1 രാജാക്കന്മാർ 6:19-38

1 രാജാക്കന്മാർ 6:19-38 MALOVBSI

ആലയത്തിന്റെ അകത്ത് യഹോവയുടെ നിയമപെട്ടകം വയ്ക്കേണ്ടതിന് അവൻ ഒരു അന്തർമന്ദിരം ചമച്ചു. അന്തർമന്ദിരത്തിന്റെ അകം ഇരുപതു മുഴം നീളവും ഇരുപതു മുഴം വീതിയും ഇരുപതു മുഴം ഉയരവും ഉള്ളതായിരുന്നു; അവൻ അത് തങ്കംകൊണ്ടു പൊതിഞ്ഞു; ദേവദാരുമരംകൊണ്ടുള്ള ധൂപപീഠവും പൊതിഞ്ഞു. ആലയത്തിന്റെ അകം ശലോമോൻ തങ്കംകൊണ്ടു പൊതിഞ്ഞു; അന്തർമന്ദിരത്തിന്റെ മുൻവശത്ത് വിലങ്ങത്തിൽ പൊൻചങ്ങല കൊളുത്തി അന്തർമന്ദിരം പൊന്നുകൊണ്ടു പൊതിഞ്ഞു. അങ്ങനെ അവൻ ആലയം ആസകലം പൊന്നുകൊണ്ടു പൊതിഞ്ഞു; അന്തർമന്ദിരത്തിനുള്ള പീഠവും മുഴുവനും പൊന്നുകൊണ്ടു പൊതിഞ്ഞു. അന്തർമന്ദിരത്തിൽ അവൻ ഒലിവുമരംകൊണ്ടു പത്തു മുഴം ഉയരമുള്ള രണ്ടു കെരൂബുകളെയും ഉണ്ടാക്കി. ഒരു കെരൂബിന്റെ ഒരു ചിറക് അഞ്ചു മുഴം, കെരൂബിന്റെ മറ്റേ ചിറക് അഞ്ചു മുഴം; ഇങ്ങനെ ഒരു ചിറകിന്റെ അറ്റംമുതൽ മറ്റേ ചിറകിന്റെ അറ്റംവരെ പത്തു മുഴം. മറ്റേ കെരൂബിനും പത്തു മുഴം; കെരൂബ് രണ്ടിനും അളവും ആകൃതിയും ഒന്നുതന്നെ. ഒരു കെരൂബിന്റെ ഉയരം പത്തു മുഴം; മറ്റേ കെരൂബിനും അങ്ങനെതന്നെ. അവൻ കെരൂബുകളെ അന്തരാലയത്തിന്റെ നടുവിൽ നിറുത്തി; കെരൂബുകളുടെ ചിറകു വിടർന്നിരുന്നു; ഒന്നിന്റെ ചിറക് ഒരു ചുവരോടും മറ്റേതിന്റെ ചിറക് മറ്റേ ചുവരോടും തൊട്ടിരുന്നു. ആലയത്തിന്റെ നടുവിൽ അവയുടെ ചിറക് ഒന്നോടൊന്നു തൊട്ടിരുന്നു. കെരൂബുകളെയും അവൻ പൊന്നുകൊണ്ടു പൊതിഞ്ഞു. അന്തരാലയവും ബഹിരാലയവുമായ ആലയത്തിന്റെ ചുവരുകളിലെല്ലാം ചുറ്റും കെരൂബ്, ഈന്തപ്പന, വിടർന്ന പുഷ്പം എന്നിവയുടെ രൂപം കൊത്തി ഉണ്ടാക്കി. അന്തരാലയവും ബഹിരാലയവുമായ ആലയത്തിന്റെ തളവും അവൻ പൊന്നുകൊണ്ടു പൊതിഞ്ഞു. അവൻ അന്തർമന്ദിരത്തിന്റെ വാതിലിന് ഒലിവുമരംകൊണ്ട് കതക് ഉണ്ടാക്കി; കുറുമ്പടിയും കട്ടിളക്കാലും ചുവരിന്റെ അഞ്ചിൽ ഒരു അംശമായിരുന്നു. ഒലിവുമരം കൊണ്ടുള്ള കതകു രണ്ടിലും കെരൂബ്, ഈന്തപ്പന, വിടർന്ന പുഷ്പം എന്നിവയുടെ രൂപങ്ങൾ കൊത്തി പൊന്നു പൊതിഞ്ഞു; കെരൂബുകളിലും ഈന്തപ്പനകളിലും പൊന്ന് പൊതിഞ്ഞു. അവ്വണ്ണംതന്നെ അവൻ മന്ദിരത്തിന്റെ വാതിലിനും ഒലിവുമരംകൊണ്ടു കട്ടിള ഉണ്ടാക്കി; അതു ചുവരിന്റെ നാലിൽ ഒരംശമായിരുന്നു. അതിന്റെ കതകു രണ്ടും സരളമരംകൊണ്ടായിരുന്നു. ഒരു കതകിനു രണ്ടു മടക്കുപാളിയും മറ്റേ കതകിനു രണ്ടു മടക്കുപാളിയും ഉണ്ടായിരുന്നു. അവൻ അവയിൽ കെരൂബ്, ഈന്തപ്പന, വിടർന്ന പുഷ്പം എന്നിവയുടെ രൂപങ്ങളെ കൊത്തി രൂപങ്ങളുടെമേൽ പൊന്നു പൊതിഞ്ഞു. അവൻ അകത്തെ പ്രാകാരം ചെത്തിയ കല്ലുകൊണ്ടു മൂന്നു വരിയും ദേവദാരുകൊണ്ട് ഒരു വരിയുമായിട്ടു പണിതു. നാലാം ആണ്ടു സീവ്മാസത്തിൽ യഹോവയുടെ ആലയത്തിന് അടിസ്ഥാനം ഇടുകയും പതിനൊന്നാം ആണ്ട് എട്ടാം മാസമായ ബൂൽമാസത്തിൽ ആലയം അതിന്റെ സകല ഭാഗങ്ങളുമായി അതിന്റെ മാതൃകപ്രകാരമൊക്കെയും പണിതു തീർക്കുകയും ചെയ്തു. അങ്ങനെ അവൻ ഏഴാണ്ടുകൊണ്ട് അതു പണിതുതീർത്തു.