അനന്തരം ശലോമോൻ യഹോവയുടെ യാഗപീഠത്തിൻമുമ്പിൽ യിസ്രായേലിന്റെ സർവ സഭയുടെയും സമക്ഷത്തു നിന്നുംകൊണ്ട് ആകാശത്തിലേക്കു കൈ മലർത്തി പറഞ്ഞത് എന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്ന നിന്നെപ്പോലെ മീതെ സ്വർഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല. നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസനു ചെയ്ത വാഗ്ദാനം പാലിച്ചിരിക്കുന്നു; തിരുവായ്കൊണ്ട് അരുളിച്ചെയ്തത് ഇന്നു കാണുംപോലെ തൃക്കൈകൊണ്ടു നിവർത്തിച്ചുമിരിക്കുന്നു. ആകയാൽ യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസനോട്: നീ എന്റെ മുമ്പാകെ നടന്നതുപോലെ നിന്റെ പുത്രന്മാരും എന്റെ മുമ്പാകെ നടക്കത്തക്കവണ്ണം തങ്ങളുടെ വഴി സൂക്ഷിക്കമാത്രം ചെയ്താൽ യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ നിനക്ക് ഒരു പുരുഷൻ എന്റെ മുമ്പാകെ ഇല്ലാതെവരികയില്ല എന്ന് അരുളിച്ചെയ്തിരിക്കുന്നതു നിവർത്തിക്കേണമേ. ഇപ്പോൾ യിസ്രായേലിന്റെ ദൈവമേ, എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസനോടു നീ അരുളിച്ചെയ്ത വചനം ഒത്തുവരുമാറാകട്ടെ. എന്നാൽ ദൈവം യഥാർഥമായി ഭൂമിയിൽ വസിക്കുമോ? സ്വർഗത്തിലും സ്വർഗാധിസ്വർഗത്തിലും നീ അടങ്ങുകയില്ലല്ലോ; പിന്നെ ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിൽ അടങ്ങുന്നത് എങ്ങനെ? എങ്കിലും എന്റെ ദൈവമായ യഹോവേ, അടിയൻ ഇന്നു തിരുമുമ്പിൽ കഴിക്കുന്ന നിലവിളിയും പ്രാർഥനയും കേൾക്കേണ്ടതിന് അടിയന്റെ പ്രാർഥനയിലേക്കും യാചനയിലേക്കും തിരിഞ്ഞു കടാക്ഷിക്കേണമേ. അടിയൻ ഈ സ്ഥലത്തുവച്ചു കഴിക്കുന്ന പ്രാർഥന കേൾക്കേണ്ടതിന് നിന്റെ നാമം ഉണ്ടായിരിക്കുമെന്നു നീ അരുളിച്ചെയ്ത സ്ഥലമായ ഈ ആലയത്തിലേക്കു രാവും പകലും തൃക്കൺപാർത്തരുളേണമേ, ഈ സ്ഥലത്തുവച്ചു പ്രാർഥിപ്പാനിരിക്കുന്ന അടിയന്റെയും നിന്റെ ജനമായ യിസ്രായേലിന്റെയും യാചന കേൾക്കേണമേ. നിന്റെ വാസസ്ഥലമായ സ്വർഗത്തിൽ കേൾക്കേണമേ; കേട്ടു ക്ഷമിക്കേണമേ. ഒരുത്തൻ തന്റെ കൂട്ടുകാരനോടു കുറ്റം ചെയ്കയും അവൻ അവനെക്കൊണ്ടു സത്യം ചെയ്യിക്കേണ്ടതിനു കാര്യം സത്യത്തിനു വയ്ക്കുകയും അവൻ ഈ ആലയത്തിൽ നിന്റെ യാഗപീഠത്തിനുമുമ്പാകെ വന്നു സത്യം ചെയ്കയും ചെയ്താൽ നീ സ്വർഗത്തിൽ കേട്ടു പ്രവർത്തിച്ച്, ദുഷ്ടന്റെ നടപ്പ് അവന്റെ തലമേൽ വരുത്തി അവനെ ശിക്ഷിപ്പാനും നീതിമാന്റെ നീതിക്കു തക്കവണ്ണം അവനു നല്കി അവനെ നീതീകരിപ്പാനും അടിയങ്ങൾക്കു ന്യായം പാലിച്ചുതരേണമേ. നിന്റെ ജനമായ യിസ്രായേൽ നിന്നോടു പാപം ചെയ്കനിമിത്തം അവർ ശത്രുവിനോടു തോറ്റിട്ടു നിങ്കലേക്കു തിരിഞ്ഞു നിന്റെ നാമത്തെ സ്വീകരിച്ചുകൊണ്ട് ഈ ആലയത്തിൽവച്ചു നിന്നോടു പ്രാർഥിക്കയും യാചിക്കയും ചെയ്താൽ നീ സ്വർഗത്തിൽ കേട്ട് നിന്റെ ജനമായ യിസ്രായേലിന്റെ പാപം ക്ഷമിച്ച് അവരുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തേക്ക് അവരെ മടക്കിവരുത്തേണമേ. അവർ നിന്നോടു പാപം ചെയ്കകൊണ്ട് ആകാശം അടഞ്ഞു മഴ പെയ്യാതിരിക്കുമ്പോൾ അവർ ഈ സ്ഥലത്തേക്കു തിരിഞ്ഞു പ്രാർഥിച്ചു നിന്റെ നാമത്തെ സ്വീകരിക്കയും നീ അവരെ താഴ്ത്തിയതുകൊണ്ട് അവർ തങ്ങളുടെ പാപങ്ങളെ വിട്ടുതിരികയും ചെയ്താൽ നീ സ്വർഗത്തിൽ കേട്ട് നിന്റെ ദാസന്മാരുടെയും നിന്റെ ജനമായ യിസ്രായേലിന്റെയും പാപം ക്ഷമിച്ച്, അവർ നടക്കേണ്ടുന്ന നല്ല വഴി അവരെ ഉപദേശിക്കയും നിന്റെ ജനത്തിന് അവകാശമായി കൊടുത്ത നിന്റെ ദേശത്തു മഴ പെയ്യിക്കയും ചെയ്യേണമേ. ദേശത്തു ക്ഷാമമോ മഹാമാരിയോ വെൺകതിർ, വിഷമഞ്ഞ്, വെട്ടുക്കിളി, തുള്ളൻ എന്നിവയോ ഉണ്ടായാൽ അവരുടെ ശത്രു അവരുടെ പട്ടണങ്ങളുള്ള ദേശത്ത് അവരെ നിരോധിച്ചാൽ വല്ല വ്യാധിയോ വല്ല ദീനമോ ഉണ്ടായാൽ യാതൊരുത്തനെങ്കിലും നിന്റെ ജനമായ യിസ്രായേൽ മുഴുവനെങ്കിലും വല്ല പ്രാർഥനയും യാചനയും കഴിക്കയും ഓരോരുത്തൻ താന്താന്റെ മനഃപീഡ അറിഞ്ഞ് ഈ ആലയത്തിങ്കലേക്കു കൈ മലർത്തുകയും ചെയ്താൽ നീ നിന്റെ വാസസ്ഥലമായ സ്വർഗത്തിൽ കേട്ടു ക്ഷമിക്കയും ഞങ്ങളുടെ പിതാക്കന്മാർക്കു നീ കൊടുത്ത ദേശത്ത് അവർ ജീവിച്ചിരിക്കും കാലത്തൊക്കെയും നിന്നെ ഭയപ്പെടേണ്ടതിനു നീ ഓരോരുത്തന്റെ ഹൃദയത്തെ അറിയുന്നതുപോലെ ഓരോരുത്തന് അവനവന്റെ നടപ്പുപോലെയൊക്കെയും ചെയ്തരുളേണമേ; നീ മാത്രമല്ലോ സകല മനുഷ്യപുത്രന്മാരുടെയും ഹൃദയത്തെ അറിയുന്നത്. അത്രയുമല്ല, നിന്റെ ജനമായ യിസ്രായേലിലുള്ളവനല്ലാത്ത ഒരു അന്യജാതിക്കാരൻ ദൂരദേശത്തുനിന്നു നിന്റെ നാമം ഹേതുവായി വരികയും- അവർ നിന്റെ മഹത്ത്വമുള്ള നാമത്തെയും ബലമുള്ള ഭുജത്തെയും നീട്ടിയിരിക്കുന്ന കൈയെയും കുറിച്ചു കേൾക്കുമല്ലോ- ഈ ആലയത്തിങ്കലേക്കു നോക്കി പ്രാർഥിക്കയും ചെയ്താൽ നീ നിന്റെ വാസസ്ഥലമായ സ്വർഗത്തിൽ കേട്ട്, ഭൂമിയിലെ സകല ജാതികളും നിന്റെ ജനമായ യിസ്രായേൽ എന്നപോലെ നിന്നെ ഭയപ്പെടുവാനും ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിനു നിന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്നു എന്നു ഗ്രഹിപ്പാനും നിന്റെ നാമത്തെ അറിവാനും തക്കവണ്ണം അന്യജാതിക്കാരൻ നിന്നോടു പ്രാർഥിക്കുന്നതൊക്കെയും നീ ചെയ്തുകൊടുക്കേണമേ.
1 രാജാക്കന്മാർ 8 വായിക്കുക
കേൾക്കുക 1 രാജാക്കന്മാർ 8
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 രാജാക്കന്മാർ 8:22-43
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ