1 രാജാക്കന്മാർ 8:54-66

1 രാജാക്കന്മാർ 8:54-66 MALOVBSI

ശലോമോൻ യഹോവയോട് ഈ പ്രാർഥനയും യാചനയും എല്ലാം കഴിച്ചുതീർന്നശേഷം അവൻ യഹോവയുടെ യാഗപീഠത്തിൻമുമ്പിൽ മുഴങ്കാൽ കുത്തിയിരുന്നതും കൈ ആകാശത്തേക്കു മലർത്തിയിരുന്നതും വിട്ട് എഴുന്നേറ്റു. അവൻ നിന്നുകൊണ്ട് യിസ്രായേൽസഭയെയൊക്കെയും ഉച്ചത്തിൽ ആശീർവദിച്ചു പറഞ്ഞത് എന്തെന്നാൽ: താൻ വാഗ്ദാനം ചെയ്തതുപോലെയൊക്കെയും തന്റെ ജനമായ യിസ്രായേലിനു സ്വസ്ഥത നല്കിയിരിക്കുന്ന യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ തന്റെ ദാസനായ മോശെ മുഖാന്തരം അരുളിച്ചെയ്ത അവന്റെ നല്ല വാഗ്ദാനങ്ങളെല്ലാറ്റിലും വച്ച് ഒന്നെങ്കിലും നിഷ്ഫലമായിട്ടില്ലല്ലോ. നമ്മുടെ ദൈവമായ യഹോവ നമ്മുടെ പിതാക്കന്മാരോടുകൂടെ ഇരുന്നതുപോലെ നമ്മോടുകൂടെയും ഇരിക്കുമാറാകട്ടെ; അവൻ നമ്മെ കൈവിടുകയോ ഉപേക്ഷിക്കയോ ചെയ്യരുതേ. നാം അവന്റെ എല്ലാ വഴികളിലും നടക്കേണ്ടതിനും അവൻ നമ്മുടെ പിതാക്കന്മാരോടു കല്പിച്ച അവന്റെ കല്പനകളും ചട്ടങ്ങളും വിധികളും പ്രമാണിച്ചു നടക്കേണ്ടതിനും നമ്മുടെ ഹൃദയത്തെ തങ്കലേക്കു ചായുമാറാക്കട്ടെ. യഹോവതന്നെ ദൈവം; മറ്റൊരുത്തനുമില്ല എന്നു ഭൂമിയിലെ സകല ജാതികളും അറിയേണ്ടതിന് അവൻ തന്റെ ദാസനും തന്റെ ജനമായ യിസ്രായേലിനും അന്നന്ന് ആവശ്യമുള്ളതുപോലെ ന്യായം പാലിച്ചുകൊടുപ്പാൻ തക്കവണ്ണം ഞാൻ യഹോവയുടെ മുമ്പാകെ അപേക്ഷിച്ചിരിക്കുന്ന എന്റെ ഈ വചനങ്ങൾ രാവും പകലും നമ്മുടെ ദൈവമായ യഹോവയുടെ സന്നിധാനത്തിൽ ഇരിക്കുമാറാകട്ടെ. ആകയാൽ ഇന്നുള്ളതുപോലെ നിങ്ങൾ അവന്റെ ചട്ടങ്ങൾ അനുസരിച്ചു നടപ്പാനും അവന്റെ കല്പനകൾ പ്രമാണിപ്പാനും നിങ്ങളുടെ ഹൃദയം നമ്മുടെ ദൈവമായ യഹോവയിങ്കൽ ഏകാഗ്രമായിരിക്കട്ടെ. പിന്നെ രാജാവും എല്ലാ യിസ്രായേലും യഹോവയുടെ സന്നിധിയിൽ യാഗം കഴിച്ചു. ശലോമോൻ യഹോവയ്ക്ക് ഇരുപത്തീരായിരം കാളയെയും ലക്ഷത്തിരുപതിനായിരം ആടിനെയും സമാധാനയാഗമായിട്ട് അർപ്പിച്ചു. ഇങ്ങനെ രാജാവും യിസ്രായേൽ മക്കളൊക്കെയും യഹോവയുടെ ആലയത്തെ പ്രതിഷ്ഠിച്ചു. യഹോവയുടെ സന്നിധിയിൽ ഉണ്ടായിരുന്ന താമ്രയാഗപീഠം, ഹോമയാഗം, ഭോജനയാഗം, സമാധാനയാഗങ്ങളുടെ മേദസ്സ് എന്നിവ കൊള്ളുന്നതിനു പോരാതിരുന്നതുകൊണ്ടു രാജാവ് അന്നു യഹോവയുടെ ആലയത്തിന്റെ മുമ്പിലുള്ള പ്രാകാരത്തിന്റെ മധ്യഭാഗം ശുദ്ധീകരിച്ച് അവിടെ ഹോമയാഗവും ഭോജനയാഗവും സമാധാനയാഗങ്ങളുടെ മേദസ്സും അർപ്പിച്ചു. ശലോമോനും അവനോടുകൂടെ ഹമാത്തിന്റെ അതിർമുതൽ മിസ്രയീംതോടുവരെയുമുള്ള എല്ലാ യിസ്രായേലും വലിയൊരു സഭയായി ആ സമയത്തു നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഏഴു ദിവസവും പിന്നെയും ഏഴു ദിവസവും ഇങ്ങനെ പതിന്നാലു ദിവസം ഉത്സവം ആചരിച്ചു. എട്ടാം ദിവസം അവൻ ജനത്തെ വിട്ടയച്ചു; അവർ രാജാവിനെ അഭിനന്ദിച്ചു, യഹോവ തന്റെ ദാസനായ ദാവീദിനും, തന്റെ ജനമായ യിസ്രായേലിനും ചെയ്ത എല്ലാ നന്മയെയും കുറിച്ചു സന്തോഷവും ആനന്ദവുമുള്ളവരായി തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി.