1 ശമൂവേൽ 18:5-16

1 ശമൂവേൽ 18:5-16 MALOVBSI

ശൗൽ അയയ്ക്കുന്നേടത്തൊക്കെയും ദാവീദ് പോയി കാര്യാദികളെ വിവേകത്തോടെ നടത്തും; അതുകൊണ്ട് ശൗൽ അവനെ പടജ്ജനത്തിനു മേധാവി ആക്കി; ഇത് സർവജനത്തിനും ശൗലിന്റെ ഭൃത്യന്മാർക്കും ബോധിച്ചു. ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചശേഷം അവർ മടങ്ങിവരുമ്പോൾ യിസ്രായേല്യപട്ടണങ്ങളിൽനിന്നൊക്കെയും സ്ത്രീകൾ പാടിയും നൃത്തം ചെയ്തുംകൊണ്ടു തപ്പും തംബുരുവുമായി സന്തോഷത്തോടെ ശൗൽരാജാവിനെ എതിരേറ്റുചെന്നു. സ്ത്രീകൾ വാദ്യഘോഷത്തോടെ ഗാനപ്രതിഗാനമായി: ശൗൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു പാടി. അപ്പോൾ ശൗൽ ഏറ്റവും കോപിച്ചു; ഈ വാക്ക് അവന് അനിഷ്ടമായി: അവർ ദാവീദിനു പതിനായിരം കൊടുത്തു എനിക്ക് ആയിരം മാത്രമേ തന്നുള്ളൂ; ഇനി രാജത്വമല്ലാതെ അവനു കിട്ടുവാൻ എന്തുള്ളൂ എന്ന് അവൻ പറഞ്ഞു. അന്നുമുതൽ ശൗലിന് ദാവീദിനോട് കണ്ണുകടി തുടങ്ങി. പിറ്റന്നാൾ ദൈവത്തിന്റെ പക്കൽനിന്നുള്ള ദുരാത്മാവു ശൗലിന്മേൽ വന്നു; അവൻ അരമനയ്ക്കകത്ത് ഉറഞ്ഞു പറഞ്ഞു; ദാവീദോ പതിവുപോലെ കിന്നരം വായിച്ചുകൊണ്ടിരുന്നു; ശൗലിന്റെ കൈയിൽ ഒരു കുന്തം ഉണ്ടായിരുന്നു. ദാവീദിനെ ചുവരോടുചേർത്തു കുത്തുവാൻ വിചാരിച്ചുകൊണ്ട് ശൗൽ കുന്തം എറിഞ്ഞു; എന്നാൽ ദാവീദ് രണ്ടു പ്രാവശ്യം അവന്റെ മുമ്പിൽനിന്നു മാറിക്കളഞ്ഞു. യഹോവ ദാവീദിനോടുകൂടെ ഇരിക്കയും ശൗലിനെ വിട്ടുമാറുകയും ചെയ്തതുകൊണ്ട് ശൗൽ ദാവീദിനെ ഭയപ്പെട്ടു. അതുകൊണ്ട് ശൗൽ അവനെ തന്റെ അടുക്കൽനിന്നു മാറ്റി സഹസ്രാധിപനാക്കി; അങ്ങനെ അവൻ ജനത്തിനു നായകനായി പെരുമാറിപ്പോന്നു. ദാവീദ് തന്റെ എല്ലാ വഴികളിലും വിവേകത്തോടെ നടന്നു; യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു. അവൻ ഏറ്റവും വിവേകത്തോടെ നടക്കുന്നു എന്നു ശൗൽ കണ്ടിട്ട് അവങ്കൽ ആശങ്കിതനായിത്തീർന്നു. എന്നാൽ ദാവീദ് യിസ്രായേലിനും യെഹൂദായ്ക്കും നായകനായി പെരുമാറിയതുകൊണ്ട് അവരൊക്കെയും അവനെ സ്നേഹിച്ചു.