അനന്തരം വേശ്യമാരായ രണ്ടു സ്ത്രീകൾ രാജാവിന്റെ അടുക്കൽ വന്ന് അവന്റെ മുമ്പാകെ നിന്നു. അവരിൽ ഒരുത്തി പറഞ്ഞത്: തമ്പുരാനേ, അടിയനും ഇവളും ഒരു വീട്ടിൽ പാർക്കുന്നു; ഞങ്ങൾ പാർക്കുന്ന വീട്ടിൽവച്ച് ഞാൻ ഒരു കുഞ്ഞിനെ പ്രസവിച്ചു. ഞാൻ പ്രസവിച്ചതിന്റെ മൂന്നാം ദിവസം ഇവളും പ്രസവിച്ചു; ഞങ്ങൾ ഒന്നിച്ചായിരുന്നു; ഞങ്ങൾ രണ്ടു പേരും ഒഴികെ ആ വീട്ടിൽ മറ്റാരും ഞങ്ങളോടുകൂടെ ഉണ്ടായിരുന്നില്ല. എന്നാൽ രാത്രി ഇവൾ തന്റെ മകന്റെമേൽ കിടന്നുപോയതുകൊണ്ട് അവൻ മരിച്ചുപോയി. അവൾ അർധരാത്രി എഴുന്നേറ്റു, അടിയൻ ഉറങ്ങുന്ന സമയം, അടിയന്റെ അരികെനിന്ന് അടിയന്റെ മകനെ എടുത്ത് അവളുടെ പള്ളയ്ക്കലും അവളുടെ മരിച്ച മകനെ അടിയന്റെ പള്ളയ്ക്കലും കിടത്തി. രാവിലെ കുഞ്ഞിനു മുലകൊടുപ്പാൻ അടിയൻ എഴുന്നേറ്റപ്പോൾ അതു മരിച്ചിരിക്കുന്നതു കണ്ടു; വെളിച്ചമായശേഷം അടിയൻ സൂക്ഷിച്ചുനോക്കിയാറെ അത് അടിയൻ പ്രസവിച്ച കുഞ്ഞല്ല. അതിനു മറ്റേ സ്ത്രീ: അങ്ങനെയല്ല; ജീവനുള്ളത് എന്റെ കുഞ്ഞ്; മരിച്ചതു നിന്റെ കുഞ്ഞ് എന്നു പറഞ്ഞു. ഇവളോ: മരിച്ചതു നിന്റെ കുഞ്ഞ്; ജീവനുള്ളത് എന്റെ കുഞ്ഞ് എന്നു പറഞ്ഞു. ഇങ്ങനെ അവർ രാജാവിന്റെ മുമ്പാകെ തമ്മിൽ വാദിച്ചു. അപ്പോൾ രാജാവ് കല്പിച്ചത്: ജീവനുള്ളത് എന്റെ കുഞ്ഞ്; മരിച്ചതു നിന്റെ കുഞ്ഞ് എന്ന് ഇവൾ പറയുന്നു; അങ്ങനെയല്ല, മരിച്ചതു നിന്റെ കുഞ്ഞ്; ജീവനുള്ളത് എന്റെ കുഞ്ഞ് എന്നു മറ്റേവൾ പറയുന്നു. ഒരു വാൾ കൊണ്ടുവരുവിൻ എന്നു രാജാവ് കല്പിച്ചു. അവർ ഒരു വാൾ രാജസന്നിധിയിൽ കൊണ്ടുവന്നു. അപ്പോൾ രാജാവ്: ജീവനുള്ള കുഞ്ഞിനെ രണ്ടായി പിളർന്നു പാതി ഒരുത്തിക്കും പാതി മറ്റേവൾക്കും കൊടുപ്പിൻ എന്നു കല്പിച്ചു. ഉടനെ ജീവനുള്ള കുഞ്ഞിന്റെ അമ്മ തന്റെ കുഞ്ഞിനെക്കുറിച്ച് ഉള്ളു കത്തുകകൊണ്ട് രാജാവിനോട്: അയ്യോ! എന്റെ തമ്പുരാനേ ജീവനുള്ള കുഞ്ഞിനെ കൊല്ലരുതേ; അതിനെ അവൾക്കു കൊടുത്തുകൊൾവിൻ എന്നു പറഞ്ഞു. മറ്റേവളോ: എനിക്കും വേണ്ടാ, നിനക്കും വേണ്ടാ; അതിനെ പിളർക്കട്ടെ എന്നു പറഞ്ഞു. അപ്പോൾ രാജാവ്: ജീവനുള്ള കുഞ്ഞിനെ കൊല്ലരുത്; അവൾക്കു കൊടുപ്പിൻ; അവൾ തന്നെ അതിന്റെ തള്ള എന്നു കല്പിച്ചു. രാജാവ് കല്പിച്ച വിധി യിസ്രായേലൊക്കെയും കേട്ടു. ന്യായപാലനം ചെയ്വാൻ ദൈവത്തിന്റെ ജ്ഞാനം രാജാവിന്റെ ഉള്ളിൽ ഉണ്ട് എന്നു കണ്ട് അവനെ ഭയപ്പെട്ടു.
1 രാജാക്കന്മാർ 3 വായിക്കുക
കേൾക്കുക 1 രാജാക്കന്മാർ 3
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 രാജാക്കന്മാർ 3:16-28
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ