1 ശമൂവേൽ 15:17-26

1 ശമൂവേൽ 15:17-26 MALOVBSI

അപ്പോൾ ശമൂവേൽ പറഞ്ഞത്: നിന്റെ സ്വന്തകാഴ്ചയിൽ നീ ചെറിയവനായിരുന്നിട്ടും യഹോവ നിന്നെ യിസ്രായേൽഗോത്രങ്ങൾക്കു തലവനാക്കുകയും യിസ്രായേലിന്റെ രാജാവായി നിന്നെ അഭിഷേകം കഴിക്കയും ചെയ്തില്ലയോ? പിന്നെ യഹോവ നിന്നെ ഒരു വഴിക്ക് അയച്ചു: നീ ചെന്ന് അമാലേക്യരായ പാപികളെ നിർമ്മൂലമാക്കുകയും അവർ നശിക്കുംവരെ അവരോടു പൊരുതുകയും ചെയ്ക എന്നു കല്പിച്ചു. അങ്ങനെയിരിക്കെ നീ യഹോവയുടെ കല്പന അനുസരിക്കാതെ കൊള്ളയ്ക്കു ചാടി യഹോവയ്ക്ക് അനിഷ്ടമായതു ചെയ്തതെന്ത്? ശൗൽ ശമൂവേലിനോട്: ഞാൻ യഹോവയുടെ കല്പന അനുസരിച്ച് യഹോവ എന്നെ അയച്ച വഴിക്കു പോയി അമാലേക്യരാജാവായ ആഗാഗിനെ കൊണ്ടുവന്ന് അമാലേക്യരെ നിർമ്മൂലമാക്കിക്കളഞ്ഞു. എന്നാൽ ജനം ശപഥാർപ്പിതവസ്തുക്കളിൽ വിശേഷമായ ആടുമാടുകളെ കൊള്ളയിൽനിന്ന് എടുത്ത് ഗില്ഗാലിൽ നിന്റെ ദൈവമായ യഹോവയ്ക്കു യാഗം കഴിപ്പാൻ കൊണ്ടുവന്നിരിക്കുന്നു എന്നു പറഞ്ഞു. ശമൂവേൽ പറഞ്ഞത്: യഹോവയുടെ കല്പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവയ്ക്കു പ്രസാദമാകുമോ? ഇതാ, അനുസരിക്കുന്നതു യാഗത്തെക്കാളും ശ്രദ്ധിക്കുന്നതു മുട്ടാടുകളുടെ മേദസ്സിനെക്കാളും നല്ലത്. മത്സരം ആഭിചാരദോഷംപോലെയും ശാഠ്യം മിഥ്യാപൂജയും വിഗ്രഹാരാധനയും പോലെയും ആകുന്നു; നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ട് അവൻ നിന്നെയും രാജസ്ഥാനത്തിൽനിന്നു തള്ളിക്കളഞ്ഞിരിക്കുന്നു. ശൗൽ ശമൂവേലിനോട്: ഞാൻ ജനത്തെ ഭയപ്പെട്ട് അവരുടെ വാക്ക് അനുസരിച്ചതിനാൽ യഹോവയുടെ കല്പനയും നിന്റെ വാക്കും ലംഘിച്ചു പാപം ചെയ്തിരിക്കുന്നു. എങ്കിലും എന്റെ പാപം ക്ഷമിച്ച് ഞാൻ യഹോവയെ നമസ്കരിക്കേണ്ടതിന് എന്നോടുകൂടെ പോരേണമേ എന്നു പറഞ്ഞു. ശമൂവേൽ ശൗലിനോട്: ഞാൻ പോരുകയില്ല; നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ടു യഹോവ നിന്നെയും യിസ്രായേലിലെ രാജസ്ഥാനത്തുനിന്നു തള്ളിക്കളഞ്ഞിരിക്കുന്നു.