1 രാജാക്കന്മാർ 9:1-9

1 രാജാക്കന്മാർ 9:1-9 MALOVBSI

യഹോവയുടെ ആലയവും രാജധാനിയും മറ്റും തനിക്ക് ഉണ്ടാക്കുവാൻ മനസ്സും താൽപര്യവും ഉണ്ടായിരുന്നതൊക്കെയും ശലോമോൻ പണിതുതീർന്നശേഷം യഹോവ ഗിബെയോനിൽവച്ചു ശലോമോനു പ്രത്യക്ഷനായതുപോലെ രണ്ടാം പ്രാവശ്യവും അവനു പ്രത്യക്ഷനായി. യഹോവ അവനോട് അരുളിച്ചെയ്തതെന്തെന്നാൽ: നീ എന്റെ മുമ്പാകെ കഴിച്ചിരിക്കുന്ന നിന്റെ പ്രാർഥനയും യാചനയും ഞാൻ കേട്ടു; നീ പണിതിരിക്കുന്ന ഈ ആലയത്തെ എന്റെ നാമം അതിൽ എന്നേക്കും സ്ഥാപിപ്പാൻ തക്കവണ്ണം ഞാൻ വിശുദ്ധീകരിച്ചിരിക്കുന്നു; എന്റെ കണ്ണും ഹൃദയവും എല്ലായ്പോഴും അവിടെ ഇരിക്കും. ഞാൻ നിന്നോടു കല്പിച്ചതൊക്കെയും ചെയ്‍വാൻ തക്കവണ്ണം എന്റെ മുമ്പാകെ ഹൃദയനിർമ്മലതയോടും പരമാർഥതയോടുംകൂടെ നിന്റെ അപ്പനായ ദാവീദ് നടന്നതുപോലെ നടക്കുകയും എന്റെ ചട്ടങ്ങളും വിധികളും പ്രമാണിക്കയും ചെയ്താൽ യിസ്രായേലിന്റെ രാജാസനത്തിൽ ഇരിപ്പാൻ ഒരു പുരുഷൻ നിനക്ക് ഇല്ലാതെപോകയില്ല എന്ന് ഞാൻ നിന്റെ അപ്പനായ ദാവീദിനോട് അരുളിച്ചെയ്തതുപോലെ യിസ്രായേലിലുള്ള നിന്റെ രാജത്വത്തിന്റെ സിംഹാസനം ഞാൻ എന്നേക്കും സ്ഥിരമാക്കും. നിങ്ങളോ നിങ്ങളുടെ പുത്രന്മാരോ എന്നെ വിട്ടുമാറി നിങ്ങളുടെ മുമ്പിൽ വച്ചിരിക്കുന്ന എന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിക്കാതെ ചെന്ന് അന്യദൈവങ്ങളെ സേവിച്ചു നമസ്കരിച്ചാൽ ഞാൻ യിസ്രായേലിനു കൊടുത്തിരിക്കുന്ന ദേശത്തുനിന്ന് അവരെ പറിച്ചുകളയും; എന്റെ നാമത്തിനുവേണ്ടി ഞാൻ വിശുദ്ധീകരിച്ചിരിക്കുന്ന ഈ ആലയവും ഞാൻ എന്റെ മുമ്പിൽനിന്നു നീക്കിക്കളയും; യിസ്രായേൽ സകല ജാതികളുടെയും ഇടയിൽ പഴഞ്ചൊല്ലും പരിഹാസവും ആയിരിക്കും. ഈ ആലയം എത്ര ഉന്നതമായിരുന്നാലും കടന്നുപോകുന്ന ഏവനും അതിനെ കണ്ടു സ്തംഭിച്ചു ചൂളകുത്തി, യഹോവ ഈ ദേശത്തിനും ഈ ആലയത്തിനും ഇങ്ങനെ വരുത്തിയത് എന്ത് എന്നു ചോദിക്കും. അവർ തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ ഉപേക്ഷിക്കയും അന്യദൈവങ്ങളോടു ചേർന്ന് അവയെ നമസ്കരിച്ചു സേവിക്കയും ചെയ്കകൊണ്ട് യഹോവ ഈ അനർഥമൊക്കെയും അവർക്കു വരുത്തിയിരിക്കുന്നു എന്ന് അതിന് ഉത്തരം പറയും.