; സമാധാനം പറവാൻ കഴിയാതെ ഒന്നും ശലോമോനു മറപൊരുളായിരുന്നില്ല. ശെബാരാജ്ഞി ശലോമോന്റെ ജ്ഞാനവും അവൻ പണിത അരമനയും അവന്റെ മേശയിലെ ഭക്ഷണവും അവന്റെ ഭൃത്യന്മാരുടെ ഇരിപ്പും അവന്റെ ശുശ്രൂഷകന്മാരുടെ നിലയും അവരുടെ ഉടുപ്പും അവന്റെ പാനപാത്രവാഹകന്മാരെയും അവരുടെ ഉടുപ്പിനെയും യഹോവയുടെ ആലയത്തിലേക്കുള്ള അവന്റെ എഴുന്നള്ളത്തും കണ്ടിട്ട് അമ്പരന്നുപോയി. അവൾ രാജാവിനോടു പറഞ്ഞത് എന്തെന്നാൽ: നിന്റെ കാര്യങ്ങളെയും ജ്ഞാനത്തെയും കുറിച്ചു ഞാൻ എന്റെ ദേശത്തുവച്ചു കേട്ട വർത്തമാനം സത്യം തന്നെ; ഞാൻ വന്നു സ്വന്തകണ്ണുകൊണ്ടു കാണുംവരെ ആ വർത്തമാനം വിശ്വസിച്ചില്ല; എന്നാൽ നിന്റെ ജ്ഞാനമാഹാത്മ്യത്തിന്റെ പാതിപോലും ഞാൻ അറിഞ്ഞിരുന്നില്ല, ഞാൻ കേട്ട കേൾവിയെക്കാൾ നീ ശ്രേഷ്ഠനാകുന്നു. നിന്റെ ഭാര്യമാർ ഭാഗ്യവതികൾ; നിന്റെ മുമ്പിൽ എല്ലായ്പോഴും നിന്നു നിന്റെ ജ്ഞാനം കേൾക്കുന്ന ഈ നിന്റെ ഭൃത്യന്മാരും ഭാഗ്യവാന്മാർ. നിന്റെ ദൈവമായ യഹോവയ്ക്കുവേണ്ടി രാജാവായിട്ടു തന്റെ സിംഹാസനത്തിൽ നിന്നെ ഇരുത്തുവാൻ നിന്നിൽ പ്രസാദിച്ചിരിക്കുന്ന നിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ; നിന്റെ ദൈവം യിസ്രായേലിനെ എന്നേക്കും നിലനില്ക്കുമാറാക്കേണ്ടതിന് അവരെ സ്നേഹിച്ചതുകൊണ്ടു നീതിയും ന്യായവും നടത്തുവാൻ നിന്നെ അവർക്കു രാജാവാക്കിയിരിക്കുന്നു. അവൾ രാജാവിനു നൂറ്റി ഇരുപതു താലന്തു പൊന്നും അനവധി സുഗന്ധവർഗവും രത്നവും കൊടുത്തു; ശെബാരാജ്ഞി ശലോമോൻരാജാവിനു കൊടുത്തതുപോലെയുള്ള സുഗന്ധവർഗം പിന്നെ ഉണ്ടായിട്ടില്ല. ഓഫീരിൽനിന്നു പൊന്നു കൊണ്ടുവന്ന ഹൂരാമിന്റെ ദാസന്മാരും ശലോമോന്റെ ദാസന്മാരും ചന്ദനവും രത്നവും കൊണ്ടുവന്നു. രാജാവ് ചന്ദനമരംകൊണ്ടു യഹോവയുടെ ആലയത്തിനും രാജധാനിക്കും അഴികളും സംഗീതക്കാർക്കു കിന്നരങ്ങളും വീണകളും ഉണ്ടാക്കി; ഈ വക പണ്ടു യെഹൂദാദേശത്ത് അശേഷം കണ്ടിട്ടില്ല. ശെബാരാജ്ഞി രാജാവിനു കൊണ്ടുവന്നതിൽപരമായി അവൾ ആഗ്രഹിച്ചതും ചോദിച്ചതുമൊക്കെയും ശലോമോൻരാജാവ് അവൾക്കു കൊടുത്തു; അങ്ങനെ അവൾ തന്റെ ഭൃത്യന്മാരുമായി സ്വദേശത്തേക്ക് മടങ്ങിപ്പോയി.