2 ദിനവൃത്താന്തം 14:1-8

2 ദിനവൃത്താന്തം 14:1-8 MALOVBSI

അബീയാവ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ ആസാ അവനു പകരം രാജാവായി. അവന്റെ കാലത്തു ദേശത്തിനു പത്തു സംവത്സരം സ്വസ്ഥത ഉണ്ടായി. ആസാ തന്റെ ദൈവമായ യഹോവയ്ക്കു പ്രസാദവും ഹിതവും ആയുള്ളതു ചെയ്തു. അവൻ അന്യദേവന്മാരുടെ ബലിപീഠങ്ങളും പൂജാഗിരികളും നീക്കിക്കളഞ്ഞു, സ്തംഭവിഗ്രഹങ്ങൾ ഉടച്ച് അശേരാപ്രതിഷ്ഠകളെ വെട്ടിക്കളഞ്ഞു. യെഹൂദായോട് അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ അന്വേഷിപ്പാനും ന്യായപ്രമാണവും കല്പനയും ആചരിച്ചു നടപ്പാനും കല്പിച്ചു. അവൻ എല്ലാ യെഹൂദാപട്ടണങ്ങളിൽനിന്നും പൂജാഗിരികളും സൂര്യവിഗ്രഹങ്ങളും നീക്കിക്കളഞ്ഞു; രാജ്യം അവന്റെ കീഴിൽ സ്വസ്ഥമായിരുന്നു. യഹോവ അവനു വിശ്രമം നല്കിയതുകൊണ്ടു ദേശത്തിനു സ്വസ്ഥത ഉണ്ടാകയാലും ആ സംവത്സരങ്ങളിൽ അവനു യുദ്ധം ഇല്ലായ്കയാലും അവൻ യെഹൂദായിൽ ഉറപ്പുള്ള പട്ടണങ്ങളെ പണിതു. അവൻ യെഹൂദ്യരോട്: നാം ഈ പട്ടണങ്ങളെ പണിത് അവയ്ക്കു ചുറ്റും മതിലുകളും ഗോപുരങ്ങളും വാതിലുകളും ഓടാമ്പലുകളും ഉണ്ടാക്കുക; നാം നമ്മുടെ ദൈവമായ യഹോവയെ അന്വേഷിച്ചതുകൊണ്ടു ദേശം നമുക്കു സ്വാധീനമായിരിക്കുന്നുവല്ലോ; നാം അവനെ അന്വേഷിക്കയും അവൻ ചുറ്റും നമുക്കു വിശ്രമം നല്കയും ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ അവർ വെടിപ്പായി പണിതു തീർത്തു. ആസായ്ക്കു വൻപരിചയും കുന്തവും എടുത്തവരായി മൂന്നുലക്ഷം യെഹൂദ്യരും ചെറുപരിച എടുപ്പാനും വില്ലു കുലപ്പാനും പ്രാപ്തരായി രണ്ടുലക്ഷത്തെൺപതിനായിരം ബെന്യാമീന്യരും ഉള്ളോരു സൈന്യം ഉണ്ടായിരുന്നു; അവരെല്ലാവരും പരാക്രമശാലികൾ ആയിരുന്നു.