1 ശമൂവേൽ 3:1-18

1 ശമൂവേൽ 3:1-18 MALOVBSI

ശമൂവേൽബാലൻ ഏലിയുടെ മുമ്പാകെ യഹോവയ്ക്കു ശുശ്രൂഷ ചെയ്തുപോന്നു; ആ കാലത്ത് യഹോവയുടെ വചനം ദുർലഭമായിരുന്നു; ദർശനം ഏറെ ഇല്ലായിരുന്നു. ആ കാലത്ത് ഒരിക്കൽ ഏലി തന്റെ സ്ഥലത്തു കിടന്നുറങ്ങി; കാൺമാൻ വഹിയാതവണ്ണം അവന്റെ കണ്ണു മങ്ങിത്തുടങ്ങിയിരുന്നു. ശമൂവേൽ ദൈവത്തിന്റെ പെട്ടകം ഇരിക്കുന്ന യഹോവയുടെ മന്ദിരത്തിൽ ദൈവത്തിന്റെ വിളക്കു കെടുന്നതിനു മുമ്പേ ചെന്നു കിടന്നു. യഹോവ ശമൂവേലിനെ വിളിച്ചു: അടിയൻ എന്ന് അവൻ വിളികേട്ട് ഏലിയുടെ അടുക്കൽ ഓടിച്ചെന്ന്: അടിയൻ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു. ഞാൻ വിളിച്ചില്ല; പോയി കിടന്നുകൊൾക എന്ന് അവൻ പറഞ്ഞു; അവൻ പോയി കിടന്നു. യഹോവ പിന്നെയും: ശമൂവേലേ എന്നു വിളിച്ചു. ശമൂവേൽ എഴുന്നേറ്റ് ഏലിയുടെ അടുക്കൽ ചെന്ന്: അടിയൻ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു. ഞാൻ വിളിച്ചില്ല, മകനേ; പോയി കിടന്നുകൊൾക എന്ന് അവൻ പറഞ്ഞു. ശമൂവേൽ അന്നുവരെ യഹോവയെ അറിഞ്ഞില്ല; യഹോവയുടെ വചനം അവന് അന്നുവരെ വെളിപ്പെട്ടതുമില്ല. യഹോവ ശമൂവേലിനെ മൂന്നാം പ്രാവശ്യം വിളിച്ചു. അവൻ എഴുന്നേറ്റ് ഏലിയുടെ അടുക്കൽ ചെന്നു: അടിയൻ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു. അപ്പോൾ യഹോവയായിരുന്നു ബാലനെ വിളിച്ചത് എന്ന് ഏലിക്കു മനസ്സിലായി. ഏലി ശമൂവേലിനോട്: പോയി കിടന്നുകൊൾക; ഇനിയും നിന്നെ വിളിച്ചാൽ: യഹോവേ, അരുളിച്ചെയ്യേണമേ; അടിയൻ കേൾക്കുന്നു എന്നു പറഞ്ഞുകൊള്ളേണം എന്നു പറഞ്ഞു. അങ്ങനെ ശമൂവേൽ തന്റെ സ്ഥലത്തു ചെന്നുകിടന്നു. അപ്പോൾ യഹോവ വന്നുനിന്നു മുമ്പിലത്തെപ്പോലെ: ശമൂവേലേ, ശമൂവേലേ, എന്നു വിളിച്ചു. അതിനു ശമൂവേൽ: അരുളിച്ചെയ്യേണമേ; അടിയൻ കേൾക്കുന്നു എന്നു പറഞ്ഞു. യഹോവ ശമൂവേലിനോട് അരുളിച്ചെയ്തത്: ഇതാ, ഞാൻ യിസ്രായേലിൽ ഒരു കാര്യം ചെയ്യും; അതു കേൾക്കുന്നവന്റെ ചെവി രണ്ടും മുഴങ്ങും. ഞാൻ ഏലിയുടെ ഭവനത്തെക്കുറിച്ച് അരുളിച്ചെയ്തതൊക്കെയും ഞാൻ അന്ന് അവന്റെമേൽ ആദ്യന്തം നിവർത്തിക്കും. അവന്റെ പുത്രന്മാർ ദൈവദൂഷണം പറയുന്ന അകൃത്യം അവൻ അറിഞ്ഞിട്ടും അവരെ ശാസിച്ചമർത്തായ്കകൊണ്ട് ഞാൻ അവന്റെ ഭവനത്തിന് എന്നേക്കും ശിക്ഷ വിധിക്കും എന്ന് ഞാൻ അവനോടു കല്പിച്ചിരിക്കുന്നു. ഏലിയുടെ ഭവനത്തിന്റെ അകൃത്യത്തിന് യാഗത്താലും വഴിപാടിനാലും ഒരുനാളും പരിഹാരം വരികയില്ല എന്നു ഞാൻ ഏലിയുടെ ഭവനത്തോടു സത്യം ചെയ്തിരിക്കുന്നു. പിന്നെ ശമൂവേൽ രാവിലെവരെ കിടന്നുറങ്ങി; രാവിലെ യഹോവയുടെ ആലയത്തിന്റെ വാതിലുകളെ തുറന്നു. എന്നാൽ ഈ ദർശനം ഏലിയെ അറിയിപ്പാൻ ശമൂവേൽ ശങ്കിച്ചു. ഏലി ശമൂവേലിനെ വിളിച്ചു: ശമൂവേലേ, മകനേ, എന്നു പറഞ്ഞു. അടിയൻ ഇതാ എന്ന് അവൻ പറഞ്ഞു. അപ്പോൾ അവൻ: നിനക്കുണ്ടായ അരുളപ്പാട് എന്ത്? എന്നെ ഒന്നും മറയ്ക്കരുതേ; നിന്നോട് അരുളിച്ചെയ്ത സകലത്തിലും ഒരു വാക്കെങ്കിലും മറച്ചാൽ ദൈവം നിന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു പറഞ്ഞു. അങ്ങനെ ശമൂവേൽ സകലവും അവനെ അറിയിച്ചു; ഒന്നും മറച്ചില്ല. എന്നാറെ അവൻ: യഹോവയല്ലോ; തന്റെ ഇഷ്ടംപോലെ ചെയ്യട്ടെ എന്നു പറഞ്ഞു.