1 രാജാക്കന്മാർ 8:12-21

1 രാജാക്കന്മാർ 8:12-21 MALOVBSI

അപ്പോൾ ശലോമോൻ: താൻ കൂരിരുളിൽ വസിക്കുമെന്നു യഹോവ അരുളിച്ചെയ്തിരിക്കുന്നു; എങ്കിലും ഞാൻ നിനക്ക് ഒരു നിവാസാലയം, നിനക്ക് എന്നേക്കും വസിപ്പാൻ ഒരു സ്ഥലം പണിതിരിക്കുന്നു എന്നു പറഞ്ഞു. പിന്നെ യിസ്രായേൽസഭ മുഴുവനും നിന്നുകൊണ്ടിരിക്കെ രാജാവ് മുഖം തിരിച്ച് യിസ്രായേലിന്റെ സർവസഭയെയും അനുഗ്രഹിച്ചു പറഞ്ഞത് എന്തെന്നാൽ: എന്റെ അപ്പനായ ദാവീദിനോടു തിരുവായ്കൊണ്ട് അരുളിച്ചെയ്തതു തൃക്കൈകൊണ്ടു നിവർത്തിച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ. എന്റെ ജനമായ യിസ്രായേലിനെ മിസ്രയീമിൽനിന്നു കൊണ്ടുവന്ന നാൾമുതൽ എന്റെ നാമം ഇരിക്കേണ്ടതിന് ഒരു ആലയം പണിവാൻ ഞാൻ യിസ്രായേലിന്റെ സകല ഗോത്രങ്ങളിലും ഒരു പട്ടണം തിരഞ്ഞെടുത്തില്ല; എന്നാൽ എന്റെ ജനമായ യിസ്രായേലിനു പ്രഭുവായിരിപ്പാൻ ഞാൻ ദാവീദിനെ തിരഞ്ഞെടുത്തു എന്ന് അവൻ അരുളിച്ചെയ്തു. യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിയേണം എന്ന് എന്റെ അപ്പനായ ദാവീദിനു താൽപര്യം ഉണ്ടായിരുന്നു. എന്നാൽ യഹോവ എന്റെ അപ്പനായ ദാവീദിനോട്: എന്റെ നാമത്തിന് ഒരു ആലയം പണിയണമെന്നു നിനക്കു താൽപര്യം ഉണ്ടായല്ലോ; അങ്ങനെ താൽപര്യം ഉണ്ടായത് നല്ലത്. എങ്കിലും ആലയം പണിയേണ്ടതു നീയല്ല, നിന്റെ കടിപ്രദേശത്തുനിന്നുദ്ഭവിക്കുന്ന മകൻതന്നെ എന്റെ നാമത്തിന് ആലയം പണിയും എന്നു കല്പിച്ചു. അങ്ങനെ യഹോവ താൻ അരുളിച്ചെയ്ത വചനം നിവർത്തിച്ചിരിക്കുന്നു; യഹോവ വാഗ്ദാനം ചെയ്തതുപോലെ എന്റെ അപ്പനായ ദാവീദിനു പകരം ഞാൻ എഴുന്നേറ്റു യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിക്കുന്നു; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയവും പണിതിരിക്കുന്നു. യഹോവ നമ്മുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നപ്പോൾ, അവരോടു ചെയ്ത നിയമം ഇരിക്കുന്ന പെട്ടകത്തിനു ഞാൻ അതിൽ ഒരു സ്ഥലം ഒരുക്കിയിരിക്കുന്നു.