1 ശമൂവേൽ 25:19-31

1 ശമൂവേൽ 25:19-31 MALOVBSI

ബാല്യക്കാരോട്: നിങ്ങൾ എനിക്കു മുമ്പായി പോകുവിൻ; ഞാൻ ഇതാ, പിന്നാലെ വരുന്നു എന്നുപറഞ്ഞു. തന്റെ ഭർത്താവായ നാബാലിനോട് അവൾ ഒന്നും അറിയിച്ചില്ലതാനും. അവൾ കഴുതപ്പുറത്തു കയറി മലയുടെ മറവിൽക്കൂടി ഇറങ്ങിച്ചെല്ലുമ്പോൾ ഇതാ, ദാവീദും അവന്റെ ആളുകളും അവളുടെ നേരേ വരുന്നു; അവൾ അവരെ എതിരേറ്റു. എന്നാൽ ദാവീദ്: മരുഭൂമിയിൽ അവന് ഉണ്ടായിരുന്നതൊക്കെയും ഞാൻ വെറുതെയല്ലോ കാത്തത്; അവന്റെ വക ഒന്നും കാണാതെ പോയതുമില്ല; അവനോ നന്മയ്ക്കു പകരം എനിക്ക് തിന്മ ചെയ്തു. അവനുള്ള സകലത്തിലും പുരുഷപ്രജയായ ഒന്നിനെയെങ്കിലും പുലരുംവരെ ഞാൻ ജീവനോടെ വച്ചേച്ചാൽ ദൈവം ദാവീദിന്റെ ശത്രുക്കൾക്ക് തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു പറഞ്ഞിരുന്നു. അബീഗയിൽ ദാവീദിനെ കണ്ടപ്പോൾ ക്ഷണത്തിൽ കഴുതപ്പുറത്തുനിന്ന് ഇറങ്ങി ദാവീദിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു. അവൾ അവന്റെ കാല്ക്കൽ വീണു പറഞ്ഞത്: യജമാനനേ, കുറ്റം എന്റെമേൽ ഇരിക്കട്ടെ; അടിയൻ ഒന്നു ബോധിപ്പിച്ചുകൊള്ളട്ടെ; അടിയന്റെ വാക്കുകളെ കേൾക്കേണമേ. ദുസ്സ്വഭാവിയായ ഈ നാബാലിനെ യജമാനൻ ഗണ്യമാക്കരുതേ; അവൻ തന്റെ പേർപോലെതന്നെ ആകുന്നു; നാബാൽ എന്നല്ലോ അവന്റെ പേർ; ഭോഷത്തം അത്രേ അവന്റെ പക്കൽ ഉള്ളത്. അടിയനോ, യജമാനൻ അയച്ച ബാല്യക്കാരെ കണ്ടിരുന്നില്ല. ആകയാൽ യജമാനനേ, യഹോവയാണ, നിന്നാണ, രക്തപാതകവും സ്വന്തകൈയാൽ പ്രതികാരവും ചെയ്യാതവണ്ണം യഹോവ നിന്നെ തടുത്തിരിക്കുന്നു; നിന്റെ ശത്രുക്കളും യജമാനനു ദോഷം വിചാരിക്കുന്നവരും നാബാലിനെപ്പോലെ ആകട്ടെ. ഇപ്പോൾ യജമാനന്റെ അടുക്കൽ അടിയൻ കൊണ്ടുവന്നിരിക്കുന്ന ഈ കാഴ്ച യജമാനന്റെ പരിചാരകരായ ബാല്യക്കാർക്ക് ഇരിക്കട്ടെ. അടിയന്റെ കുറ്റം ക്ഷമിക്കേണമേ; യഹോവ യജമാനന് സ്ഥിരമായൊരു ഭവനം പണിയും; യഹോവയുടെ യുദ്ധങ്ങളെയല്ലോ യജമാനൻ നടത്തുന്നത്. ആയുഷ്കാലത്തൊരിക്കലും നിന്നിൽ ദോഷം കാണുകയില്ല. മനുഷ്യൻ നിന്നെ പിന്തുടർന്ന് നിനക്കു ജീവഹാനി വരുത്തുവാൻ എഴുന്നേറ്റാലും യജമാനന്റെ പ്രാണൻ നിന്റെ ദൈവമായ യഹോവയുടെ പക്കൽ ജീവഭാണ്ഡത്തിൽ കെട്ടപ്പെട്ടിരിക്കും; നിന്റെ ശത്രുക്കളുടെ പ്രാണങ്ങളെയോ അവൻ കവിണയുടെ തടത്തിൽനിന്ന് എന്നപോലെ എറിഞ്ഞുകളയും. എന്നാൽ യഹോവ യജമാനന് വാഗ്ദാനം ചെയ്തിരിക്കുന്ന എല്ലാ നന്മയും നിവർത്തിച്ചുതന്ന് നിന്നെ യിസ്രായേലിനു പ്രഭുവാക്കി വയ്ക്കുമ്പോൾ അകാരണമായി രക്തം ചിന്നുകയും യജമാനൻ താൻ തന്നെ പ്രതികാരം നടത്തുകയും ചെയ്തുപോയി എന്നുള്ള ചഞ്ചലവും മനോവ്യഥയും യജമാനന് ഉണ്ടാകയില്ല; എന്നാൽ യഹോവ യജമാനനു നന്മ ചെയ്യുമ്പോൾ അടിയനെയും ഓർത്തുകൊള്ളേണമേ.