1 ശമൂവേൽ 20:1-17

1 ശമൂവേൽ 20:1-17 MALOVBSI

ദാവീദ് രാമായിലെ നയ്യോത്തിൽനിന്ന് ഓടി യോനാഥാന്റെ അടുക്കൽ ചെന്നു: ഞാൻ എന്തു ചെയ്തു? എന്റെ കുറ്റം എന്ത്? നിന്റെ അപ്പൻ എന്നെ കൊല്ലുവാൻ അന്വേഷിക്കേണ്ടതിന് അവനോടു ഞാൻ ചെയ്ത പാപം എന്ത് എന്നു ചോദിച്ചു. അവൻ അവനോട്: അങ്ങനെ ഭവിക്കരുതേ, നീ മരിക്കയില്ല; എന്റെ അപ്പൻ എന്നെ അറിയിക്കാതെ വലുതോ ചെറുതോ യാതൊന്നും ചെയ്‍വാറില്ല; പിന്നെ ഈ കാര്യം എന്നെ മറപ്പാൻ സംഗതി എന്ത്? അങ്ങനെ വരികയില്ല എന്നു പറഞ്ഞു. ദാവീദ് പിന്നെയും അവനോട്: എന്നോട് നിനക്കു പ്രിയമാകുന്നുവെന്ന് നിന്റെ അപ്പൻ നല്ലവണ്ണം അറികയാൽ യോനാഥാൻ ദുഃഖിക്കാതിരിക്കേണ്ടതിന് അവൻ ഇതു ഗ്രഹിക്കരുത് എന്ന് അവൻ വിചാരിക്കുന്നു; എന്നാൽ യഹോവയാണ, നിന്നാണ, എനിക്കും മരണത്തിനും മധ്യേ ഒരടി അകലം മാത്രമേയുള്ളൂ എന്നു സത്യംചെയ്തു പറഞ്ഞു. അപ്പോൾ യോനാഥാൻ ദാവീദിനോട്: നിന്റെ ആഗ്രഹം എന്ത്? ഞാൻ അതു ചെയ്തുതരും എന്നു പറഞ്ഞു. ദാവീദ് യോനാഥാനോടു പറഞ്ഞത്: നാളെ അമാവാസിയാകുന്നു; ഞാനും രാജാവിനോടുകൂടെ പന്തിഭോജനത്തിന് ഇരിക്കേണ്ടതല്ലോ; എങ്കിലും മറ്റന്നാൾ വൈകുന്നേരംവരെ വയലിൽ ഒളിച്ചിരിപ്പാൻ എനിക്ക് അനുവാദം തരേണം. നിന്റെ അപ്പൻ എന്നെ കാണാഞ്ഞിട്ട് അന്വേഷിച്ചാൽ: ദാവീദ് സ്വന്തപട്ടണമായ ബേത്‍ലഹേമിലേക്ക് ഒന്നു പോയിവരേണ്ടതിന് എന്നോടു താൽപര്യമായി അനുവാദം ചോദിച്ചു; അവന്റെ കുലത്തിനെല്ലാം അവിടെ വർഷാന്തരയാഗം ഉണ്ട് എന്നു ബോധിപ്പിക്കേണം. കൊള്ളാമെന്ന് അവൻ പറഞ്ഞാൽ അടിയനു ശുഭം; അല്ല, കോപിച്ചാൽ: അവൻ ദോഷം നിർണയിച്ചിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളേണം. എന്നാൽ അങ്ങുന്ന് അടിയനോടു ദയ ചെയ്യേണം; അടിയനുമായി യഹോവയെ സാക്ഷിയാക്കി സഖ്യത ചെയ്തിട്ടുണ്ടല്ലോ; വല്ല കുറ്റവും എന്നിൽ ഉണ്ടെങ്കിലോ അങ്ങുന്നുതന്നെ എന്നെ കൊല്ലുക; അപ്പന്റെ അടുക്കൽ എന്നെ കൊണ്ടുപോകുവാൻ എന്തൊരാവശ്യം? അതിന് യോനാഥാൻ: അങ്ങനെ നിനക്കു വരാതിരിക്കട്ടെ; എന്റെ അപ്പൻ നിനക്കു ദോഷം വരുത്തുവാൻ നിർണയിച്ചിരിക്കുന്നു എന്നു ഞാൻ അറിഞ്ഞാൽ നിന്നെ അറിയിക്കാതിരിക്കുമോ എന്നു പറഞ്ഞു. ദാവീദ് യോനാഥാനോട്: നിന്റെ അപ്പൻ നിന്നോടു കഠിനമായി ഉത്തരം പറഞ്ഞാലോ അത് ആർ എന്നെ അറിയിക്കും എന്നു ചോദിച്ചു. യോനാഥാൻ ദാവീദിനോട്: വരിക, നമുക്ക് വയലിലേക്കു പോകാം എന്നു പറഞ്ഞു; അവർ ഇരുവരും വയലിലേക്കു പോയി. പിന്നെ യോനാഥാൻ ദാവീദിനോടു പറഞ്ഞത്: യിസ്രായേലിന്റെ ദൈവമായ യഹോവ സാക്ഷി: നാളെ ഈ നേരത്തോ മറ്റന്നാളോ എന്റെ അപ്പന്റെ അന്തർഗതമറിഞ്ഞ് നിനക്കു ഗുണമെന്നു കണ്ടാൽ ഞാൻ ആളയച്ച് നിന്നെ അറിയിക്കാതിരിക്കുമോ? എന്നാൽ നിന്നോടു ദോഷം ചെയ്‍വാനാകുന്നു എന്റെ അപ്പന്റെ ഭാവമെങ്കിൽ ഞാൻ അതു നിന്നെ അറിയിച്ച് നീ സമാധാനത്തോടെ പോകേണ്ടതിന് നിന്നെ പറഞ്ഞയയ്ക്കാതിരുന്നാൽ യഹോവ യോനാഥാനോടു തക്കവണ്ണവും അധികവും ചെയ്യട്ടെ; യഹോവ എന്റെ അപ്പനോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കുമാറാകട്ടെ. ഞാൻ ഇനി ജീവനോടിരിക്കയാകുന്നു എങ്കിൽ ഞാൻ മരിക്കാതവണ്ണം യഹോവയുടെ ദയ നീ കാണിക്കേണ്ടത് എന്നോടു മാത്രമല്ല; എന്റെ ഗൃഹത്തോടും നിന്റെ ദയ ഒരിക്കലും അറ്റുപോകരുത്; യഹോവ ദാവീദിന്റെ ശത്രുക്കളെ ഒട്ടൊഴിയാതെ ഭൂതലത്തിൽനിന്നു ഛേദിച്ചുകളയുംകാലത്തും അറ്റുപോകരുത്. ഇങ്ങനെ യോനാഥാൻ ദാവീദിന്റെ ഗൃഹത്തോടു സഖ്യത ചെയ്തു. ദാവീദിന്റെ ശത്രുക്കളോട് യഹോവ ചോദിച്ചുകൊള്ളും. യോനാഥാൻ സ്വന്തപ്രാണനെപ്പോലെ ദാവീദിനെ സ്നേഹിക്കയാൽ തന്നോടുള്ള സ്നേഹത്തെച്ചൊല്ലി അവനെക്കൊണ്ടു പിന്നെയും സത്യം ചെയ്യിച്ചു.