2 ദിനവൃത്താന്തം 33:9-17

2 ദിനവൃത്താന്തം 33:9-17 MALOVBSI

അങ്ങനെ മനശ്ശെ യഹോവ യിസ്രായേൽപുത്രന്മാരുടെ മുമ്പിൽനിന്നു നശിപ്പിച്ച ജാതികൾ ചെയ്തതിലും അധികം വഷളത്തം പ്രവർത്തിപ്പാൻ തക്കവണ്ണം യെഹൂദായെയും യെരൂശലേംനിവാസികളെയും തെറ്റുമാറാക്കി. യഹോവ മനശ്ശെയോടും അവന്റെ ജനത്തോടും സംസാരിച്ചു; എങ്കിലും അവർ ശ്രദ്ധിച്ചില്ല. ആകയാൽ യഹോവ അശ്ശൂർരാജാവിന്റെ സേനാധിപതിമാരെ അവരുടെ നേരേ വരുത്തി; അവർ മനശ്ശെയെ കൊളുത്തുകളാൽ പിടിച്ചു ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയി. കഷ്ടത്തിൽ ആയപ്പോൾ അവൻ തന്റെ ദൈവമായ യഹോവയോട് അപേക്ഷിച്ചു. തന്റെ പിതാക്കന്മാരുടെ ദൈവത്തിന്റെ മുമ്പിൽ തന്നെത്താൻ ഏറ്റവും താഴ്ത്തി അവനോടു പ്രാർഥിച്ചു. അവൻ അവന്റെ പ്രാർഥന കൈക്കൊണ്ട് അവന്റെ യാചന കേട്ട് അവനെ വീണ്ടും യെരൂശലേമിൽ അവന്റെ രാജത്വത്തിനു തിരിച്ചുവരുത്തി; യഹോവ തന്നെ ദൈവം എന്നു മനശ്ശെക്കു ബോധ്യമായി. അതിന്റെശേഷം അവൻ ഗീഹോനു പടിഞ്ഞാറു താഴ്‌വരയിൽ മീൻവാതിലിന്റെ പ്രവേശനംവരെ ദാവീദിന്റെ നഗരത്തിന് ഒരു പുറമതിൽ പണിതു; അവൻ അത് ഓഫേലിനു ചുറ്റും വളരെ പൊക്കത്തിൽ പണിയുകയും യെഹൂദായിലെ ഉറപ്പുള്ള പട്ടണങ്ങളിൽ സേനാധിപന്മാരെ പാർപ്പിക്കയും ചെയ്തു. അവൻ യഹോവയുടെ ആലയത്തിൽനിന്ന് അന്യദൈവങ്ങളെയും വിഗ്രഹത്തെയും യഹോവയുടെ ആലയം നില്ക്കുന്ന പർവതത്തിലും യെരൂശലേമിലും താൻ പണിതിരുന്ന സകല ബലിപീഠങ്ങളെയും നീക്കി നഗരത്തിനു പുറത്ത് എറിഞ്ഞുകളഞ്ഞു. അവൻ യഹോവയുടെ യാഗപീഠം നന്നാക്കി, അതിന്മേൽ സമാധാനയാഗങ്ങളും സ്തോത്രയാഗങ്ങളും അർപ്പിച്ചു; യിസ്രായേലിന്റെ ദൈവമായ യഹോവയെ സേവിപ്പാൻ യെഹൂദായോടു കല്പിച്ചു. എന്നാൽ ജനം പൂജാഗിരികളിൽ യാഗം കഴിച്ചുപോന്നു; എങ്കിലും തങ്ങളുടെ ദൈവമായ യഹോവയ്ക്ക് അത്രേ.