1 ശമൂവേൽ 14:1-23

1 ശമൂവേൽ 14:1-23 MALOVBSI

ഒരു ദിവസം ശൗലിന്റെ മകൻ യോനാഥാൻ തന്റെ ആയുധവാഹകനായ ബാല്യക്കാരനോട്: വരിക, നാം അങ്ങോട്ട് ഫെലിസ്ത്യരുടെ പട്ടാളത്തിന്റെ നേരേ ചെല്ലുക എന്നു പറഞ്ഞു; അവൻ അപ്പനോടു പറഞ്ഞില്ലതാനും. ശൗൽ ഗിബെയയുടെ അതിരിങ്കൽ മിഗ്രോനിലെ മാതളനാരകത്തിൻകീഴിൽ ഇരിക്കയായിരുന്നു. അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനം ഏകദേശം അറുനൂറു പേർ. ശീലോവിൽ യഹോവയുടെ പുരോഹിതനായിരുന്ന ഏലിയുടെ മകനായ ഫീനെഹാസിന്റെ മകനായ ഈഖാബോദിന്റെ സഹോദരനായ അഹീതൂബിന്റെ മകൻ അഹീയാവ് ആയിരുന്നു അന്ന് ഏഫോദ് ധരിച്ചിരുന്നത്. യോനാഥാൻ പോയതു ജനം അറിഞ്ഞില്ല. യോനാഥാൻ ഫെലിസ്ത്യരുടെ പട്ടാളത്തിന്റെ നേരേ ചെല്ലുവാൻ നോക്കിയ വഴിയിൽ ഇപ്പുറവും അപ്പുറവും കടുന്തൂക്കമായ ഓരോ പാറ ഉണ്ടായിരുന്നു; ഒന്നിനു ബോസേസ് എന്നും മറ്റേതിന് സേനെ എന്നും പേർ. ഒന്നു വടക്കുവശം മിക്മാസിനു മുഖമായും മറ്റേത് തെക്കുവശം ഗിബെയയ്ക്ക് മുഖമായും തൂക്കെ നിന്നിരുന്നു. യോനാഥാൻ തന്റെ ആയുധവാഹകനായ ബാല്യക്കാരനോട്: വരിക, നമുക്ക് ഈ അഗ്രചർമികളുടെ പട്ടാളത്തിന്റെ നേരേ ചെല്ലാം; പക്ഷേ യഹോവ നമുക്കുവേണ്ടി പ്രവർത്തിക്കും; അധികംകൊണ്ടോ അല്പംകൊണ്ടോ രക്ഷിപ്പാൻ യഹോവയ്ക്കു പ്രയാസമില്ലല്ലോ എന്നു പറഞ്ഞു. ആയുധവാഹകൻ അവനോട്: നിന്റെ മനസ്സുപോലെ ഒക്കെയും ചെയ്ക; നടന്നുകൊൾക; നിന്റെ ഇഷ്ടംപോലെ ഞാൻ നിന്നോടുകൂടെ ഉണ്ട് എന്നു പറഞ്ഞു. അതിന് യോനാഥാൻ പറഞ്ഞത്: നാം അവരുടെ നേരേ ചെന്ന് അവർക്കു നമ്മെത്തന്നെ കാണിക്കാം; ഞങ്ങൾ നിങ്ങളുടെ അടുക്കൽ വരുവോളം നില്പിൻ എന്ന് അവർ പറഞ്ഞാൽ നാം അവരുടെ അടുക്കൽ കയറിപ്പോകാതെ നിന്നേടത്തുതന്നെ നില്ക്കേണം. ഇങ്ങോട്ടു കയറിവരുവിൻ എന്നു പറഞ്ഞാലോ നമുക്കു കയറിച്ചെല്ലാം; യഹോവ അവരെ നമ്മുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു എന്നതിന് ഇതു നമുക്ക് അടയാളം ആയിരിക്കും. ഇങ്ങനെ അവർ ഇരുവരും ഫെലിസ്ത്യരുടെ പട്ടാളത്തിന് തങ്ങളെത്തന്നെ കാണിച്ചപ്പോൾ: ഇതാ, എബ്രായർ ഒളിച്ചിരുന്ന പൊത്തുകളിൽനിന്ന് പുറപ്പെട്ടുവരുന്നു എന്നു ഫെലിസ്ത്യർ പറഞ്ഞു. പട്ടാളക്കാർ യോനാഥാനോടും അവന്റെ ആയുധവാഹകനോടും: ഇങ്ങോട്ടു കയറിവരുവിൻ; ഞങ്ങൾ ഒന്നു കാണിച്ചുതരാം എന്നു പറഞ്ഞു. അപ്പോൾ യോനാഥാൻ തന്റെ ആയുധവാഹകനോട്: എന്റെ പിന്നാലെ കയറിവരിക; യഹോവ അവരെ യിസ്രായേലിന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ യോനാഥാനും അവന്റെ പിന്നാലെ ആയുധവാഹകനും തത്തിപ്പിടിച്ചു കയറി; അവർ യോനാഥാന്റെ മുമ്പിൽ വീണു; ആയുധവാഹകൻ അവന്റെ പിന്നാലെ കൊന്നുംകൊണ്ടു നടന്നു. യോനാഥാനും ആയുധവാഹകനും ചെയ്ത ഈ ആദ്യസംഹാരത്തിൽ ഒരു കാണിനിലത്തിന്റെ പാതി നീളത്തിനകം ഇരുപതു പേർ വീണു. പാളയത്തിലും പോർക്കളത്തിലും സർവജനത്തിലും നടുക്കമുണ്ടായി; പട്ടാളവും കവർച്ചക്കാരും കൂടെ വിറച്ചു, ഭൂമി കുലുങ്ങി, വലിയൊരു നടുക്കം ഉണ്ടായി. അപ്പോൾ ബെന്യാമീനിലെ ഗിബെയയിൽനിന്ന് ശൗലിന്റെ കാവൽക്കാർ നോക്കി പുരുഷാരം ചിന്നി അങ്ങുമിങ്ങും ഓടുന്നതു കണ്ടു. ശൗൽ കൂടെയുള്ള ജനത്തോട്: എണ്ണിനോക്കി നമ്മിൽനിന്നു പോയവർ ആരെന്നറിവിൻ എന്നു കല്പിച്ചു. അവർ എണ്ണിനോക്കിയപ്പോൾ യോനാഥാനും അവന്റെ ആയുധവാഹകനും ഇല്ലായിരുന്നു. ശൗൽ അഹീയാവിനോട്: ദൈവത്തിന്റെ പെട്ടകം ഇവിടെ കൊണ്ടുവരിക എന്നു പറഞ്ഞു. ദൈവത്തിന്റെ പെട്ടകം ആ കാലത്ത് യിസ്രായേൽമക്കളുടെ അടുക്കൽ ഉണ്ടായിരുന്നു. ശൗൽ പുരോഹിതനോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഫെലിസ്ത്യരുടെ പാളയത്തിലെ കലാപം മേല്ക്കുമേൽ വർധിച്ചുവന്നു. അപ്പോൾ ശൗൽ പുരോഹിതനോട്: നിന്റെ കൈ വലിക്ക എന്നു പറഞ്ഞു. ശൗലും കൂടെയുള്ള ജനമൊക്കെയും ഒന്നിച്ചുകൂടി പടയ്ക്കു ചെന്നു, അവിടെ അവർ അന്യോന്യം വെട്ടി വലിയ കലക്കമായിരിക്കുന്നതു കണ്ടു. മുമ്പേ ഫെലിസ്ത്യരോടു ചേർന്ന് ചുറ്റുമുള്ള ദേശത്തുനിന്ന് അവരോടുകൂടെ പാളയത്തിൽ വന്നിരുന്ന എബ്രായരും ശൗലിനോടും യോനാഥാനോടുംകൂടെ ഉണ്ടായിരുന്ന യിസ്രായേല്യരുടെ പക്ഷം തിരിഞ്ഞു. അങ്ങനെതന്നെ എഫ്രയീംമലനാട്ടിൽ ഒളിച്ചിരുന്ന യിസ്രായേല്യർ ഒക്കെയും ഫെലിസ്ത്യർ തോറ്റോടി എന്നു കേട്ടയുടനെ അവരും പടയിൽ ചേർന്ന് അവരെ പിന്തുടർന്നു. അങ്ങനെ യഹോവ അന്ന് യിസ്രായേലിനെ രക്ഷിച്ചു; പട ബേത്ത്-ആവെൻവരെ പരന്നു.