1 രാജാക്കന്മാർ 9:10-28

1 രാജാക്കന്മാർ 9:10-28 MALOVBSI

ശലോമോൻ യഹോവയുടെ ആലയം, രാജധാനി എന്നീ രണ്ടു ഭവനവും ഇരുപതു സംവത്സരംകൊണ്ടു പണിതശേഷം സോർരാജാവായ ഹീരാം ശലോമോന് അവന്റെ ഇഷ്ടംപോലെയൊക്കെയും ദേവദാരുവും സരളമരവും സ്വർണവും കൊടുത്തിരുന്നതുകൊണ്ട് ശലോമോൻരാജാവ് ഹീരാമിനു ഗലീലാദേശത്ത് ഇരുപതു പട്ടണം കൊടുത്തു. ശലോമോൻ ഹീരാമിനു കൊടുത്ത പട്ടണങ്ങളെ കാണേണ്ടതിന് അവൻ സോരിൽനിന്നു വന്നു; എന്നാൽ അവ അവനു ബോധിച്ചില്ല, സഹോദരാ, നീ എനിക്കു തന്ന ഈ പട്ടണങ്ങൾ എന്ത് എന്ന് അവൻ പറഞ്ഞു. അവയ്ക്ക് ഇന്നുവരെയും കാബൂൽദേശം എന്നു പേരായിരിക്കുന്നു. ഹീരാമോ രാജാവിനു നൂറ്റിരുപതു താലന്തു പൊന്നു കൊടുത്തയച്ചു. ശലോമോൻരാജാവ് യഹോവയുടെ ആലയം, അരമന, മില്ലോ, യെരൂശലേമിന്റെ മതിൽ, ഹാസോർ, മെഗിദ്ദോ, ഗേസെർ എന്നിവ പണിയേണ്ടതിന് ഊഴിയവേല ചെയ്യിച്ച വിവരം: മിസ്രയീംരാജാവായ ഫറവോൻ ചെന്നു, ഗേസെർ പിടിച്ചു തീവച്ചു ചുട്ടുകളഞ്ഞ്, അതിൽ പാർത്തിരുന്ന കനാന്യരെ കൊന്ന്, അതിനെ ശലോമോന്റെ ഭാര്യയായ തന്റെ മകൾക്കു സ്ത്രീധനമായി കൊടുത്തിരുന്നു. അങ്ങനെ ശലോമോൻ ഗേസെരും താഴത്തെ ബേത്ത്-ഹോരോനും ബാലാത്തും ദേശത്തിലെ മരുഭൂമിയിലുള്ള തദ്മോരും ശലോമോന് ഉണ്ടായിരുന്ന സകല സംഭാരനഗരങ്ങളും രഥനഗരങ്ങളും കുതിരച്ചേവകർക്കുള്ള പട്ടണങ്ങളും ശലോമോൻ യെരൂശലേമിലും ലെബാനോനിലും തന്റെ രാജ്യത്തിൽ എല്ലാടവും പണിവാൻ ആഗ്രഹിച്ചതൊക്കെയും പണിത് അമോര്യർ, ഹിത്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിങ്ങനെ യിസ്രായേൽമക്കളിൽ ഉൾപ്പെടാത്ത ശേഷിപ്പുള്ള സകല ജാതിയെയും യിസ്രായേൽമക്കൾക്കു നിർമ്മൂലമാക്കുവാൻ കഴിയാതെ പിന്നീടും ദേശത്തു ശേഷിച്ചിരുന്ന അവരുടെ മക്കളെയും ശലോമോൻ ഊഴിയവേലക്കാരാക്കി; അവർ ഇന്നുവരെ അങ്ങനെ ഇരിക്കുന്നു. യിസ്രായേൽമക്കളിൽ നിന്നോ ശലോമോൻ ആരെയും ദാസ്യവേലയ്ക്കാക്കിയില്ല; അവർ അവന്റെ യോദ്ധാക്കളും ഭൃത്യന്മാരും പ്രഭുക്കന്മാരും പടനായകന്മാരും അവന്റെ രഥങ്ങൾക്കും കുതിരച്ചേവകർക്കും അധിപതിമാരും ആയിരുന്നു. അഞ്ഞൂറ്റമ്പതു പേർ ശലോമോന്റെ വേലയെടുത്ത ജനത്തിനു മേധാവികളായ മേലുദ്യോഗസ്ഥന്മാരായിരുന്നു. ഫറവോന്റെ മകൾ ദാവീദിന്റെ നഗരത്തിൽനിന്നു ശലോമോൻ അവൾക്കുവേണ്ടി പണിതിരുന്ന അരമനയിൽ പാർപ്പാൻ വന്നശേഷം അവൻ മില്ലോ പണിതു. ശലോമോൻ യഹോവയ്ക്കു പണിതിരുന്ന യാഗപീഠത്തിന്മേൽ അവൻ ആണ്ടിൽ മൂന്നു പ്രാവശ്യം ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ച് യഹോവയുടെ സന്നിധിയിൽ ധൂപം കാട്ടും. ഇങ്ങനെ അവൻ യഹോവയുടെ ആലയം തീർത്തു. ശലോമോൻരാജാവ് എദോംദേശത്തു ചെങ്കടല്ക്കരയിൽ ഏലോത്തിനു സമീപത്തുള്ള എസ്യോൻ-ഗേബെരിൽവച്ചു കപ്പലുകൾ പണിതു. ആ കപ്പലുകളിൽ ശലോമോന്റെ ദാസന്മാരോടുകൂടെ ഹീരാം സമുദ്രപരിചയമുള്ള കപ്പൽക്കാരായ തന്റെ ദാസന്മാരെ അയച്ചു. അവർ ഓഫീരിലേക്കു ചെന്ന് അവിടെനിന്നു നാനൂറ്റി ഇരുപതു താലന്തു പൊന്ന് ശലോമോൻരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.